സ്വീഡൻ എന്നാൽ സ്ലാട്ടൻ ഇബ്രാഹിമോവിച് എന്നായിരുന്നു ഇതുവരെ. സ്ലാട്ടനില്ലാതെ സ്വീഡൻ റഷ്യയിൽ എന്താക്കാനാണെന്ന് സ്ലാട്ടാനടക്കം പലരും ചോദിച്ചിരുന്നു. ഇതാണ് സ്വീഡന്റെ മറുപടി. ലോകകപ്പിന്റെ ക്വാർട്ടർ ഫൈനൽ. സ്ലാട്ടനെ കൊണ്ട് ഇതുവരെ സാധിക്കാത്ത കാര്യം. 1994നെ ശേഷം ആദ്യമായാണ് സ്വീഡൻ ലോകകപ്പിൽ ഒരു ക്വാർട്ടർ ഫൈനൽ കാണുന്നത്.
1994ലെ അമേരിക്കൻ ലോകകപ്പിൽ ആയിരുന്നു സ്വീഡൻ ക്വാർട്ടർ കണ്ടത്. അന്ന് മൂന്നാം സ്ഥാനവുമായാണ് സ്വീഡൻ മടങ്ങിയത്. കെന്നറ്റ് ആൻഡേഴ്സന്റെ അവസാന ലോകകപ്പും ഹെൻറിക് ലാർസനെ ആദ്യ ലോകകപ്പും ആയിരുന്ന 1994 ലോകകപ്പ്. പിന്നീട് ലാർസനും ഇബ്രയും ഒക്കെ ഒന്നിച്ച് പിടിച്ചിട്ടും ഒന്നും നടന്നില്ല. 2002 മുതൽ കഴിഞ്ഞ യൂറോ വരെ സ്ലാട്ടന്റെ നിഴലിൽ ആയിരുന്ന സ്വീഡന് അവസാനം ആ വലിയ താരം പോയപ്പോഴാണ് മികവിലേക്ക് ഉയരാൻ കഴിഞ്ഞത്.
സ്വീഡന്റെ ഇപ്പോഴത്തെ ക്യാപ്റ്റൻ ഗ്രാങ്ക്വിസ്റ്റ് പറഞ്ഞത് പോലെ ആ വലിയ താരം പോയപ്പോൾ കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ സ്വീഡൻ താരങ്ങൾ തയ്യാറായി എന്ന് വേണം കരുതാൻ. ജർമ്മനിയും മെക്സിക്കോയും കൊറിയയും ഉള്ള ഗ്രൂപ്പിൽ ഒന്നാമതായി എത്തിയാണ് സ്വീഡൻ പ്രീക്വാർട്ടറിലേക്ക് എത്തിയത്. ആകെ പരാജയപ്പെട്ടത് ജർമ്മനിക്ക് എതിരെയാണ്. അതും 94ആം മിനുട്ടിലെ ക്രൂസിന്റെ അത്ഭുത ഫ്രീ കിക്കിനു മുന്നിലാണെന്ന് ഓർക്കണം.
ഇന്ന് സ്വിറ്റ്സർലാന്റിനെയും ഏകപക്ഷീയമായി തോൽപ്പിച്ച സ്വീഡൻ ക്വാർട്ടറും കടന്നു പോയേക്കാം. വലിയ താരങ്ങളുടെ പേരില്ലാത്തത് തന്നെയാകാം സ്വീഡന്റെ ബലം. വലിയ താരങ്ങളുള്ള അർജന്റീനയും, പോർച്ചുഗലുമൊക്കെ നാട്ടിലെത്തിയിട്ടും സ്വീഡൻ റഷ്യയിൽ ബാക്കിയുണ്ടല്ലോ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial