യൂറോപ്യൻ ഫുട്‌ബോളിൽ ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ നിലവിലെ ജേതാക്കൾ ആയ ലിയോൺ വനിതകൾക്ക് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം സമ്മാനിച്ചു ആഴ്‌സണൽ വനിതകൾ. ഗ്രൂപ്പ് സിയിൽ സ്വന്തം മൈതാനത്ത് ലിയോൺ അവരുടെ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ആണ് നേരിട്ടത്. പന്ത് കൈവശം വക്കുന്നതിൽ നേരിയ മുൻതൂക്കം സൂക്ഷിച്ച ലിയോൺ മത്സരത്തിൽ 20 ഷോട്ടുകൾ ആണ് ഉതിർത്തത്. മത്സരത്തിൽ 14 ഷോട്ടുകൾ ആണ് ആഴ്‌സണൽ ഉതിർത്തത്. മത്സരത്തിൽ 13 മത്തെ മിനിറ്റിൽ ബെത്ത് മീഡിന്റെ പാസിൽ നിന്നു കാറ്റിലിൻ ഫോർഡ് ആഴ്‌സണലിന് മുൻതൂക്കം സമ്മാനിച്ചു. 22 മത്തെ മിനിറ്റിൽ ഫ്രിദ മാനം ആഴ്‌സണലിന് രണ്ടാം ഗോളും സമ്മാനിച്ചു.
5 മിനിറ്റിനുള്ളിൽ ലിയോൺ മത്സരത്തിൽ ഒരു ഗോൾ തിരിച്ചടിച്ചു. കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ മെൽവിൻ മലാർഡ് ഫ്രഞ്ച് ക്ലബിന് ആയി ഒരു ഗോൾ മടക്കി. ആദ്യ പകുതിക്ക് തൊട്ടു മുമ്പ് ഉഗ്രൻ ഫ്രീകിക്കിലൂടെ ബെത്ത് മീഡ് ആഴ്‌സണലിന് മൂന്നാം ഗോളും സമ്മാനിച്ചു. രണ്ടാം പകുതിയിൽ 67 മത്തെ മിനിറ്റിൽ കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ നിന്നു കാറ്റലിൻ ഫോർഡ് ആഴ്‌സണലിന് നാലാം ഗോളും സമ്മാനിച്ചു. 2 മിനിറ്റിനു ശേഷം ഫ്രിദ മാനത്തിന്റെ പാസിൽ നിന്നു ബെത്ത് മീഡ് ആഴ്‌സണലിന്റെ വമ്പൻ ജയം പൂർത്തിയാക്കുക ആയിരുന്നു. ആഴ്‌സണലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജയങ്ങളിൽ ഒന്നും ചരിത്ര നിമിഷവും ആയി ഇത്. അതേസമയം ഗ്രൂപ്പ് ഡിയിൽ ബെൻഫിക്ക വനിതകളെ ബാഴ്‌സലോണ വനിതകൾ എതിരില്ലാത്ത 9 ഗോളുകൾക്ക് തകർത്തു.