കലൂരിലെ ബോൾ ബോയ്സിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് ഫസ്റ്റ് ടീം വരെ, ഐമനും അസ്ഹറും, അഭിമുഖം

Wasim Akram

Picsart 22 09 21 21 54 14 970
Download the Fanport app now!
Appstore Badge
Google Play Badge 1

“ആറാം ക്ലാസ് മുതൽ കേരള ബ്ലാസ്റ്റേഴ്സ് ഞങ്ങൾക്ക് ഒപ്പം ഉണ്ട്”

കേരള ബ്ളാസ്റ്റേഴ്‌സ് യുവതാരങ്ങൾ ആയ മുഹമ്മദ് അയ്‌മനും, മുഹമ്മദ് അസ്ഹറും ഫാൻപോർട്ടുമായി  സംസാരിക്കുന്നു. ലക്ഷദ്വീപ് സ്വദേശികൾ ആയ ഇരട്ട സഹോദരങ്ങൾ തങ്ങളുടെ ഇത് വരെയുള്ള കരിയറിനെക്കുറിച്ചും ഇനിയുള്ള ലക്ഷ്യങ്ങളെക്കുറിച്ചും ഫാൻപോർട്ടുമായി മനസ്സ് തുറന്നു. ലക്ഷദ്വീപ് പോലൊരു ചെറിയ പ്രദേശത്ത് നിന്നു മാതാപിതാക്കളും കുടുംബവും നൽകിയ നിറഞ്ഞ പിന്തുണയുടെ ബലത്തിൽ വളരെ ചെറുപ്പത്തിൽ തന്നെ ബ്ളാസ്റ്റേഴ്‌സ് അക്കാദമി തുടങ്ങിയ അന്ന് മുതൽ അക്കാദമിയിൽ ഇടം നേടിയ അവർ പടിപടിയായി ഉയർന്നു വരികയായിരുന്നു.

കേരള ബ്ലാസ്റ്റേഴ്സ്

ലണ്ടനിൽ നടന്ന പ്രീമിയർ ലീഗ് നെക്സ്റ്റ് ജെൻ കപ്പിൽ കളിച്ച ഇവർ കഴിഞ്ഞ ഡ്യൂറന്റ് കപ്പിൽ ബ്ളാസ്റ്റേഴ്‌സിന്റെ മഞ്ഞ ജെഴ്‌സിയിൽ മിന്നും പ്രകടനമായിരുന്നു നടത്തിയത്. അസ്ഹറിന്റെ പാസിൽ അയ്മൻ ഗോൾ നേടുന്നത് അടക്കം  ടൂർണമെന്റിൽ കാഴ്ചവെച്ച പ്രകടനങ്ങൾ അവർക്ക് റിസർവ് ടീമിൽ നിന്നു ഫസ്റ്റ് ടീമിലേക്ക് കഴിഞ്ഞ ദിവസം സ്ഥാന കയറ്റവും നേടി നൽകിയിരുന്നു. വിങ്ങർ ആയി അയ്‌മൻ തിളങ്ങുമ്പോൾ മധ്യനിരയിൽ മികവ് കാണിക്കുകയാണ് അസ്ഹർ. 19 വയസ്സായ ഇരുവരും ബ്ളാസ്റ്റേഴ്‌സ് ടീമിനൊപ്പം ബോൾ ബോയ്സ് ആയി തുടങ്ങി ഇന്ന് ഫസ്റ്റ് ടീമിൽ എത്തി നിൽക്കുകയാണ്.

ലക്ഷദ്വീപിനായി ഈ വർഷം സന്തോഷ് ട്രോഫി യോഗ്യത കളിച്ച ടീമിലും ഇരുവരും ഭാഗമായിരുന്നു. നിലവിൽ മഹാരാജാസ് കോളേജിൽ ബിരുദ വിദ്യാർത്ഥികൾ കൂടിയായ ഇരുവരും അവരുടെ ആഗ്രഹങ്ങളും സ്വപ്നവും പങ്ക് വെക്കുകയാണ് ഇവിടെ.

