ഡബ്യു.ടി.എ 1000 ഫൈനലിൽ എത്തുന്ന ആദ്യ ആഫ്രിക്കൻ താരവും അറബ് താരവും ആയി ഒൻസ് ജാബ്യുർ, ഫൈനലിൽ ജെസ്സിക്ക പെഗ്യൂല എതിരാളി

ഡബ്യു.ടി.എ 1000 മാഡ്രിഡ് ഓപ്പൺ ഫൈനലിൽ എട്ടാം സീഡ് ടുണീഷ്യൻ താരം ഒൻസ് ജാബ്യുറും പന്ത്രണ്ടാം സീഡ് അമേരിക്കൻ താരം ജെസ്സിക്ക പെഗ്യൂലയും ഏറ്റുമുട്ടും. ഫൈനലിൽ എത്തിയതോടെ ചരിത്രത്തിൽ ആദ്യമായി ഡബ്യു.ടി.എ 1000 ഫൈനലിൽ എത്തുന്ന ആഫ്രിക്കൻ/അറബ് താരമായി ഒൻസ് ജാബ്യുർ മാറി. സെമിയിൽ റഷ്യൻ താരം അലക്സൻഡ്രോവയെ 6-2, 6-3 എന്ന സ്കോറിന് ആണ് ടുണീഷ്യൻ താരം തകർത്തത്. 5 ഏസുകൾ മത്സരത്തിൽ ഉതിർത്ത ഒൻസ് ജാബ്യുർ 4 തവണ എതിരാളിയെ ബ്രൈക്ക് ചെയ്യുകയും ചെയ്തു.

20220506 050236

അതേസമയം സ്വിസ് താരം ജിൽ തെക്മാനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് അമേരിക്കൻ താരം ജെസ്സിക്ക പെഗ്യൂല തോൽപ്പിച്ചത്. 6-3, 6-4 എന്ന നേരിട്ടുള്ള സ്കോറിന് ജയം കണ്ട ജെസ്സിക്ക രണ്ടു തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും നാലു തവണ എതിരാളിയെ ബ്രൈക്ക് ചെയ്തു. ചരിത്രത്തിൽ ആദ്യമായി ഒരു ഡബ്യു.ടി.എ 1000 കിരീടം നേടുന്ന ആഫ്രിക്കൻ, അറബ് താരം ആവാനുള്ള ഒൻസ് ജാബ്യുറിന്റെ ശ്രമം ജയിക്കുമോ എന്നു കണ്ടു തന്നെ അറിയണം.