ലോകകപ്പ് 2019 ക്രിക്കറ്റിന്റെ വിജയമായി വേണമെങ്കില്‍ വിലയിരുത്താം. മഴ പല മത്സരങ്ങളിലും രസം കൊല്ലിയായ ശേഷം സെമി ഫൈനലിലേക്ക് മത്സരങ്ങള്‍ എത്തിയപ്പോള്‍ പരമ്പരാഗത ശക്തികളായ ഇന്ത്യയും ഓസ്ട്രേലിയയും തന്നെയാണ് ലോകകപ്പ് സാധ്യത പട്ടികയില്‍ മുമ്പിലുണ്ടായിരുന്നത്. ആതിഥേയരും ഏകദിന ക്രിക്കറ്റില്‍ വര്‍ഷങ്ങളായി തങ്ങളുടെ മേധാവിത്വം ഉറപ്പിച്ച ഇംഗ്ലണ്ട് സെമിയിലേക്ക് കടന്ന് കൂടുകയായിരുന്നു. എന്നാല്‍ ഇന്ത്യയെയും ഓസ്ട്രേലിയയെയും പരാജയപ്പെടുത്തി ന്യൂസിലാണ്ടും ഇംഗ്ലണ്ടും ലോര്‍ഡ്സിലെ ചരിത്ര ഫൈനലിന് അവസരം നേടിയപ്പോള്‍ ഇനി ക്രിക്കറ്റ് ലോകത്ത് പിറക്കുക പുതിയ ചാമ്പ്യന്മാരാണെന്ന് ഉറപ്പായി.
1992ന് ശേഷം ഇംഗ്ലണ്ട് ഇതാദ്യമായാണ് ലോകകപ്പ് ഫൈനലില്‍ എത്തുന്നത്. അന്ന് പാക്കിസ്ഥാനോട് പരാജയമേറ്റു വാങ്ങുവാനായിരുന്നു ടീമിന്റെ വിധി. അതേ സമയം ന്യൂസിലാണ്ട് കഴിഞ്ഞ ലോകകപ്പിലും ഫൈനലില്‍ എത്തിയിരുന്നു. അന്ന് ഓസ്ട്രേലിയയോട് ടീം അടിയറവ് പറഞ്ഞു. ഇത്തവണയും മികച്ച രീതിയില്‍ തുടങ്ങിയ ശേഷം അവസാന മൂന്ന് മത്സരങ്ങളില്‍ പരാജയപ്പെട്ട ന്യൂസിലാണ്ട് സെമിയിലേക്ക് റണ്‍റേറ്റിന്റെ ആനുകൂല്യത്തില്‍ കടന്ന് ചെല്ലുകയായിരുന്നു. ഇതേ കാരണത്താല്‍ ഇന്ത്യയ്ക്കെതിരെ ടീം തകരുമെന്നാണ് സെമിയില്‍ കരുതപ്പെട്ടത്. എന്നാല്‍ ഏവരെയും ഞെട്ടിച്ച് ഇന്ത്യന്‍ ടോപ് ഓര്‍ഡറിനെ തകര്‍ത്ത ശേഷം രവീന്ദ്ര ജഡേജ-എംഎസ് ധോണി സഖ്യത്തിന്റെ ചെറുത്ത് നില്പിനെ അതിജീവിച്ച് ന്യൂസിലാണ്ട് ലോകകപ്പ് ഫൈനലിലേക്ക് എത്തിചേര്‍ന്നു.
അതേ സമയം ഇംഗ്ലണ്ടാകട്ടേ ലോകകപ്പ് സെമി ഫൈനല്‍ കാണില്ലെന്ന ഘട്ടത്തില്‍ നിന്ന് നിര്‍ണ്ണായക വിജയങ്ങളാണ് ഇന്ത്യയ്ക്കും ന്യൂസിലാണ്ടിനും എതിരെ സ്വന്തമാക്കിയത്. പാക്കിസ്ഥാന്റെ സാധ്യതകളെ അരിഞ്ഞ് വീഴ്ത്തി ലോകകപ്പ് സെമിയില്‍ എത്തിയ ഇംഗ്ലണ്ടായിരുന്നു, സെമിയില്‍ ആധികാരികമായ പ്രകടനം പുറത്തെടുത്ത ഏക ടീം. ബാറ്റിംഗിലും ബൗളിംഗിലും മികവ് പുലര്‍ത്തിയ ടീം ലോക കിരീടത്തിന് തങ്ങളാണ് അവകാശികളെന്ന് ഒരിക്കല്‍ കൂടി സ്ഥാപിക്കുവാന്‍ ശ്രമിച്ചാണ് ഫൈനലിലേക്ക് കടന്നിരിക്കുന്നത്.
