സാൻ്റിയാഗോ ബെർണബ്യൂവിൽ നടന്ന ആവേശകരമായ എൽ ക്ലാസിക്കോയിൽ ചിരവൈരികളായ എഫ്‌സി ബാഴ്‌സലോണയെ 2-1ന് തകർത്ത് റയൽ മാഡ്രിഡ് ലാ ലിഗയിൽ ഒന്നാം സ്ഥാനത്ത് ആധിപത്യം സ്ഥാപിച്ചു. എംബാപ്പെ, ജൂഡ് ബെല്ലിംഗ്ഹാം എന്നിവരുടെ ഗോളുകളാണ് വിജയം ഉറപ്പിച്ചത്.

മത്സരത്തിൻ്റെ 22-ാം മിനിറ്റിൽ കൈലിയൻ എംബാപ്പെയിലൂടെ ആതിഥേയർ സ്കോറിംഗ് തുറന്നു. ജൂഡ് ബെല്ലിംഗ്ഹാമിൻ്റെ മികച്ച അസിസ്റ്റിൽ നിന്ന് എംബാപ്പെ അനായാസം ഫിനിഷ് ചെയ്യുകയായിരുന്നു. 38-ാം മിനിറ്റിൽ മാർക്കസ് റാഷ്‌ഫോർഡ് നൽകിയ പാസിൽ ഫെർമിൻ ലോപ്പസ് ഗോൾ നേടി സ്കോർ സമനിലയിലാക്കി ബാഴ്സലോണ മികച്ച മറുപടി നൽകി. എന്നാൽ എഡർ മിലിറ്റാവോയുടെ കൃത്യമായ പാസിൽ നിന്ന് ബെല്ലിംഗ്ഹാം ഗോൾ നേടി, വീണ്ടും ലീഡ് തിരിച്ചുപിടിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ പെനാൽറ്റിയിലൂടെ ലീഡ് ഉയർത്താൻ മാഡ്രിഡിന് അവസരം ലഭിച്ചെങ്കിലും ബാഴ്‌സലോണയുടെ ഗോൾകീപ്പർ ഷെസ്നി എംബപ്പെയുടെ കിക്ക് തടഞ്ഞു. ഈ തിരിച്ചടി ഉണ്ടായിട്ടും, മാഡ്രിഡ് ആധിപത്യം തുടർന്നു,
ഈ വിജയത്തോടെ റയൽ മാഡ്രിഡ് ലാ ലിഗയിൽ തങ്ങളുടെ ലീഡ് അഞ്ച് പോയിൻ്റായി ഉയർത്തി. 10 മത്സരങ്ങളിൽ നിന്ന് അവർക്ക് 27 പോയിൻ്റുണ്ട്. 22 പോയിൻ്റുമായി ബാഴ്‌സലോണ രണ്ടാം സ്ഥാനത്ത് തുടരുന്നു.