Picsart 22 09 21 20 47 51 120

ലക്ഷദ്വീപ് പോലെ ഒറ്റപ്പെട്ട ഒരു സ്ഥലത്തെ  പരിമിതികളില്‍ നിന്നു കേരള ബ്ളാസ്റ്റേഴ്‌സ് പോലൊരു ക്ലബിൽ എത്തിപ്പെടുക എത്രത്തോളം പ്രയാസകരമായിരുന്നു?

അയ്മൻ, അസ്ഹർ : ചേട്ടന്റെ പഠന സൗകര്യങ്ങള്‍ക്കായി  ഉപ്പക്ക് കൊച്ചിയിലേക്ക് സ്ഥലം മാറ്റം കിട്ടിയതാണ് ഞങ്ങൾക്ക് ബ്ളാസ്റ്റേഴ്‌സിൽ എത്തിപ്പെടാൻ നിമിത്തമായത്. ലക്ഷദ്വീപിൽ നിന്നു ബ്ളാസ്റ്റേഴ്‌സ് പോലുള്ള ക്ലബുകളിൽ എത്തുക ദ്വീപിന്റെ സാഹചര്യത്തിൽ പ്രയാസമുള്ള കാര്യമാണ്. സ്കൗട്ടിങ് സംവിധാനം ഒന്നും അവിടെ നിലവിലില്ല അതിനാൽ തന്നെ രണ്ടും കൽപ്പിച്ചു സാഹസത്തിനു തയ്യാറായാലെ എന്തെങ്കിലും നടക്കൂ.

ദ്വീപിൽ സമീപകാലത്ത് ലക്ഷദ്വീപ് ഫുട്‌ബോൾ അക്കാദമി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. എന്നാൽ അവിടെ മാത്രം ഒതുങ്ങുന്നവർക്ക് പുറത്ത് കളിച്ചു തുടങ്ങാതെ ബ്ലാസ്റ്റേഴ്സോ ഗോകുലമോ പോലുള്ള ക്ലബുകളുടെ ശ്രദ്ധ നേടാൻ പറ്റില്ല. ദ്വീപുകളിൽ നിന്നു പഠിക്കാൻ വൻകരയിൽ എത്തുന്നവർ അവിടുത്തെ സ്‌കൂൾ, കോളേജ് ടീമുകളിൽ കളിച്ചു മുന്നോട്ടു പോയാലെ വലിയ ക്ലബുകളിൽ എത്താൻ സാധിക്കുകയുള്ളൂ. നിലവിൽ ലക്ഷദ്വീപ് അത്രത്തോളം ആളുകളുടെ ശ്രദ്ധയിൽ ഇല്ല അതിനാൽ തന്നെ ദ്വീപിൽ നിന്നു പുറത്തേക്ക് വന്നു പ്രൊഫഷണൽ സമീപനം എടുത്താലെ ഇത് പോലുള്ള ക്ലബുകളിൽ എത്തുകയുള്ളൂ.

 

കേരള ബ്ലാസ്റ്റേഴ്‌സ്നിങ്ങളുടെ വളർച്ചയിൽ കുടുബത്തിന്റെ പങ്കിനെ പറ്റിയും ത്യാഗത്തെ പറ്റിയും നിങ്ങൾ മുമ്പ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. അവരുടെ സ്വാധീനം നിങ്ങളുടെ കരിയറിലും ജീവിതത്തിലും എത്രത്തോളം ഉണ്ട്?

അയ്മൻ, അസ്ഹർ : ഏതൊരു കായിക താരത്തിന്റെയും പ്രധാന കരുത്ത് അവരുടെ കുടുംബം ആണ്. ബാക്കിയുള്ളവരൊക്കെ നമ്മുടെ നേട്ടങ്ങൾ മാത്രമാണ് കാണുക, എന്നാൽ നമ്മുടെ പരാജയങ്ങളും താഴ്ചകളും നമ്മുടെ കുടുംബം ആയിരിക്കും കാണുക, അവർ തന്നെയാവും നമ്മെ ആദ്യമായി പിന്തുണക്കുന്നവരും. എല്ലാതരത്തിലും ഞങ്ങളുടെ പ്രചോദനവും കരുത്തും മാതാപിതാക്കളും സഹോദരങ്ങളും ഗോഡ് ഫാദറും അടക്കമുള്ള കുടുംബമാണ്. അവർ ഒപ്പം ഉണ്ടായതിനാൽ മാത്രമാണ് ഞങ്ങൾ ഇവിടെ വരെയെങ്കിലും എത്തിയത്.

സമീപകാലത്ത് ലക്ഷദ്വീപ് കായിക രംഗത്ത് ഏറെ ദേശീയ ശ്രദ്ധ നേടുന്നുണ്ട്. അത്ലറ്റിക്സിൽ മുബസ്സിന മുഹമ്മദ് ഫ്രാൻസിൽ അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കുന്നു, ദേശീയതലത്തിൽ ദ്വീപിലെ താരങ്ങളിൽ നിന്നു ശ്രദ്ധേയമായ പ്രകടനങ്ങൾ ഉണ്ടാവുന്നു. ലക്ഷദ്വീപിൽ കായികതാരം അല്ലെങ്കിൽ ഫുട്‌ബോൾ താരം ആവാൻ ആഗ്രഹിക്കുന്ന ഒരു കുട്ടിക്ക് നിങ്ങൾ എത്രത്തോളം പ്രചോദനം ആവും എന്നാണ് പ്രതീക്ഷ?

അയ്മൻ, അസ്ഹർ : ഒരു വർഷം മുമ്പ് ഞങ്ങളുടെ പഴയ പരിശീലകൻ ബേബി ജോഷി സാർ പരിശീലിപ്പിക്കുന്ന ലക്ഷദ്വീപ് ഫുട്‌ബോൾ അക്കാദമിയിൽ പോയിരുന്നു. അവിടുത്തെ പല കുട്ടികളും ഞങ്ങളോട് എങ്ങനെയാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കാൻ പറ്റുക, പുറത്ത് പോവാൻ പറ്റുക എന്നൊക്കെ വന്നു ചോദിച്ചിരുന്നു. പണ്ട് സുബ്രദോ മുഖർജി കഴിഞ്ഞാൽ കളി നിർത്തുക എന്ന നിലയിൽ നിന്നു അതിനു പുറത്ത് ഐ ലീഗ് കളിക്കണം, ഐ.എസ്.എൽ കളിക്കണം എന്ന ആഗ്രഹങ്ങൾ ദ്വീപിലെ കുട്ടികൾക്ക് ഇപ്പോൾ ഉണ്ട്. നാട്ടിൽ കളിച്ചു നടക്കുന്നതിൽ മാത്രം ഒതുങ്ങാതെ വലിയ ക്ലബുകളിൽ എത്തണം എന്ന ചിന്ത പലർക്കും ഉണ്ട്. അവരിൽ പലരും ഉപദേശങ്ങൾ ചോദിക്കുന്നുമുണ്ട്.

 

എല്ലാവർക്കും ആഗ്രഹങ്ങളും ഉണ്ട്. ലക്ഷദ്വീപിനെപ്പോലെ പ്രതിഭകൾ ചിലപ്പോൾ കേരളത്തിൽ തന്നെ കാണാൻ പറ്റില്ല, പലപ്പോഴും ലക്ഷദ്വീപിലെ ടീമുകളും ആയി സുബ്രദോ ഒക്കെ കളിക്കുമ്പോൾ  ഒരു പരിശീലന ക്യാമ്പ് പോലും കിട്ടാതെ ഇവർ എങ്ങനെയാണ് ഇത്രക്ക് മികച്ച രീതിയിൽ കളിക്കുന്നത് എന്നു ഇവിടുത്തെ ആളുകൾ അത്ഭുതപ്പെടുന്നത് ഒരുപാട് തവണ കണ്ടിട്ടുണ്ട്. അത്രക്ക് പ്രതിഭകൾ ദ്വീപിൽ ഉണ്ട്, എന്നാൽ അവരെ വളർത്തിയെടുക്കാനുള്ള സാഹചര്യമോ സൗകര്യങ്ങളോ നിലവിൽ ലക്ഷദ്വീപിൽ ഇല്ല.

സുബ്രദോയിൽ തിളങ്ങിയാലും  ദ്വീപുകാർ മാത്രമെ കാണുകയുള്ളൂ, അതിനാൽ തന്നെ അവരുടെ പ്രചോദനവും കുറയും. പിന്നെ ദ്വീപിൽ പലരും എല്ലാ സ്പോർട്സിലും കാലു വയ്ക്കും, ഇപ്പോൾ പക്ഷെ ഐ.എസ്.എൽ വന്നതിനു ശേഷം ഒരുപാട് പേർ ഫുട്‌ബോളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. അക്കാദമിയും മികച്ച പരിശീലകരും ഒക്കെ ഉള്ളതിനാൽ കുട്ടികൾക്ക് കൂടുതൽ പരിശീലനം ലഭിക്കുന്നു, എന്നാൽ കേരളത്തിൽ ലഭിക്കുന്ന സൗകര്യങ്ങൾ ദ്വീപിൽ ഇല്ല.  പ്രതിഭകൾ ഉണ്ട് അവരെ വളർത്തേണ്ട സാഹചര്യം ആണ് ദ്വീപിൽ ഉണ്ടാവേണ്ടത്.

Img 20220921 213940

ലക്ഷദ്വീപിന്റെ ആദ്യ സന്തോഷ് ട്രോഫി പ്രകടനം കണ്ട് പല പരിശീലകരും ഇത്രയും പരിശീലനം പോലും കിട്ടാതെ ദ്വീപുകാർ നടത്തുന്ന പ്രകടനം അത്ഭുതപ്പെടുത്തുന്നത് ആണെന്ന് പറയുന്നത് കേട്ടിട്ടുണ്ട്. എന്നാൽ ദ്വീപിലെ കുട്ടികൾക്ക് അതിനപ്പുറം എന്താണെന്ന് അറിയില്ല, ചിലപ്പോൾ നിങ്ങളുടെ വരവ് അതിൽ മാറ്റം ഉണ്ടാക്കും എന്നു പ്രതീക്ഷിക്കാം.

അയ്മൻ, അസ്ഹർ : കഴിഞ്ഞ സന്തോഷ് ട്രോഫി പ്രകടനം കണ്ടു പലരും അഭിനന്ദിച്ചിരുന്നു, നമുക്ക് പ്രതിഭകൾ ഉണ്ട് പക്ഷെ പരിശീലകരും പരിശീലന സൗകര്യവും അക്കാദമികളും ഉണ്ടാവണം. ലക്ഷദ്വീപ് അധികൃതർ കേരള ഫുട്‌ബോൾ അസോസിയേഷൻ, കേരള ബ്ളാസ്റ്റേഴ്‌സ് അക്കാദമി, സ്‌കോർ ലൈൻ തുടങ്ങിയവരുമായി സഹകരിച്ചു ഇവിടുത്തെ സാഹചര്യങ്ങൾ മെച്ചപ്പെടുത്തണം. ഇന്ത്യൻ താരങ്ങൾ യൂറോപ്പിൽ കളിക്കണമെങ്കിൽ അനുഭവിക്കുന്ന അത്ര ബുദ്ധിമുട്ട് നിലവിൽ ലക്ഷദ്വീപിൽ നിന്നു കേരള ബ്ളാസ്റ്റേഴ്‌സ് അല്ലെങ്കിൽ ഐ.എസ്.എൽ പോലൊരു വേദിയിൽ എത്താൻ ലക്ഷദ്വീപിലെ താരങ്ങൾ നേരിടുന്നുണ്ട്.

 

ജീവിതത്തിലും ഫുട്‌ബോൾ കരിയറിലും കേരള ബ്ലാസ്റ്റേഴ്‌സ് എന്ന ക്ലബ് എത്രത്തോളം സ്വാധീനം ചെലുത്തുന്നുണ്ട്?

