ജനുവരി 30 2008, ഓൾഡ് ട്രാഫോഡിൽ നിലവിലെ പ്രീമിയർ ലീഗ് ജേതാക്കൾ ആയിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് പോർട്‌സ്മൗത്തിനെ നേരിടുന്നു. ഇന്നത്തെ കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഡേവിഡ് ജെയിംസ് തന്റെ 500ആം പ്രീമിയർ ലീഗ് മത്സരത്തിന് ഇറങ്ങുന്നു എന്ന പ്രത്യേകതയും ഈ മൽസരത്തിനുണ്ടായിരുന്നു. എന്നാൽ ഡേവിഡ് ജെയിംസ് ഒരിക്കലും മറക്കാൻ ഇടയില്ലാത്ത “നൈറ്റ് മേയ്ർ” സമ്മാനിച്ചാണ് ഈ മത്സരം അവസാനിച്ചത്.
മത്സരം തുടങ്ങി പത്താം മിനിറ്റിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് എടുക്കുന്നു. നാനി-സ്‌കോൾസ്-റൊണാൾഡോ ചേർന്ന് നടത്തിയ ഒരു മുന്നേറ്റം ഗോളിൽ എത്തിച്ചു റൊണാൾഡോ തന്നെ പട്ടിക തുറന്നു.
3 മിനിറ്റിനു ശേഷമാണ് ഫുട്ബാൾ ലോകം ഒരിക്കലും മറക്കാൻ ഇടയില്ലാത്ത ഗോൾ പിറന്നത്. പോർട്‌സ്മൗത്തിന്റെ ഗോൾ പോസ്റ്റിൽ നിന്നും 30 വാര അകലെ വെച്ചു മാഞ്ചസ്റ്റർ യുണൈറ്റഡിന് ഫ്രീകിക്ക് ലഭിക്കുന്നു, കിക്ക് എടുക്കാനായി റൊണാൾഡോ തയ്യാറായി നിന്നു. ഡേവിഡ് ജെയിംസ് തന്റെ പ്രതിരോധ മതിൽ തയ്യാറാക്കി കിക്ക് നേരിടാൻ തയ്യാറായി നിന്നു, തുടർന്നു നടന്നത് ചരിത്രം.
1️⃣0️⃣ years ago today, @Cristiano fired home this unstoppable free-kick… 🚀 pic.twitter.com/sXA01RtJex
— Manchester United (@ManUtd) January 30, 2018
റഫറി മാർട്ടിൻ അറ്റ്കിൻസൺ കിക്ക് എടുക്കാനായി വിസിൽ മുഴക്കിയതും ബുള്ളറ്റ് കണക്കെ റൊണാൾഡോയുടെ ഷോട്ട് പോർട്‌സ്മൗത്ത് വലയിൽ പതിച്ചു. പോംപെയ്സിന്റെ പ്രതിരോധ നിരക്കാരുടെ തലയുടെ മുകളിലൂടെ 70 മണിക്കൂറിൽ കിലോമീറ്റർ വേഗതയിൽ പാഞ്ഞ പന്ത് ഡേവിഡ് ജെയിംസിനെ നോക്കു കുത്തിയാക്കി വലയിൽ പതിച്ചു. റൊണാൾഡോയുടെ ഇരട്ട കോളുകളുടെ മികവിൽ വിജയിച്ച യുണൈറ്റഡ് പ്രീമിയർ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് തിരിചെത്തുകയും തുടർന്ന് കിരീടം നേടുകയും ചെയ്തിരുന്നു.
2007-08 സീസണിൽ 42 ഗോളുകൾ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിങർ ആയിരുന്ന ക്രിസ്റ്റയാനോ റൊണാൾഡോ അടിച്ചു കൂട്ടിയത്. തുടർന്ന് റൊണാൾഡോയുടെ മികവിൽ ചെൽസിയെ തോൽപ്പിച്ചു ചാമ്പ്യൻസ് ലീഗ് കിരീടവും മാഞ്ചസ്റ്റർ യുണൈറ്റഡ് നേടി. ആ വർഷത്തെ ബാലൻഡോർ അവാർഡും റൊണാൾഡോക്ക് തന്നെയായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial