ഇറ്റലിയിൽ ചരിത്രമെഴുതി സ്ലാറ്റൻ ഇബ്രഹിമോവിച്. ഇന്റർ മിലാനും എസി മിലാനും വേണ്ടി 50 ഗോളുകൾ അടിക്കുന്ന ആദ്യ താരമായി മാറി സ്ലാറ്റൻ. ഇന്നലെ സീരി എയിൽ സാമ്പ്ടോറിയക്കെതിരായ മത്സരത്തിൽ എസി മിലാന് വേണ്ടി ഇരട്ട ഗോളുകൾ ഇബ്ര നേടിയിരുന്നു. ജനുവരിയിൽ സാൻ സൈറോയിൽ എത്തിയതിന് ശേഷം സ്ലാറ്റൻ 8 ഗോളുകൾ അടിച്ച് കൂട്ടി. 11 ആം സ്ഥാനത്ത് ഉണ്ടായിരുന്ന മിലാൻ യൂറോപ്യൻ യോഗ്യത ലക്ഷ്യം വെച്ച് 6ആം സ്ഥാനത്താണ് ഇപ്പോൾ.
2010-11, 2011-12 ആദ്യമായി എസി മിലാനിൽ എത്തിയ ഇബ്രാഹിമോവിച് 61 മത്സരങ്ങളിൽ 42 ഗോളുകൾ നേടിയിരുന്നു. അതേ സമയം 2006 മുതൽ 2009 വരെ ഇന്ററിൽ കളിച്ച ഇബ്രാഹിമോവിച് 57 ഗോളുകൾ നേടിയിട്ടുണ്ട്. എൽ എ ഗാലക്സി, മാഞ്ചസ്റ്റർ യുണൈറ്റഡ്, പിഎസ്ജി, ബാഴ്സ, ഇന്റർ, അയാക്സ് എന്നീ ക്ലബ്ബുകൾക്ക് വേണ്ടി എല്ലാം കളിച്ച ഇബ്രാഹിമോവിച് കരിയറിൽ 934 മത്സരങ്ങളിൽ നിന്ന് 552 ഗോളുകൾ നേടിയിട്ടുണ്ട്. നിലവിൽ ആക്റ്റീവായ താരങ്ങളിൽ മെസ്സിയും റോണാൾഡോയും മാത്രമാണ് ഇതിലുമധികം ഗോളുകൾ അടിച്ച് കൂട്ടിയിട്ടുള്ളത്.