വനിത ചാമ്പ്യൻസ് ലീഗ് രണ്ടാം സെമിഫൈനലിൽ ഫ്രഞ്ച് ടീമുകൾ തമ്മിലുള്ള പോരാട്ടത്തിൽ ജയം കണ്ടു ലിയോൺ. പാരീസിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് ലിയോൺ വീഴ്ത്തിയത്. പന്ത് കൈവശം വക്കുന്നതിൽ പി.എസ്.ജി മുൻതൂക്കം ആണ് കണ്ടത് എങ്കിൽ അവസരങ്ങൾ കൂടുതൽ തുറന്നത് ലിയോൺ ആയിരുന്നു. മത്സരത്തിൽ ആറാം മിനിറ്റിൽ തന്നെ സാറ ദബ്രിട്സിന്റെ പാസിൽ നിന്നു മേരി കൊട്ടോറ്റയിലൂടെ പി.എസ്.ജി മത്സരത്തിൽ മുന്നിലെത്തി. 21 മത്തെ മിനിറ്റിൽ മെൽവിൻ മലാർഡിനെ ബാർബോറ വീഴ്ത്തിയതിനു ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട വെന്റലിൻ റെനാർഡ് ലിയോണിനെ മത്സരത്തിൽ ഒപ്പമെത്തിച്ചു.
33 മത്തെ മിനിറ്റിൽ ആദ ഹെഗർബർഗിന്റെ പാസിൽ നിന്നു തുടർച്ചയായ നാലാം ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ലക്ഷ്യം കണ്ട ബ്രസീലിയൻ താരം കാതറിന മകാരിയോ ലിയോണിനെ മത്സരത്തിൽ ആദ്യമായി മുന്നിൽ എത്തിച്ചു. രണ്ടാം പകുതിയിൽ 50 മത്തെ മിനിറ്റിൽ ബോക്സിലേക്ക് വന്ന പന്ത് ക്ലിയർ ചെയ്യുന്നതിൽ പാരീസ് പ്രതിരോധ താരങ്ങൾക്കും ഗോൾ കീപ്പർക്കും ഉണ്ടായ വമ്പൻ അബദ്ധം മുതലെടുത്ത കാതറിന മകാരിയോ തന്റെ രണ്ടാം ഗോളും നേടിയതോടെ പി.എസ്.ജി പരുങ്ങലിൽ ആയി. 58 മത്തെ മിനിറ്റിൽ മെൽവിൻ മലാർഡിന്റെ ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട പൗളിന ഡുദക് പി.എസ്.ജിക്ക് രണ്ടാം ഗോൾ സമ്മാനിച്ചു. തുടർന്ന് സമനിലക്ക് ആയി പാരീസ് ശ്രമിച്ചു എങ്കിലും ലിയോൺ പിടിച്ചു നിന്നു. രണ്ടാം പാദത്തിൽ തീപാറും പോരാട്ടം തന്നെ ആവും ഫ്രഞ്ച് വമ്പൻ ടീമുകൾ തമ്മിൽ നടക്കുക.