വനിത ചാമ്പ്യൻസ് ലീഗിൽ ഏഴ് തവണ ജേതാക്കൾ ആയ ലിയോൺ സെമിഫൈനലിൽ. തങ്ങളുടെ ആദ്യ ക്വാർട്ടർ ഫൈനൽ കളിക്കുന്ന യുവന്റസിൽ നിന്നു മികച്ച പോരാട്ടം ആണ് ഫ്രഞ്ച് ടീം നേരിട്ടത്. ആദ്യ പാദത്തിൽ 2-1 ന്റെ പരാജയം നേരിട്ട ലിയോൺ 33 മത്തെ മിനിറ്റിൽ തന്നെ മത്സരത്തിൽ മുന്നിലെത്തി. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ എക്കാലത്തെയും വലിയ ഗോൾ വേട്ടക്കാരി ആദ ഹെഗർബർഗ് ആണ് അവരെ മത്സരത്തിൽ മുന്നിൽ എത്തിച്ചത്. സൽമ ബാക്കിന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ 26 കാരിയായ ഹെഗർബർഗ് തന്റെ 50 മത്തെ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ നിന്നു 57 മത്തെ ഗോൾ ആണ് നേടിയത്. നീണ്ട കാലത്തെ വലിയ പരിക്കിൽ നിന്നുള്ള നോർവെ താരത്തിന്റെ തിരിച്ചു വരവിലെ ആദ്യ ചാമ്പ്യൻസ് ലീഗ് ഗോളും ആയിരുന്നു ഇത്.
രണ്ടു മിനിറ്റിനുള്ളിൽ ലിന്റ്സി ഹോറോന്റെ പാസിൽ നിന്നു മെൽവിൻ മെലാർഡ് ഗോൾ നേടിയതോടെ ലിയോൺ ആദ്യമായി ക്വാർട്ടറിൽ മുന്നിലെത്തി. പലപ്പോഴും യുവന്റസ് വനിതകൾ ലിയോണിന് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് മത്സരത്തിൽ കാണാൻ ആയി. എന്നാൽ രണ്ടാം പകുതിയിൽ 73 മത്തെ മിനിറ്റിൽ അമേരിക്കൻ താരം കാതറീന മകാറിയോ ഗോൾ നേടിയതോടെ ലിയോൺ ജയം ഉറപ്പിച്ചു. ഡെൽഫിൻ കാസ്കറീന്യോയുടെ പാസിൽ നിന്നു അതിമനോഹരമായ ഗോൾ ആണ് ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് ടോപ്പ് സ്‌കോറർ ആയ കാതറീന നേടിയത്. സീസണിൽ ചാമ്പ്യൻസ് ലീഗിലെ ആറാം ഗോൾ ആയിരുന്നു അമേരിക്കൻ താരത്തിന് ഇത്. മത്സരത്തിന്റെ 84 മത്തെ മിനിറ്റിൽ ആന്ദ്രയ സ്റ്റസ്കോവയിലൂടെ യുവന്റസ് ഒരു ഗോൾ തിരിച്ചടിച്ചത് ലിയോണിനു അവസാന നിമിഷങ്ങളിൽ ആശങ്ക നൽകി. എങ്കിലും ഇരു പാദങ്ങളിലും ആയി 4-3 ന്റെ ജയവും ആയി ലിയോൺ സെമിഫൈനൽ ഉറപ്പിക്കുക ആയിരുന്നു.