പാക്കിസ്ഥാനെ സൂപ്പര്‍ ഓവറില്‍ അട്ടിമറിച്ച് സിംബാബ്‍വേ. 278 റണ്‍സ് നേടിയ സിംബാബ്‍വേയ്ക്കെതിരെ പാക്കിസ്ഥാനും 278 റണ്‍സ് നേടിയപ്പോള്‍ മത്സരം സൂപ്പര്‍ ഓവറിലേക്ക് വന്നുവെങ്കിലും പാക്കിസ്ഥാനെ സൂപ്പര്‍ ഓവറില്‍ രണ്ട് റണ്‍സിന് പുറത്താക്കി മൂന്ന് പന്തില്‍ നിന്ന് വിജയം നേടിയാണ് സിംബാബ്‍വേ ഈ ആവേശ വിജയം നേടിയത്. മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേടിയ ബ്ലെസ്സിംഗ് മുസറബാനിയാണ് സൂപ്പര്‍ ഓവറിലും സിംബാബ്‍വേയ്ക്കായി മികവ് പുലര്‍ത്തിയത്.
പാക്കിസ്ഥാന്റെ ചേസിംഗ് അവസാന ഓവറിലേക്ക് കടക്കുന്നതിന് മുമ്പ് 125 റണ്‍സ് നേടിയ പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം പുറത്തായപ്പോള്‍ അവസാന ഓവറില്‍ വിജയത്തിനായി 13 റണ്‍സായിരുന്നു പാക്കിസ്ഥാന് നേടേണ്ടിയിരുന്നത്. മത്സരം അവിടെ നിന്ന് അവസാന പന്തില്‍ അഞ്ച് റണ്‍സെന്ന നിലയിലേക്ക് എത്തിച്ചപ്പോള്‍ മൂസ മുഹമ്മദ് അവസാന പന്തില്‍ ബൗണ്ടറി നേടി മത്സരം സൂപ്പര്‍ ഓവറിലേക്ക് എത്തിയ്ക്കുകയായിരുന്നു.
279 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാക്കിസ്ഥാനെ സിംബാബ്‍വേ ബൗളര്‍മാര്‍ കഷ്ടത്തിലാക്കിയെങ്കിലും ബാബര്‍ അസം ക്യാപ്റ്റന്റെ ഇന്നിംഗ്സ് പുറത്തെടുത്ത് ടീമിനെ വിജയത്തിലേക്ക് നയിക്കുമെന്നാണ് കരുതിയത്. ഒരു ഘട്ടത്തില്‍ 88/5 എന്ന നിലയില്‍ പ്രതിരോധത്തിലായെങ്കിലും പാക്കിസ്ഥാന്‍ ലക്ഷ്യം അനായാസം നേടുമെന്ന് തോന്നിപ്പിച്ചുവെങ്കിലും മത്സരം സൂപ്പര്‍ ഓവറിലേക്ക് എത്തിക്കുവാനെ ടീമിന് സാധിച്ചുള്ളു.
ഖുഷ്ദില്‍ ഷാ(33), വഹാബ് റിയാസ്(52) എന്നിവര്‍ക്കൊപ്പം നേടിയ കൂട്ടുകെട്ടുകളാണ് പാക്കിസ്ഥാന് തുണയായത്. ഖുഷ്ദിലുമായി ആറാം വിക്കറ്റില്‍ 63 റണ്‍സും വഹാബ് റിയാസുമായി ഏഴാം വിക്കറ്റില്‍ 100 റണ്‍സും നേടിയാണ് ബാബര്‍ പാക്കിസ്ഥാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നുവെങ്കിലും വിജയം ഉറപ്പിക്കുവാന്‍ ബാബര്‍ അസമിനും സാധിച്ചില്ല.