അടുത്ത വർഷം നടക്കുന്ന അണ്ടർ 17 വനിതാ ലോകകപ്പിന് ഇന്ത്യ ആതിഥ്യം വഹിക്കുന്നു എന്ന് അറിഞ്ഞപ്പോൾ ഫുട്ബോൾ പ്രേമികൾ തിങ്ങി നിറഞ്ഞു നിൽക്കുന്ന കേരളത്തിന് വീണ്ടും ഒരു ലോകകപ്പിന് സാക്ഷിയാകാം എന്നാണ് കരുതിയത്. എന്നാൽ ലോകകപ്പിനായുള്ള നാലു വേദികൾ പ്രഖ്യാപിച്ചപ്പോൾ കേരളം പുറത്ത്. കൊച്ചി കലൂർ സ്റ്റേഡിയം ഉൾപ്പെടുത്താതെ ആണ് നാല് വേദികൾ തീരുമാനിച്ചിരിക്കുന്നത്.
അണ്ടർ 17 ആൺ കുട്ടികളുടെ ലോകകപ്പിൽ ആറു വേദികൾ ഉണ്ടായിരുന്നു എങ്കിൽ വനിതാ ലോകകപ്പിൽ 16 ടീമുകൾ മാത്രമായതിനാൽ നാലു വേദികളെ ഉള്ളൂ. കളി കാണാൻ ആൾക്കാരെ ഇല്ലാത്ത ഡെൽഹി, മുംബൈ എന്നിവിടങ്ങളിലെ സ്റ്റേഡിയത്തിൽ ലോകകപ്പ് നടക്കുമ്പോൾ ഫുട്ബോളിന് ഏറെ വേരുള്ള കേരളത്തിനും ഗോവയ്ക്കും വേദി നഷ്ടപ്പെട്ടു. ഭുവനേശ്വർ പുതിയ വേദി ആയും മാറി. കൊൽക്കത്തയാണ് നാലാം വേദി.
കഴിഞ്ഞ അണ്ടർ 17 ലോകകപ്പ് നടന്നപ്പോൾ കൊൽക്കത്ത കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാണികൾ വന്നത് കേരളത്തിലെ മത്സരങ്ങൾക്കായിരുന്നു. ഗോവയും മികച്ച കാണികളെ ഗ്യാലറിയിൽ എത്തിച്ചിരുന്നു. എ ഐ എഫ് എഫിന്റെ ഫിഫയുടെയും വേദി തിരഞ്ഞെടുപ്പിനെതിരെ ഫുട്ബോൾ ആരാധകരുടെ പ്രതിഷേധം ശക്തമാവുന്നുണ്ട്.