ഫിഫ ലോകകപ്പ്: കൊച്ചിയിലും കോഴിക്കോട്ടും തിരുവനന്തപുരത്തും വമ്പൻ ഫാൻ പാർക്കുകൾ ഒരുങ്ങുന്നു

കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലാണ് ഈ അത്യാധുനിക ഫാൻ പാർക്കുകൾ ഒരുങ്ങുന്നത്.
ഇന്ത്യയിൽ തന്നെ പൊതുപ്രദർശനത്തിനായി ഉപയോഗിക്കുന്ന ഏറ്റവും വലിയ ഇൻഡോർ എൽ.ഇ.ഡി സ്‌ക്രീനുകളാണ് ഈ മൂന്ന് വേദികളിലും ആരാധകരെ കാത്തിരിക്കുന്നത്.
കൊച്ചി, 2nd July 2026: ഫിഫ ലോകകപ്പ് 2026-ന്റെ ആവേശപ്പോരാട്ടങ്ങൾ സ്റ്റേഡിയം അന്തരീക്ഷത്തിൽ തത്സമയം കാണാൻ കേരളത്തിൽ വമ്പൻ ഫാൻ പാർക്കുകൾ ഒരുങ്ങുന്നു. കേരളത്തിലെയും മാഹിയിലെയും ഔദ്യോഗിക പബ്ലിക് വ്യൂയിങ് അവകാശങ്ങൾ സ്വന്തമാക്കിയ പ്രമുഖ ഫുട്ബോൾ ക്ലബ്ബായ മേത്തർ ഈഗിൾസ് എഫ്.സി കേരളയാണ് കളിപ്രേമികൾക്കായി ‘ഒഫീഷ്യൽ യുണൈറ്റ് 8 സ്പോർട്സ്’ ഫിഫ ലോകകപ്പ് ഫാൻ പാർക്കുകൾ’ പ്രഖ്യാപിച്ചത്.
ആദ്യഘട്ടത്തിൽ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഔദ്യോഗിക ഫാൻ പാർക്കുകൾ സജ്ജീകരിക്കുക. ലോകകപ്പിലെ സെമിഫൈനലുകൾ, തേർഡ് പ്ലേസ് പ്ലേ ഓഫ്, ഫൈനൽ മത്സരങ്ങളാണ് ഇവിടെ കൂറ്റൻ ഇൻഡോർ എൽ.ഇ.ഡി സ്ക്രീനുകളിൽ തത്സമയം പ്രദർശിപ്പിക്കുക.
പ്രധാന വേദികളും പ്രത്യേകതകളും:
കൊച്ചി (കടവന്ത്ര റീജണൽ സ്പോർട്സ് സെന്റർ): 3500 സീറ്റുകൾ. പബ്ലിക് വ്യൂയിങ്ങിനായി ഇന്ത്യയിൽ ഒരുക്കുന്ന ഏറ്റവും വലിയ ഇൻഡോർ എൽ.ഇ.ഡി സ്ക്രീൻ ഇവിടെയായിരിക്കും.
കോഴിക്കോട് (കാലിക്കറ്റ് ട്രേഡ് സെന്റർ): 5000 സീറ്റുകൾ. മലബാറിലെ ഏറ്റവും വലിയ എൽ.ഇ.ഡി സ്ക്രീൻ ഇവിടെ സ്ഥാപിക്കും.
തിരുവനന്തപുരം (ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം): 2500 സീറ്റുകൾ. തിരുവിതാംകൂറിലെ ഏറ്റവും വലിയ എൽ.ഇ.ഡി സ്ക്രീൻ ഇവിടെയൊരുക്കും (സംസ്ഥാന സർക്കാരിന്റെ അനുമതിക്ക് വിധേയം).
“ഇന്ത്യയിലെ ഏറ്റവും മികച്ച ലോകകപ്പ് പൊതുപ്രദർശന അനുഭവം ഒരുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. വരും വർഷങ്ങളിൽ ഇന്ത്യയിലെ തന്നെ ഫുട്ബോൾ ആഘോഷങ്ങളുടെ പ്രധാന കേന്ദ്രമായി കേരളത്തെ മാറ്റാൻ ഈ സംരംഭത്തിലൂടെ സാധിക്കും.” – ഷാഫി മേത്തർ(ചെയർമാൻ, മേത്തർ ഈഗിൾസ് എഫ്.സി കേരള) പറഞ്ഞു.
മലപ്പുറത്തെ 7 വേദികൾ ഉൾപ്പെടെ സംസ്ഥാനത്തെ മറ്റ് 11 ജില്ലകളിലായി 17 വേദികളുടെ അനുമതിക്കായി ഫിഫയ്ക്കും ഒഫീഷ്യൽ ബ്രോഡ്കാസ്റ്റർമാരായ സീ ടിവിക്കും (ZEE TV) അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും അടുത്ത ദിവസങ്ങളിൽ തന്നെ ഇതിൽ തീരുമാനമാകുമെന്നും സംഘാടകർ അറിയിച്ചു.
മത്സര സംപ്രേഷണത്തിനപ്പുറം പ്രീമിയം സൗണ്ട് സിസ്റ്റം, വിനോദ പരിപാടികൾ, ഫുഡ് കോർട്ടുകൾ എന്നിവയടക്കം വലിയൊരു ഫുട്ബോൾ കാർണിവൽ തന്നെയാണ് ഫാൻ പാർക്കുകളിൽ ഒരുങ്ങുന്നത്. ഫാൻ പാർക്കുകളിലേക്കുള്ള ടിക്കറ്റുകൾ ‘ടിക്കറ്റ് ജീനി’ (TicketGenie) ആപ്പ് വഴി ലഭ്യമാകും.