ഈ ഇന്റർ നാഷണൽ ബ്രേക്കിൽ ഖത്തർ ലോകകപ്പ് യോഗ്യത ഉറപ്പിക്കുകയാണ് ബ്രസീലിന്റെയും അർജന്റീനയുടെയും ലക്ഷ്യം. യോഗ്യത റൗണ്ടിൽ ഇനി 7 മത്സരങ്ങൾ ബാക്കിയുള്ളത്. എന്നാൽ അർജന്റീനയ്ക്കും ബ്രസീലിനും ഈ ഇന്റർ നാഷണൽ ബ്രേക്കിൽ തന്നെ യോഗ്യത ഉറപ്പിക്കാൻ ആകും. കൊളംബിയക്ക് എതിരായ മത്സരം വിജയിച്ചാൽ ബ്രസീൽ ലോകകപ്പ് യോഗ്യത ഉറപ്പിക്കും. ഇപ്പോൾ 11 മത്സരങ്ങളിൽ നിന്ന് 31 പോയിന്റ് ആണ് ബ്രസീലിന് ഉള്ളത്. യോഗ്യത റൗണ്ടിൽ ആദ്യ നാലിൽ ഫിനിഷ് ചെയ്യുന്ന ടീമുകളാണ് ലാറ്റിനമേരിക്കയിൽ നിന്ന് നേരിട്ട് ലോകകപ്പിന് യോഗ്യത നേടുക.
അഞ്ചാമത് ഫിനിഷ് ചെയ്യുന്ന ടീമിന് പ്ലേ ഓഫിലേക്കും എത്താം. ബ്രസീൽ ഈ ഇന്റർ നാഷണൽ ബ്രേക്കിൽ കൊളംബിയയെ കൂടാതെ അർജന്റീനയെയും നേരിടുന്നുണ്ട്. 25 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നിൽക്കുന്ന അർജന്റീനക്ക് രണ്ട് മത്സരങ്ങളും വിജയിച്ചാൽ ലോകകപ്പ് യോഗ്യത ഉറപ്പിക്കാം. ഉറുഗ്വേയും ബ്രസീലും ആണ് അർജന്റീനയുടെ എതിരാളികൾ. പരിക്കുമായി മല്ലിടുന്ന മെസ്സി കളിക്കുമോ എന്നത് വ്യക്തമല്ല എന്നതിനാൽ അർജന്റീനക്ക് ഈ രണ്ട് മത്സരങ്ങളും അത്ര എളുമ്മപായിരിക്കില്ല.
വെള്ളിയാഴ്ച രാവിലെ 6.00നാണ് ബ്രസീൽ കൊളംബിയ മത്സരം. ശനിയാഴ്ച അർജന്റീന ഉറുഗ്വേ പോരാട്ടവും ബുധനാഴ്ച അർജന്റീന ബ്രസീൽ പോരാട്ടവും നടക്കും.