ഈ സീസൺ സെക്കൻഡ് ഡിവിഷൻ ഐലീഗിൽ നിന്ന് ഒരു ക്ലബ് പിന്മാറി. മേഘാലയിലെ ക്ലബായ ലാംഗ്സ്നിംഗ് എഫ് സിയാണ് തങ്ങൾ സെക്കൻഡ് ഡിവിഷൻ ഐലീഗിൽ നിന്ന് പിന്മാറുന്നതായി ഔദ്യോഗികമായി അറിയിച്ചത്. എന്തിനാണ് പിന്മാറുന്നത് എന്ന് ക്ലബ് വ്യക്തമാക്കിയിട്ടില്ല. ക്ലബ് ഇത്തവണ സെക്കൻഡ് ഡിവിഷൻ ഐലീഗ് കളിക്കില്ല എന്ന് ടീം അധികൃതർ ക്ലബിലെ മുഴുവൻ താരങ്ങളെയും എ ഐ എഫ് എഫിനെയും ഔദ്യോഗികമായി അറിയിച്ചു.
ഇന്നലെ എ ഐ എഫ് എഫ് പുറത്ത് വിട്ട സെക്കൻഡ് ഡിവിഷനായി അപേക്ഷ കൊടുത്ത 23 ടീമുകളിൽ ഒന്നായിരുന്നു ലാംഗ്സ്നിംഗ്. പക്ഷെ അപ്രതീക്ഷിതമായി ക്ലബ് ലീഗിൽ നിന്ന് പിന്മാറുകയായിരുന്നു. ഈ സീസണിൽ ഇല്ലെങ്കിലും വരും സീസണുകളിൽ ക്ലബ് സെക്കൻഡ് ഡിവിഷനിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ഇത്തവണത്തെ സെക്കൻഡ് ഡിവിഷൻ ഐലീഗിനായി ഒരുങ്ങുന്ന ടീമുകളുടെ എണ്ണം 22 ആയി കുറഞ്ഞു. ഡിസംബറിൽ ആരംഭിക്കുന്ന ലീഗിൽ എത്ര ടീമുകൾ കളിക്കും എന്ന് എ ഐ എഫ് എഫിന്റെ ലൈസൻസിങ് പരിശോധനകൾക്ക് ശേഷം മാത്രമെ തീരുമാനം ആകു. മേഘാലയിൽ നിന്നുള്ള ഏക ടീമായിരുന്നു ലാംഗ്സ്നിംഗ്.