നോർത്ത് ലണ്ടൻ ചുവന്നു തുടുത്തു തന്നെയാണ് ഇരിക്കുന്നത് എന്നു ഒരിക്കൽ കൂടി തെളിയിച്ചു ആഴ്സണൽ വനിതകൾ. ഇംഗ്ലീഷ് വനിത സൂപ്പർ ലീഗ് ചരിത്രത്തിൽ ഏറ്റവും അധികം കാണികൾ എത്തിയ മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് ആണ് ടോട്ടൻഹാമിനെ ആഴ്സണൽ തകർത്തത്. നോർത്ത് ലണ്ടൻ ഡാർബിയിൽ പന്ത് കൈവശം വക്കുന്നതിൽ പൂർണ ആധിപത്യം പുലർത്തിയ ആഴ്സണൽ ലക്ഷ്യത്തിലേക്ക് ഉതിർത്ത നാലു ഷോട്ടുകളും ഗോൾ ആക്കി മാറ്റി. എമിറേറ്റ്സ് സ്റ്റേഡിയത്തിൽ എത്തിയ വനിത സൂപ്പർ ലീഗ് മത്സരത്തിന് 47,367 എന്ന റെക്കോർഡ് കാണികൾ ആണ് മത്സരം കാണാൻ എത്തിയത്.
മത്സരത്തിൽ അഞ്ചാം മിനിറ്റിൽ തന്നെ ബെത്ത് മെഡ് ആഴ്സണലിന് മുൻതൂക്കം സമ്മാനിച്ചു. തുടർന്ന് ടോട്ടൻഹാം ആഴ്സണൽ മുന്നേറ്റത്തിനു മുമ്പിൽ പിടിച്ചു നിന്നു. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് കാറ്റലിൻ ഫോർഡിന്റെ പാസിൽ നിന്നു ഗോൾ നേടിയ വിവിയനെ മിയെദെമ ആഴ്സണലിന് രണ്ടാം ഗോൾ സമ്മാനിച്ചു. രണ്ടാം പകുതി തുടങ്ങി 54 മത്തെ മിനിറ്റിൽ മെഡിന്റെ പാസിൽ നിന്നു റാഫയെല സോസ ഗോൾ നേടിയതോടെ ആഴ്സണൽ വലിയ ജയം ഉറപ്പിച്ചു. 69 മത്തെ മിനിറ്റിൽ സ്റ്റെഫനി കാറ്റ്ലിയുടെ പാസിൽ നിന്നു തന്റെ രണ്ടാം ഗോളും കണ്ടത്തിയ സൂപ്പർ താരം മിയെദെമ ആഴ്സണലിന്റെ വലിയ ജയം പൂർത്തിയാക്കുക ആയിരുന്നു. ലീഗ് കിരീടം ലക്ഷ്യം വക്കുന്ന ആഴ്സണലിന് ഈ ജയം വലിയ ആത്മവിശ്വാസം പകരും.