റയൽ മാഡ്രിഡിൽ നിന്ന് ലോണിൽ കളിക്കുന്ന ബ്രാഹിം ഡയസിന്റെ ലോൺ ഡീൽ നീട്ടാൻ എസി മിലാൻ നോക്കുകയാണെന്ന് ക്ലബ്ബിന്റെ ഡയറക്ടർ മസാറ പറഞ്ഞു. മിലാനിൽ മികച്ച പ്രകടനം നടത്തുന്ന സ്പാനിഷ് അറ്റാക്കിംഗ് മിഡ്ഫീൽഡറുടെ ലോൺ കരാർ നിലവിലെ സീസണിന്റെ അവസാനം വരെയാണ് ഉള്ളത്. ഡയസിനെ റയൽ മാഡ്രിഡ് തിരികെ ടീമിൽ എടുക്കാൻ സാധ്യതകൾ ഉണ്ട്.
“ബ്രാഹിം മിലാനിൽ വളരെ നന്നായി കളിച്ചു. ഞങ്ങൾക്ക് റയൽ മാഡ്രിഡുമായി കൂടിക്കാഴ്ച നടത്താനും ചർച്ച നടത്താനും ആഗ്രഹമുണ്ട്,” മസാറ സ്കൈ സ്പോർട്സിനോട് പറഞ്ഞു. “ഞങ്ങൾക്ക് ബ്രാഹിം ഡയസിനെ നിലനിർത്തണം, ഞങ്ങൾ അവനെ വിശ്വസിക്കുന്നു. റയലുമായി ചർച്ച നടത്താനുള്ള സാഹചര്യം ഉണ്ടാകുമോ എന്ന് നോക്കാം.” അദ്ദേഹം പറഞ്ഞു.
2020 സെപ്റ്റംബറിൽ റയൽ മാഡ്രിഡിൽ നിന്ന് രണ്ട് വർഷത്തെ ലോൺ ഡീലിൽ ആയിരുന്നു ഡയസ് മിലാനിലേക്ക് എത്തിയത്. മിലാനൊപ്പം ലീഗ് കിരീടം നേടാൻ കഴിഞ്ഞ സീസണിൽ ഡയസിനായിരുന്നു.