അയ്മൻ, അസ്ഹർ : ആറാം ക്ലാസ് മുതലാണ് ഞങ്ങൾ ഫുട്‌ബോളിലേക്ക് മാത്രമായി ശ്രദ്ധ പതിപ്പിക്കുന്നത്. അതിനുമുമ്പ് ഫുട്‌ബോൾ, ക്രിക്കറ്റ് അങ്ങനെ പലതും മാറിമാറി കളിച്ചിരുന്നു. ആദ്യമായി ബ്ളാസ്റ്റേഴ്‌സ് അക്കാദമി സെലക്ഷനിൽ പങ്കെടുത്തു സ്‌കോളർഷിപ്പോടെ യോഗ്യത നേടിയ 7 പേരിൽ ഞങ്ങൾ രണ്ടു പേരും ഉണ്ടായിരുന്നു. അവിടെ നിന്നാണ് തുടക്കം . ആറാം ക്ലാസിൽ ഞങ്ങളുടെ കരിയർ തുടങ്ങുന്ന അന്ന് മുതൽ കേരള ബ്ളാസ്റ്റേഴ്‌സ് ഞങ്ങൾക്കൊപ്പമുണ്ട്.

അതിനു മുമ്പ് എസ്.എച് സ്‌കൂളിൽ രവി സാറിനു കീഴിലും, അതിനു ശേഷം ബേബി സാറിനു താഴെ സ്പോർട്സ് കൗൺസിൽ ടീമിലും കളിച്ചിരുന്നു. ആ സമയത്ത് തന്നെ ഫുട്‌ബോൾ സ്‌കൂളിൽ പരിശീലനവും ഉണ്ടായിരുന്നു. ബ്ളാസ്റ്റേഴ്‌സ് അക്കാദമിയിൽ തുടർന്ന് പടിപടിയായി അണ്ടർ 15, 16, 18 പിന്നെ റിസർവ് ടീം അങ്ങനെ ഉയർന്നു വരിക ആയിരുന്നു.

കേരള ബ്ലാസ്റ്റേഴ്സ്

കേരള ബ്ളാസ്റ്റേഴ്‌സ് ടീമിൽ ഇരുവരുടെയും റോൾ മോഡൽ ആരാണ്?

അയ്മൻ : അത് സഹലിക്കയാണ്.(സഹൽ അബ്ദു സമദ്)
അസ്ഹർ : എനിക്കും സഹലിക്ക തന്നെയാണ്, ഇഷ്ടതാരവും സഹലിക്കയാണ്.

യൂറോപ്പിന്റെ കാര്യം പറഞ്ഞപ്പോൾ ആണ്, നിങ്ങൾ ഇംഗ്ലണ്ടിൽ വച്ച് ലണ്ടനിൽ നടന്ന പ്രീമിയർ ലീഗ് നെക്സ്റ്റ് ജെൻ കപ്പിൽ കളിച്ചിരുന്നു. അവിടുത്തെ ടീമുകളും ആയി കളിച്ചപ്പോൾ ലഭിച്ച അനുഭവം എന്തായിരുന്നു? അവരുടെ ഫുട്‌ബോളും ആയി നമ്മുടെ ഫുട്‌ബോളിൽ എന്ത് വ്യത്യാസം ആണ് തോന്നിയത്?

അയ്മൻ, അസ്ഹർ : പലപ്പോഴും നമ്മുടെ ടീമും അവരുടെ ടീമുകളും ആയി കളി മികവിൽ വലിയ വ്യത്യാസം ഉണ്ടാവില്ല. പക്ഷെ അവർ നൽകുന്ന പരിശീലനവും അവർ കളിക്കുന്ന സാഹചര്യങ്ങളും അവർക്ക് ടെക്നിക്കൽ തലത്തിൽ വലിയ മുൻതൂക്കം നൽകുന്നുണ്ട്. പലപ്പോഴും ശാരീരിക ക്ഷമതയിൽ പിടിച്ചു നിൽക്കാൻ നമുക്കാവും. എന്നാൽ ചെറുപ്പത്തിൽ ഗ്രാസ് റൂട്ട് തലത്തിൽ അവർക്ക് ലഭിക്കുന്ന പരിശീലനങ്ങൾ അവർക്ക് കൂടുതൽ മേധാവിത്വം നൽകുന്നു. വർഷങ്ങളായി അത്തരം ഒരു രീതി പിന്തുടർന്നതിനാൽ ടെക്നിക്കൽ തലത്തിൽ അവർ വളരെ മുന്നിട്ടു നിൽക്കുന്നു. അതേപോലെ അക്കാദമിയിൽ വർഷങ്ങളോളം ഒരേ താരങ്ങൾ ഒന്നിച്ചു സമയം ചിലവഴിക്കുന്നതിന്റെ മുൻതൂക്കവും അവർക്ക് ലഭിക്കുന്നു.

കേരള ബ്ലാസ്റ്റേഴ്സ്

അതിനോടൊപ്പം തന്നെ ഈ അടുത്ത് കഴിഞ്ഞ ഡ്യൂറന്റ് കപ്പിലെ അനുഭവം എങ്ങനെയായിരുന്നു. വളരെ നല്ല ടീമുകളും ആയാണ് നിങ്ങൾ കളിച്ചത്. ബാഗ്ലൂർ, മുംബൈ ഒക്കെ മികച്ച ടീമിനെ തന്നെ കളത്തിൽ ഇറക്കി. നിങ്ങൾ തോൽക്കുന്നത് ഇന്ത്യയിലെ തന്നെ മികച്ച ക്ലബ്ബായ മൊഹമ്മദൻസിനോടാണ്. ടൂർണമെന്റിൽ അസ്ഹറിന്റെ പാസിൽ അയ്മൻ ഗോൾ അടിക്കുന്നു, അത് ടിവിയിൽ സ്വന്തം നാട്ടുകാർ അടക്കം കാണുന്നു. എങ്ങനെ ഉണ്ടായിരുന്നു ആ അനുഭവം?

അയ്മൻ : ഗോളിന്റെ കാര്യത്തിൽ ഇത് പോലുള്ള വലിയൊരു ടൂർണമെന്റിൽ അസ്ഹറിന്റെ പാസിൽ ഞാൻ ഗോൾ അടിക്കുന്നത് മാതാപിതാക്കളുടെ വലിയൊരു ആഗ്രഹം ആയിരുന്നു, അത് നടന്നതിൽ വലിയ സന്തോഷം ഉണ്ട്.

അയ്മൻ, അസ്ഹർ : പിന്നെ ദൈവാനുഗ്രഹവും ഗോഡ് ഫാദർ അടക്കമുള്ളവരുടെ അനുഗ്രഹവും ആണ് എല്ലാം. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ടൂർണമെന്റിൽ ഒന്നായ ഡ്യൂറന്റ് കപ്പ് ഞങ്ങൾക്ക് കഴിവ് തെളിയിക്കാൻ ലഭിച്ച മികച്ച വേദിയായിരുന്നു . ഇന്ത്യയിലെ വലിയ ക്ലബുകൾ കളിക്കുന്ന ടൂർണമെന്റിൽ തിളങ്ങാനായാൽ തന്നെ തങ്ങളുടെ പേര് ആളുകൾ ശ്രദ്ധിക്കും എന്നറിയാമായിരുന്നു. അവിടെ ഞങ്ങളുടെ മികവ് പുറത്ത് എടുത്തിട്ടുണ്ട് എന്നാണ് വിശ്വാസം.

ലക്ഷദ്വീപിൽ നിന്നു വരുന്ന ഒരു ഫുട്‌ബോൾ താരം ആവണം എന്നാഗ്രഹിക്കുന്ന കുട്ടിക്ക് നിങ്ങൾ നൽകുന്ന ഉപദേശം എന്താവും?

