FIFA World CupFeatured

ഇഞ്ചുറി ടൈം നാടകീയത; ക്രോയേഷ്യയെ വീഴ്ത്തി പോർച്ചുഗൽ പ്രീ-ക്വാർട്ടറിൽ

Resizedimage 2026 07 03 07 24 23 7566[1]

ടൊറന്റോ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ക്രോയേഷ്യയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് പോർച്ചുഗൽ ലോകകപ്പിന്റെ പ്രീ-ക്വാർട്ടറിലേക്ക് മുന്നേറി. കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്ന് കരുതിയിരുന്ന ഇഞ്ചുറി ടൈമിൽ പകരക്കാരനായി ഇറങ്ങിയ ഗോൺസാലോ റാമോസ് നേടിയ തകർപ്പൻ ഹെഡ്ഡർ ഗോളാണ് പോർച്ചുഗലിന് നാടകീയ വിജയം സമ്മാനിച്ചത്.

നേരത്തെ ഇവാൻ പെരിസിച്ചിന്റെ ഗോളിൽ ക്രോയേഷ്യ മുന്നിലെത്തിയപ്പോൾ, സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പെനാൽറ്റി ഗോളിലൂടെയാണ് പോർച്ചുഗൽ മത്സരത്തിലേക്ക് തിരിച്ചുവന്നത്.


മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരുടീമുകളും പ്രതിരോധത്തിന് ഊന്നൽ നൽകിയതോടെ ഗോളുകളൊന്നും പിറന്നില്ല. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽത്തന്നെ തങ്ങളുടെ കൃത്യതയാർന്ന കളിശൈലിക്ക് ക്രോയേഷ്യ പ്രതിഫലം കണ്ടെത്തി. ജോസിപ് സ്റ്റാനിസിച്ചിന്റെ മനോഹരമായ പാസിൽ നിന്ന് തകർപ്പൻ ഷോട്ടിലൂടെ പെരിസിച്ച് ക്രോയേഷ്യയെ മുന്നിലെത്തിച്ചു (1-0). ഗോൾ വഴങ്ങിയതോടെ റോബർട്ടോ മാർട്ടിനസിന്റെ പോർച്ചുഗൽ ആക്രമണം ശക്തമാക്കി.

66-ാം മിനിറ്റിൽ ലഭിച്ച ഒരു വിഎആർ റിവ്യൂ പോർച്ചുഗലിന് അനുകൂലമായി പെനാൽറ്റി സമ്മാനിച്ചു. കിക്ക് എടുത്ത നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഒട്ടും പിഴച്ചില്ല. ഡൊമിനിക് ലിവകോവിച്ചിനെ കാഴ്ചക്കാരനാക്കി റൊണാൾഡോ പന്ത് വലയിലെത്തിച്ചു (1-1).
മത്സരം അവസാന നിമിഷങ്ങളിലേക്ക് കടക്കവെ ഇഞ്ചുറി ടൈമിൽ പോർച്ചുഗലിന്റെ വിജയഗോൾ പിറന്നു. റാഫേൽ ലിയാവോ ബോക്സിലേക്ക് നൽകിയ കൃത്യതയാർന്ന ക്രോസ് ഫാർ പോസ്റ്റിൽ നിലയുറപ്പിച്ചിരുന്ന ഗോൺസാലോ റാമോസ് മനോഹരമായൊരു ഹെഡ്ഡറിലൂടെ ക്രോയേഷ്യൻ വലയിലാക്കുകയായിരുന്നു. ഈ ഗോളോടെ പോർച്ചുഗൽ ക്യാമ്പും ആരാധകരും ഒരുപോലെ ആവേശത്തിലാണ്ടു.


ഇഞ്ച്വറി ടൈമിന്റെ അവസാനം ക്രൊയേഷ്യ സമനില നേടി എങ്കിലും വിഎആർ ആ ഗോൾ ഒഫ്സൈഡ് വിളിച്ചു. പോർച്ചുഗൽ അടുത്ത റൗണ്ടിൽ ഇനി സ്പെയിനെ ആകും നേരിടുക.