റയൽ മാഡ്രിഡിന് തന്നിൽ വിശ്വാസം ഇല്ലാത്തതുകൊണ്ടാണ് താൻ പരിശീലക സ്ഥാനം ഒഴിയുന്നതെന്ന് റയൽ മാഡ്രിഡ് പരിശീലകൻ സിദാൻ. റയൽ മാഡ്രിഡ് ആരാധകർക്കായി എഴുതിയ കത്തിലാണ് ക്ലബ് വിടുന്നതിന്റെ കാരണം സിദാൻ വെളിപ്പെടുത്തിയത്. 20 വർഷം മുൻപ് താൻ റയൽ മാഡ്രിഡിൽ എത്തിയത് മുതൽ ആരാധകർ നൽകിയ പിന്തുണക്കും സ്നേഹത്തിനും സിദാൻ ആരാധകരോട് നന്ദി പറയുകയും ചെയ്തിട്ടുണ്ട്. 2018ൽ താൻ ക്ലബ് വിട്ടത് താൻ ഒരുപാട് കിരീടങ്ങൾ നേടിയതുകൊണ്ടാണെന്നും അതുകൊണ്ട് തന്നെ ആ സമയത്ത് ക്ലബ്ബിന്റെ സമീപനത്തിൽ മാറ്റം ആവശ്യമായിരുന്നെന്നും സിദാൻ പറഞ്ഞു.
എന്നാൽ അവസാന വർഷം ക്ലബ്ബിന്റെ ഭാഗത്ത് നിന്ന് തനിക്ക് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്നും ഇത് പരിശീലക സ്ഥാനം ഒഴിയാൻ കാരണമായെന്നും സിദാൻ പറഞ്ഞു. ദീർഘ കാലത്തേക്കുള്ള ഒരു ടീമിനെ വാർത്തെടുക്കാൻ തനിക്ക് ഒരു പിന്തുണയും റയൽ മാഡ്രിഡിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നും സിദാൻ പറഞ്ഞു. റയൽ മാഡ്രിഡിന് കിരീടം നേടാനാവാതെ പോയ ഘട്ടത്തിൽ ക്ലബ് പ്രസിഡന്റ് പെരസ് തന്നെ വേണ്ട രീതിയിൽ പിന്തുണച്ചില്ലെന്നും സിദാൻ പറഞ്ഞു.