അയ്മൻ, അസ്ഹർ : സ്വയം വിശ്വസിക്കുക, പരമാവധി പരിശ്രമിച്ചു കൊണ്ടേയിരിക്കുക. മെസ്സി ആവട്ടെ നെയ്മർ ആവട്ടെ വലിയ താരങ്ങൾ എല്ലാം ഒരുപാട് ത്യാഗം സഹിച്ചാണ് ഈ നിലയിൽ എത്തിയത്. ഏത് കായിക ഇനത്തിൽ ഏത് ഇതിഹാസത്തെ എടുത്താലും അവർ കഠിനമായി അദ്ധ്വാനിച്ചു ത്യാഗം സഹിച്ചു ആണ് ഇവിടെ വരെ എത്തിയത് എന്നു കാണാം. സ്വയം പ്രചോദനം കണ്ടത്തി പരിശ്രമിച്ചു കൊണ്ടേയിരിക്കുക നിങ്ങളുടെ സമയം വരും. പലപ്പോഴും നിരാശ വന്നേക്കും പ്രത്യേകിച്ച് ലക്ഷദ്വീപിന്റെ സാഹചര്യത്തിൽ പക്ഷെ പരിശ്രമം തുടരുക. ദ്വീപുകാർ ആണെങ്കിൽ കേരളത്തിലോ മറ്റ് എവിടേയോ പഠിക്കാൻ വരുമ്പോൾ അവിടുത്തെ സ്‌കൂൾ, കോളേജ് ടീമിൽ കയറാൻ നോക്കുക. ഒരുപാട് പേർ ഫുട്‌ബോളിലേക്ക് വരുന്ന സമയം ആണ് ഇത് എല്ലാം മറന്നു ശ്രമിച്ചാൽ മാത്രമെ ജയിക്കാൻ ആവൂ. വെറുതെ കളിക്കാതെ ഫുട്‌ബോൾ പാഷൻ ആയി എടുത്തു പരമാവധി ശ്രമിക്കുക, നിങ്ങളുടെ സമയം വരും.

കേരള ബ്ലാസ്റ്റേഴ്സ്ഇത് വരെ കേരള ബ്ളാസ്റ്റേഴ്‌സ് ഐ.എസ്.എൽ ടീമിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നിങ്ങൾ ഉണ്ടാവും എന്നു കേൾക്കുന്നുണ്ട്. ഈ വർഷം ഐ.എസ്.എലിൽ അരങ്ങേറാൻ ആവും എന്ന പ്രതീക്ഷയുണ്ടോ?

അയ്മൻ, അസ്ഹർ : ഇൻഷ അള്ളാ! ഐ.എസ്.എൽ കളിക്കണം. കേരള ബ്ളാസ്റ്റേഴ്‌സ് ഞങ്ങളുടെ സ്വപ്നക്ലബ് ആണ്. ബോൾ ബോയ്സ് ആയിട്ടും, താരങ്ങൾക്ക് ഒപ്പം കൈ പിടിച്ചു നടന്നും, ഫൈനലിൽ ഐ.എസ്.എൽ കിരീടം എടുത്തു കൊണ്ട് വന്ന സമയത്തും ഒക്കെയുള്ള ഏറ്റവും വലിയ ആഗ്രഹം ആണ് ഈ വലിയ കാണികൾക്ക് മുന്നിൽ ബ്ളാസ്റ്റേഴ്‌സിന് ആയി അരങ്ങേറ്റം നടത്തണം, ഗോൾ നേടണം, കളി മികവ് കാണിച്ചു കൊടുക്കണം എന്നതൊക്കെ.

നിലവിൽ ഐ.എസ്.എൽ കളിക്കാനുള്ള മികവും പ്രതിഭയും ഞങ്ങൾക്ക് ഉണ്ട് എന്ന് കാണിച്ചു കൊടുക്കാനുള്ള സമയവും അവസരവും ആണ് ഞങ്ങൾക്ക് തുറന്നു കിട്ടിയത്. ഇൻഷ അള്ളാ, ഈ വർഷം തന്നെ ഐ.എസ്.എൽ കളിക്കണം.

എന്താണ് ഭാവി പ്രതീക്ഷകൾ? ഒരു 10 വർഷത്തിന് അപ്പുറം കരിയർ എങ്ങനെ ഉണ്ടാവും എന്നു കരുതുന്നു.

അയ്മൻ, അസ്ഹർ : ഞങ്ങളുടെ ആഗ്രഹം ഇന്ത്യൻ സൂപ്പർ ലീഗിന് അപ്പുറം യൂറോപ്യൻ ഫുട്‌ബോൾ ആണ്. ലാ ലീഗ, പ്രീമിയർ ലീഗ് എന്നിവയിൽ കളിക്കണം എന്നതാണ് സ്വപ്നം. പലപ്പോഴും പലരും അതൊന്നും നടക്കില്ല എന്നു ഞങ്ങളോട് പറയാറുണ്ട്. ഇന്ത്യക്കാർ ആണ് നമ്മുക്ക് അതൊന്നും നടക്കില്ല എന്ന് പലരും പറയാറുണ്ട്, അവർക്ക് അത് പറയാം.എന്നാൽ 19 വയസ്സ് മാത്രമാണ് ഞങ്ങൾക്ക്, ഇനിയും സമയമുണ്ട്. ഐ.എസ്.എൽ കളിച്ചു തെളിയിച്ചു യൂറോപ്പിൽ എത്തുക ആണ് ഞങ്ങളുടെ ലക്ഷ്യം, അതിനാണ് ഞങ്ങൾ പരിശ്രമിക്കുന്നത്. ഞങ്ങളുടെ പൊസിഷനിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരമാവുകയാണ് ഞങ്ങളുടെ ലക്ഷ്യം.

