റോഡ് സേഫ്റ്റി വേൾഡ് സീരിസിനായി ക്രിക്കറ്റ് ഇതിഹാസങ്ങൾ ഒന്നിക്കുന്നു. 2021ലെ റോഡ് സേഫ്റ്റി വേൾഡ് സീരിസ് T20 മാർച്ച് 5 മുതൽ 21 വരെ നടക്കും. പുതുതായി പണിഞ്ഞ ഷഹീദ് വീർ നാരായൺ സിംഗ് സ്റ്റേഡിയത്തിൽ വെച്ചായിരിക്കും മത്സരങ്ങൾ നടക്കുക. റോഡ് സേഫ്റ്റി വേൾഡ് സീരിസിന്റെ ആദ്യ എഡിഷൻ മാർച്ച് 2020ലായിരുന്നു നടന്നത്. അപ്രതീക്ഷിതമായി കൊറണ പൊട്ടിപ്പുറപ്പെട്ടതിനാൽ നാല് മത്സരങ്ങൾ മാത്രമേ കളിക്കാൻ സാധിച്ചിരുന്നുള്ളൂ. പുതിയ എഡിഷൻ തുടങ്ങുന്നതിന് പകരം ഇത്തവണ, കഴിഞ്ഞ നടന്ന മത്സരങ്ങളുടെ ബാക്കി നടത്താനാണ് സംഘാടകർ തീരുമാനിച്ചിരിക്കുന്നത്.
ഇന്ത്യ ലെജന്റ്സ്, ആസ്ട്രേലിയൻ ലെജന്റ്സ്, ശ്രീലങ്ക ലെജന്റ്സ്,സൗത്ത് ആഫ്രിക്കൻ ലെജന്റ്സ് എന്നീ ടീമുകളാണ് മാറ്റുരച്ചത്. ആസ്ട്രേലിയയിലെ കടുത്ത കോവിഡ് നിയന്ത്രണങ്ങൾ കാരണം ബ്രെറ്റ് ലീ നയിക്കുന്ന ആസ്ട്രേലിയൻ ലെജന്റ്സ് ടീമിന് പകരം ബംഗ്ലാദേശ് ലെജന്റ്സും ഇംഗ്ലണ്ട് ലെജന്റ്സും ടൂർണമെന്റിൽ എത്തും. മാർച്ച് 5ന് ഇന്ത്യൻ ലെജന്റ്സ് ബംഗ്ലാദേശ് ലെജന്റ്സിനെ നേരിടും. ലീഗ് സ്റ്റേജിലെ മത്സരങ്ങൾക്ക് ശേഷം ടോപ്പ് ഫോർ ടീമുകൾ മാർച്ച് 17നും മാർച്ച് 18നും സെമിഫൈനലുകൾ കളിക്കും. മാർച്ച് 21നാണ് റോഡ് സേഫ്റ്റി വേൾഡ് സീരിസ് ടൂർണമെന്റിന്റെ ഫൈനൽ നടക്കുക.