ഓയിന്‍ മോര്‍ഗന്റെ നേതൃത്വത്തില്‍ ഏറെ നാളായി ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റിലെ മികച്ച പ്രകടനം പുറത്തെടുത്ത് വരികയാണ്. ശക്തമായ ബാറ്റിംഗ് നിരയെ പിന്തുണയ്ക്കുന്ന ബൗളിംഗ് പ്രകടനമാണ് ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റില്‍ ഏറെ കാലമായി പുറത്തെടുത്ത് വരുന്നത്. ലോകകപ്പിന് തൊട്ട് മുമ്പ് ജോഫ്ര ആര്‍ച്ചര്‍ കൂടി ടീമിലെത്തിയതോടെ കരുത്ത് ഏറെയുയരുന്ന കാഴ്ചയാണ് ഏവരും കണ്ടത്. എന്നാല്‍ പാതി വഴിയില്‍ ഇംഗ്ലണ്ടിനും ഈ ലോകകപ്പില്‍ കാലിടറിയിരുന്നു.
പാക്കിസ്ഥാന്‍, ശ്രീലങ്ക, ഓസ്ട്രേലിയ എന്നിവരോട് കീഴടങ്ങി സെമി സാധ്യതകള്‍ കളഞ്ഞ് കുളിച്ച് നിന്ന ഇംഗ്ലണ്ടിന് ഈ മത്സരങ്ങളില്‍ തലവേദനയായി മാറിയത് ജേസണ്‍ റോയിയുടെ അഭാവമായിരുന്നു. റോയിയുടെ അഭാവത്തില്‍ ഇംഗ്ലണ്ട് ഓപ്പണിംഗ് കൂട്ടുകെട്ടിനെ എതിരാളികള്‍ക്ക് അനായാസം തകര്‍ക്കുവാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ റോയ് വീണ്ടും സ്ക്വാഡിലേക്ക് തിരികെ എത്തിയ ശേഷം ഇംഗ്ലണ്ടിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ടോപ് ഓര്‍ഡറിലെ എല്ലാ താരങ്ങളും മികച്ച ഫോമിലാണെന്നതാണ് ഇംഗ്ലണ്ടിന്റെ കരുത്ത്, ജോസ് ബട്‍ലറിനും ബെന്‍ സ്റ്റോക്സിനുമൊന്നും വേണ്ടത്ര അവസരം ലഭിയ്ക്കുന്നുമില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ അവസരം ലഭിച്ചപ്പോള്‍ ഇരുവരും തങ്ങളുടെ ഫോം തെളിയിക്കുകയും ചെയ്തതാണ്.
ബൗളിംഗില്‍ ആദ്യ പത്തോവറില്‍ ക്രിസ് വോക്സിനെയും ജോഫ്ര ആര്‍ച്ചറെയും മറികടന്ന് കിട്ടുക എന്നത് ഏറ്റവും ശ്രമകരമായ ദൗത്യം തന്നെയാണ് എതിരാളികളെ സംബന്ധിച്ച്. കണിശതയോടെ പന്തെറിയുന്ന ലിയാം പ്ലങ്കറ്റും മാര്‍ക്ക് വുഡുമാണ് പിന്നീട് പന്തെറിയുവാനെത്തുന്നത്. ഒപ്പം ടീമിലെ ഏക സ്പിന്നറായി ആദില്‍ റഷീദും ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സും എതിരാളികള്‍ക്ക് കനത്ത പ്രഹരം ഏല്പിക്കുവാന്‍ കഴിയുന്ന താരങ്ങളാണ്. മികച്ച ഫോമിലുള്ള ജോ റൂട്ട് പല മത്സരങ്ങളിലും എതിരാളികളെ വെള്ളം കുടിപ്പിച്ച് ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ വിക്കറ്റുകള്‍ നേടിക്കൊടുത്തിട്ടുണ്ട്. 19 വിക്കറ്റുമായി ജോഫ്ര ആര്‍ച്ചറും 17 വിക്കറ്റുമായി മാര്‍ക്ക് വുഡുമാണ് ഇംഗ്ലണ്ടിന്റെ വിക്കറ്റ് നേട്ടക്കാരില്‍ മുമ്പന്മാര്‍. ക്രിസ് വോക്സ് 13 വിക്കറ്റുമായി അല്പമകലെ നിലകൊള്ളുന്നു.
