FIFA World CupFeatured

മറഡോണയുടെ റെക്കോർഡ് തകർക്കാൻ മെസ്സി; അർജന്റീനയുടെ ക്യാപ്റ്റൻസിയിൽ പുതിയ ചരിത്രത്തിലേക്ക്

Resizedimage 2026 05 29 11 32 49 1


വരാനിരിക്കുന്ന 2026 ഫിഫ ലോകകപ്പിൽ ഇതിഹാസ താരം ഡീഗോ മറഡോണയുടെ ദീർഘകാലത്തെ ഒരു റെക്കോർഡ് മറികടന്ന് ലയണൽ മെസ്സി പുതിയ ചരിത്രം കുറിക്കാൻ ഒരുങ്ങുന്നു. നാല് വ്യത്യസ്ത ലോകകപ്പുകളിൽ അർജന്റീനയെ നയിക്കുന്ന ആദ്യ താരം എന്ന അപൂർവ്വ നേട്ടമാണ് മെസ്സിയെ കാത്തിരിക്കുന്നത്. ഈ ലോകകപ്പോടെ 20 വർഷത്തെ അന്താരാഷ്ട്ര കരിയറിൽ തന്റെ ആറാമത്തെ ലോകകപ്പ് മത്സരങ്ങൾക്കാണ് മെസ്സി ബൂട്ട് കെട്ടുന്നത്.


2014-ലെ ബ്രസീൽ ലോകകപ്പിലാണ് മെസ്സി ആദ്യമായി അർജന്റീനയുടെ ക്യാപ്റ്റൻ തൊപ്പി അണിയുന്നത്. തുടർന്ന് 2018 റഷ്യൻ ലോകകപ്പിലും, 2022-ൽ അർജന്റീന കിരീടം ചൂടിയ ഖത്തർ ലോകകപ്പിലും മെസ്സി തന്നെയായിരുന്നു നായകൻ. ഈ മൂന്ന് ടൂർണമെന്റുകളോടെ മെസ്സി മറഡോണയുടെ റെക്കോർഡിനൊപ്പമെത്തിയിരുന്നു (1986, 1990, 1994 ലോകകപ്പുകളിലാണ് മറഡോണ അർജന്റീനയെ നയിച്ചത്). 1986-ൽ മറഡോണ നായകനായി അർജന്റീനയ്ക്ക് ലോകകിരീടം സമ്മാനിച്ചിരുന്നു. പിന്നീട് 2008-2010 കാലഘട്ടത്തിൽ അർജന്റീന ദേശീയ ടീമിന്റെ പരിശീലകനായി മെസ്സിയെ അദ്ദേഹം പരിശീലിപ്പിച്ചിട്ടുമുണ്ട്.


അർജന്റീനയുടെ ചരിത്രത്തിൽ 1978-ൽ ലോകകപ്പ് നേടിത്തന്ന ഡാനിയൽ പസരെല്ല, ഹാവിയർ മഷറാനോ, ഡീഗോ സിമിയോണി, ഹുവാൻ സെബാസ്റ്റ്യൻ വെറോൺ തുടങ്ങിയ പ്രമുഖരും ടീമിനെ നയിച്ചിട്ടുള്ളവരാണ്. എന്നാൽ 2011-ൽ പരിശീലകൻ അലക്സാണ്ടർ സബേല്ലയ്ക്ക് കീഴിൽ അർജന്റീനയുടെ സ്ഥിരം നായകനായതിന് ശേഷം മെസ്സി ടീമിനെ എത്തിച്ചത് സുവർണ്ണ കാലഘട്ടത്തിലേക്കാണ്. 2021, 2024 കോപ്പ അമേരിക്ക കിരീടങ്ങളും, 2022 ഫൈനലിസിമയും, 2022 ലോകകപ്പും മെസ്സിയുടെ ക്യാപ്റ്റൻസിയിലാണ് അർജന്റീന സ്വന്തമാക്കിയത്.