ലോകകപ്പിൽ 2 ദശകങ്ങളായി തുടരുന്ന ചാമ്പ്യൻ ശാപത്തിന് ഇന്നത്തെ ഫ്രാൻസ് ജയത്തോടെ അവസാനം. ഫുട്ബോൾ ലോകകപ്പിൽ കിരീടം നേടുന്ന ടീം തൊട്ടടുത്ത ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകുന്നത് ആയിരുന്നു കുറച്ച് കാലമായി ഫുട്ബോൾ ലോകം കണ്ടിരുന്നത്. 1998ൽ ഫ്രാൻസ് ലോകകപ്പ് ജയിച്ചത് മുതൽ ആയിരുന്നു ഈ ദുരിതം ചാമ്പ്യന്മാരെ വേട്ടയാടാൻ തുടങ്ങിയത്. 98ൽ കിരീടം നേടിയ ഫ്രാൻസ് 2002ലെ ലോകകപ്പിൽ ആദ്യ റൗണ്ടിൽ പുറത്തായപ്പോൾ എല്ലാവരും ഞെട്ടി.
2002ൽ കപ്പ് നേടിയ ബ്രസീൽ 2006ൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്ത് ആകാത്തത് ഒഴിച്ചാൽ ബാക്കി എല്ലാ ചാമ്പ്യന്മാരും ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായിരുന്നു. 2006ൽ ഇറ്റലി ലോക കിരീടം ഉയർത്തി. ഇറ്റലി എന്തായാലും ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകില്ല എന്ന് 2010ൽ എല്ലാവരും ഉറപ്പിച്ചു പറഞ്ഞു. എന്നാൽ 2010ൽ ഇറ്റലിയും ഗ്രൂപ്പ് ഘട്ടത്തിൽ വീണു.
2010ൽ ചാമ്പ്യന്മാരായത് സ്പെയിൻ. സൂപ്പർ താരങ്ങളുടെ നീണ്ട നിരയുമായാണ് സ്പെയിൻ 2014 ലോകകപ്പിനായത്. അവർ കിരീടം നിലനിർത്തും എന്ന് വരെ പ്രവചനം വന്ന വർഷം. പക്ഷെ സ്പെയിനും ചാമ്പ്യൻ ശാപത്തിൽ നിന്ന് രക്ഷപ്പെട്ടില്ല. സ്പെയിൻ 2014ൽ ഗ്രൂപ്പ് ഘട്ടത്തിൽ നണംകെട്ടു പുറത്തായി. 2014ൽ കിരീടം നേടിയ ജർമ്മനി 2018ൽ റഷ്യയിൽ ഇതേ വിധി നേരിട്ടു.
2018ൽ ഫ്രാൻസ് ആയിരുന്നു കിരീടം നേടിയത്. അവർ ഇന്ന് ഡെന്മാർക്കിനെ തോൽപ്പിച്ചതോടെ ഖത്തർ ലോകകപ്പിൽ പ്രീക്വാർട്ടർ ഉറപ്പിക്കുന്ന ആദ്യ ടീമായി മാറി. ഇതോടെ ലോകകപ്പിലെ ചാമ്പ്യൻസ് ശാപം അവസാനിച്ചു എന്നാണ് ഫുട്ബോൾ ലോകം കരുതുന്നത്.