കേരള ബ്ലാസ്റ്റേഴ്സ്

ഉറപ്പായിട്ടും അത് നടക്കട്ടെ എന്നു ആശംസിക്കുന്നു. ചിലപ്പോൾ ക്ലീഷേ ചോദ്യം ആവും, മെസ്സി ഓർ റൊണാൾഡോ?

അയ്മൻ : മെസ്സി
അസ്ഹർ : മെസ്സി, എന്റെ പ്രിയതാരം പക്ഷെ ചാവിയാണ്.
അയ്മൻ : എന്റെ പ്രിയതാരം നെയ്‌മർ ജൂനിയർ ആണ്.

രണ്ടുപേരുടെയും ഇഷ്ട ഫുട്‌ബോൾ ക്ലബ് കേരള ബ്ലാസ്റ്റേഴ്സ് അല്ലെങ്കിൽ ഏതാണ്?

അയ്മൻ, അസ്ഹർ : ഉറപ്പായിട്ടും എഫ്.സി ബാഴ്‌സലോണ.

ലക്ഷദ്വീപിൽ നമുക്ക് അറിയാവുന്നത് പോലെ ഫുട്‌ബോൾ ലോകകപ്പ് ഒരു വലിയ ആഘോഷം ആണ്. അർജന്റീന, ബ്രസീൽ തർക്കം ഒക്കെ സ്ഥിര കാഴ്ചയാണ്. ഇന്ത്യ കഴിഞ്ഞാൽ പ്രിയപ്പെട്ട ദേശീയ ടീം ഏതാണ്?

അസ്ഹർ : അർജന്റീന
അയ്മൻ : ബ്രസീൽ ആണ് എന്റെ ടീം, ബാപ്പയുടെ ഇഷ്ടതാരം മെസ്സിയാണ്, ബാപ്പയും അസ്ഹറും അർജന്റീന ആണ്, ഞാനും ഇക്കയും ബ്രസീലും.

ഫുട്‌ബോൾ അല്ലെങ്കിൽ ഇരുവരുടെയും പ്രിയപ്പെട്ട സ്പോർട്സ് ഏതാണ്?

അയ്മൻ, അസ്ഹർ : ക്രിക്കറ്റ്

ഇഷ്ട ക്രിക്കറ്റ് താരം?

അസ്ഹർ : സഞ്ജു സാംസൺ
അയ്മൻ : രോഹിത് ശർമ്മ

ഫുട്‌ബോളിന് പുറത്തുള്ള ജീവിതം എങ്ങനെ ആസ്വദിക്കുന്നു?

അയ്മൻ, അസ്ഹർ : കോളേജ് ജീവിതവും അതിന്റെ സന്തോഷങ്ങളും ആസ്വദിക്കുന്നു. കേരളത്തിലെ തന്നെ ഏറ്റവും മികച്ച കോളേജ് ആയ മഹാരാജാസ് കോളേജിൽ ആണ് പഠിക്കുന്നത്, അവിടുത്തെ പഠനവും ജീവിതവും ആസ്വദിക്കുന്നു.

ഏതായാലും ഫാൻപോർട്ടിനോട് സംസാരിച്ചതിൽ ഒരുപാട് നന്ദി രേഖപ്പെടുത്തുന്നു. ഭാവിയിൽ എല്ലാ ആഗ്രഹങ്ങളും സ്വപ്നങ്ങളും യാഥാർത്ഥ്യം ആവട്ടെ എന്നും ആശംസിക്കുന്നു