വനിത ആഷസിലെ ഏക ടെസ്റ്റിന് ആവേശകരമായ അവസാനം. മത്സരത്തിൽ ഇംഗ്ലണ്ടിനും ഓസ്ട്രേലിയയ്ക്കും ജയ സാധ്യതയുണ്ടായെങ്കിലും മത്സരം അവസാനം സമനിലയിൽ അവസാനിക്കുകയായിരുന്നു. ഓസ്ട്രേലിയ തങ്ങളുടെ രണ്ടാം ഇന്നിംഗ്സിൽ 216/7 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്തപ്പോള്‍ 48 ഓവറിൽ 257 റൺസ് ആയിരുന്നു ഇംഗ്ലണ്ടിന് ജയിക്കുവാന്‍ വേണ്ടിയിരുന്നത്.
ഈ വെല്ലുവിളി ഇംഗ്ലണ്ട് ടോപ് ഓര്‍ഡര്‍ ഏറ്റെടുത്തപ്പോള്‍ മത്സരം വിജയിക്കുവാനാകുമെന്ന നിലയിലേക്ക് ടീം എത്തി. അവസാന പത്തോവറിൽ ജയിക്കുവാന്‍ 45 റൺസ് എന്ന നിലയിലേക്ക് ഇംഗ്ലണ്ട് എത്തിയെങ്കിലും പിന്നീട് തുടരെ വിക്കറ്റുകള്‍ വീണത് ടീമിന് തിരിച്ചടിയായി. സോഫിയ ഡക്ലി(45), നത്താലി സ്കിവര്‍(58), ഹീത്തര്‍ നൈറ്റ്(48), താമി ബ്യൂമോണ്ട്(36), ലൗറന്‍ വിന്‍ഫീൽഡ് ഹിൽ(33) എന്നിവരായിരുന്നു ഇംഗ്ലണ്ടിന്റെ പ്രധാന സ്കോറര്‍മാര്‍.
എന്നാൽ പിന്നീട് തുടരെ വിക്കറ്റുകളുമായി ഓസ്ട്രേലിയ മത്സരത്തിൽ പിടിമുറുക്കിയപ്പോള്‍ അവര്‍ക്കും വിജയ സാധ്യത മത്സരത്തിലുണ്ടായി. അന്നാബെൽ സത്തര്‍ലാണ്ടും(മൂന്ന് വിക്കറ്റും) അലാന കിംഗും(രണ്ട് വിക്കറ്റ്) പ്രഭാവമുണ്ടാക്കിയപ്പോള്‍ ഓസ്ട്രേലിയ 9 ഇംഗ്ലണ്ട് വിക്കറ്റുകള്‍ നേടിയെങ്കിലും 48 ഓവറുകള്‍ അവസാനിച്ചതോടെ ഇംഗ്ലണ്ട് സമനിലയുമായി രക്ഷപ്പെട്ടു.
9 വിക്കറ്റ് നഷ്ടത്തിൽ 245 റൺസാണ് ഇംഗ്ലണ്ട് നേടിയത്.