ന്യൂസിലാണ്ടിനെ സംബന്ധിച്ചിടത്തോളം ആദ്യ മത്സരത്തിന് ശേഷം ഓപ്പണിംഗ് കൂട്ടുകെട്ട് സമ്പൂര്‍ണ്ണ പരാജയമായി മാറിക്കഴിഞ്ഞിട്ടുണ്ട് എന്നതാണ് ടീമിന്റെ ഏറ്റവും വലിയ തലവേദന. കെയിന്‍ വില്യംസണ്‍ ആണ് ടീമിന്റെ നെടുംതൂണ്‍. ഒപ്പം റോസ് ടെയിലറും പലയാവര്‍ത്തി ടീമിനെ കരകയറ്റിയിട്ടുണ്ട്. സെമി ഫൈനലില്‍ ഇന്ത്യയ്ക്കെതിരെ ബാറ്റിംഗില്‍ തിളങ്ങിയതും ഈ സംഘമാണ്. ഫൈനലിലും ന്യൂസിലാണ്ടിന്റെ സാധ്യത ഈ താരങ്ങളിലാണെന്നതില്‍ യാതൊരു അതിശയവുമില്ല. അതേ സമയം മാര്‍ട്ടിന്‍ ഗപ്ടില്‍ ഫോമിലേക്ക് ഉയരാത്തതാണ് ന്യൂസിലാണ്ടിനെ അലട്ടുന്ന കാര്യം. ശ്രീലങ്കയ്ക്കെതിരെ വിക്കറ്റ് നഷ്ടമില്ലാതെയുള്ള വിജയത്തിന് ശേഷം ഓപ്പണിംഗ്ഒരിക്കലും ന്യൂസിലാണ്ടിന്റെ തുണയ്ക്കെത്തിയിട്ടില്ല.
ബൗളിംഗ് തന്നെയാണ് ടീമിന്റെ പ്രധാന കരുത്ത്. ലോക്കി ഫെര്‍ഗൂസണും മാറ്റ് ഹെന്‍റിയും ട്രെന്റ് ബോള്‍ട്ടിന് മികച്ച പിന്തുണയാണ് നല്‍കുന്നത്. ട്രെന്റ് ബോള്‍ട്ട് വിക്കറ്റുകളുമായി തന്റെ പ്രകടനത്തോട് നീതി പുലര്‍ത്തി അപകടകരമായ സ്പെല്ലുകളാണ് ടൂര്‍ണ്ണമെന്റില്‍ ഇതുവരെ പുറത്തെടുത്തിട്ടുള്ളത്. ലോക്കി ഫെര്‍ഗൂസണ്‍ ന്യൂസിലാണ്ട് നിരയില്‍ ഏറ്റവും അധികം വിക്കറ്റുമായി നില്‍ക്കുമ്പോള്‍ തൊട്ടുപുറകെയാണ് ബോള്‍ട്ട് സ്ഥിതി ചെയ്യുന്നത്. മാറ്റ് ഹെന്‍റിയും ഏറെ ദുരത്തല്ലാതെ നിലകൊള്ളുന്നു.
ന്യൂസിലാണ്ടിനെ കീഴടക്കിയാണ് ഇംഗ്ലണ്ട് സെമി ഫൈനലിലേക്ക് കടന്നത്. അന്ന് ആധികാരികമായി 119 റണ്‍സിന്റെ വിജയമാണ് ടീം നേടിയത്. ഇന്ന് വീണ്ടും ഇരു ടീമുകളും ഏറ്റുമുട്ടുമ്പോള്‍ സമാനമായ ഫോം ഇംഗ്ലണ്ട് നേടിയാല്‍ ആദ്യമായി ലോക കിരീടം ക്രിക്കറ്റിന്റെ ജന്മ നാട്ടിലേക്ക് എത്തുമെന്ന് ഉറപ്പാകും. നിലവിലെ ഫോമില്‍ ഇംഗ്ലണ്ടിന് തന്നെയാണ് സാധ്യതയെങ്കിലും ക്രിക്കറ്റെന്ന അപ്രതീക്ഷിത നിറഞ്ഞ മത്സരത്തില്‍ ന്യൂസിലാണ്ടിനും കന്നി കിരീടം ഏറെ അകലെയല്ലെന്നതാണ് യാഥാര്‍ത്ഥ്യം. ലോര്‍ഡ്സിലെ കാണികുള്‍ക്കും ഈ മത്സരം കാണുന്ന ഏവര്‍ക്കും മികച്ചൊരു ക്രിക്കറ്റ് വിരുന്ന് താരങ്ങള്‍ നല്‍കുമെന്ന പ്രതീക്ഷയോടെയാണ് ഏവരും കാത്തിരിക്കുന്നത്.