2019ൽ നടക്കേണ്ട ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ഈജിപ്തിൽ വെച്ച് നടക്കും. ഇന്ന് നടന്ന വോട്ടിങ്ങിൽ സൗത്ത് ആഫ്രിക്കയെ വോട്ടിങ്ങിലൂടെ മറികടന്നാണ് ഈജിപ്ത് ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിനുള്ള ആതിഥേയത്വം ഉറപ്പിച്ചത്. ഈജിപ്തിന് 16 വോട്ടുകൾ ലഭിച്ചപ്പോൾ വെറും ഒരു വോട്ട് മാത്രമാണ് സൗത്ത് ആഫ്രിക്കക്ക് ലഭിച്ചത്.
നേരത്തെ കാമറൂൺ ആയിരുന്നു ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിനു ആതിഥേയത്വം വഹിക്കേണ്ടിയിരുന്നത്. എന്നാൽ ടൂര്‍ണമെന്റിനുള്ള തയ്യാറെടുപ്പിൽ രാജ്യം പിറകിൽ പോയതോടെ പുതിയ രാജ്യത്തെ കണ്ടുപിടിക്കാൻ കോൺഫെഡറേഷൻ ഓഫ് ആഫ്രിക്കൻ ഫുട്ബോൾ തീരുമാനിക്കുകയായിരുന്നു. 24 രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റിന് ഒരുങ്ങാൻ ഈജിപ്തിന് വെറും ആറ് മാസത്തെ സമയം മാത്രമാണ് ഉള്ളത്.
നേരത്തെ 2006ൽ ഈജിപ്ത് ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിനു ആതിഥേയത്വം വഹിച്ചിരുന്നു. അന്ന് ഈജിപ്ത് തന്നെയായിരുന്നു കിരീടം ചൂടിയതും. ഇത്തവണ മുഹമ്മദ് സലയുടെ നേതൃത്വത്തിൽ സ്വന്തം കാണികൾക്ക് മുൻപിൽ കിരീടം നേടാനുള്ള സുവർണാവസരമാണ് ഈജിപ്തിന് കൈ വന്നിരിക്കുന്നത്. 5 നഗരങ്ങളിലായി 7 സ്റ്റേഡിയങ്ങളിൽ വെച്ച് മത്സരം നടത്താനാണ് ഈജിപ്ത് ആലോചിക്കുന്നത്.