Screenshot 20230922 232636 Duckduckgo

മുന്നോട്ടു നയിക്കാൻ വിശ്വസ്തൻ തന്നെ; സാവിക്ക് ബാഴ്‌സലോണയിൽ പുതിയ കരാർ

സാവി ഹെർണാണ്ടഡ് എഫ്സി ബാഴ്‌സലോണയിൽ പുതിയ കരാറിൽ എത്തിച്ചേർന്നു. ആഴ്ച്ചകൾക്ക് മുൻപ് തന്നെ കോച്ചും ടീമും തമ്മിൽ ധാരണയിൽ എത്തിയിരുന്നു. ഇന്ന് കരാറിൽ സാവി ഔദ്യോഗികമായി തന്നെ ഒപ്പിടുകയായിരുന്നു. 2025 വരെയാണ് പുതിയ കരാർ. ഇത് മറ്റൊരു സീസണിലേക്ക് കൂടി നീട്ടാനുള്ള സാധ്യതയും കരാറിൽ ചേർത്തിട്ടുണ്ട്. ഇടക്കാലത്ത് ദുഷ്‌കരമായ കാലഘട്ടത്തിലൂടെ നീങ്ങിയ ബാഴ്‌സയുടെ രക്ഷകനായി എത്തിയ സാവി, ഡ്രസിങ് റൂം മുതൽ ഗ്രൗണ്ടിലെ പ്രകടനം വരെ ടീമിനെ അടിമുടി മാറ്റിയെടുത്തത്തിനുള്ള അംഗീകാരം കൂടിയാണ് പുതിയ കരാർ. ഭാവിയിലും തങ്ങളുടെ ഇതിഹാസ താരത്തിൽ തന്നെ വിശ്വാസമർപ്പിക്കാൻ തന്നെയാണ് മാനേജ്‌മെന്റിന്റെ തീരുമാനം.

ലാ ലീഗ കിരീടം ഉയർത്തിയപ്പോൾ തന്നെ സാവിയുടെ പുതിയ കരാറിനെ കുറിച്ചുള്ള സൂചനകൾ ലഭിച്ചിരുന്നു. പുതിയ കരാറിൽ 2026 വരെ നീട്ടാനുള്ള സാധ്യത ഉണ്ടെങ്കിലും ക്ലബ്ബ് ഉന്നം വെക്കുന്ന ചില നേട്ടങ്ങൾ കൊയ്താൽ മാത്രമേ ഇത് പരിഗണിക്കൂ. ലപോർടയുടെ പ്രസിഡന്റ് കാലവധിയും ഇതേ സമയത്താണ് അവസാനിക്കുക എന്ന പ്രത്യേകതയും ഉണ്ട്. നാളെ ലാ ലീഗ മത്സരത്തിന് മുന്നോടിയായി നടന്ന വാർത്താ സമ്മേളനത്തിൽ തന്നെ സാവി കരാർ ഔദ്യോഗികമാവുന്ന സൂചന നൽകിയിരുന്നു. പ്രസിഡന്റിൽ നിന്നും വലിയ പിന്തുണയാണ് തനിക്ക് ലഭിക്കുന്നത് എന്നും വളരെ മോശം കാലഘട്ടത്തിൽ ടീമിൽ എത്തിയ തങ്ങൾ ഇപ്പോഴും മാറ്റങ്ങൾ കൊണ്ടു വരാനുള്ള പരിശ്രമത്തിൽ ആണെന്നും സാവി പറഞ്ഞു. റയലിനെതിരായ സൂപ്പർ കപ്പ് വിജയമാണ് ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കാൻ സഹായിച്ചത് എന്ന് സാവി നിരീക്ഷിച്ചു. ടീമിന്റെ യൂറോപ്പിലെ പ്രകടനമാണ് ഇനി സാവിക്ക് മുന്നിലുള്ള വലിയ കടമ്പ.

Exit mobile version