ഓൾട്രാഫോർഡിൽ സമനിലയിൽ കുരുങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഓൾഡ്ട്രാഫോർഡിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും വിജയമില്ലാതെ മൗറീനോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ്‌. ഇന്ന് വോൾവ്സിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് 1-1 എന്ന സ്കോറിന്റെ സമനിലയാണ് വഴങ്ങിയത്. കഴിഞ്ഞ ഹോം മത്സരത്തിൽ ടോട്ടൻഹാമിനോട് പരാജയവും യുണൈറ്റഡ് ഏറ്റുവാങ്ങിയിരുന്നു. വോൾവ്സിന്റെ ഡിഫൻസീവ് മികവാണ് ഇന്ന് അവരെ ഒരു പോയന്റുമായി ഓൾഡ്ട്രാഫോർഡിൽ നിന്ന് മടങ്ങാൻ സഹായിച്ചത്.

മികച്ച രീതിയിൽ മത്സരം തുടങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെയാണ് കളിയിൽ ലീഡ് എടുത്തതും. 18ആം മിനുട്ടിൽ ബ്രസീലിയൻ താരം ഫ്രെഡ് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ലീഡ് നൽകിയത്. പോൾ പോഗ്ബയുടെ ഗംഭീര ടച്ചിലൂടെ ലഭിച്ച പാസ് ബോക്സിന് പുറത്ത് നിന്ന് ഫ്രെഡ് വലയിൽ എത്തിക്കുകയായിരുന്നു. ഫ്രെഡിന്റെ യുണൈറ്റഡ് കരിയറിലെ ആദ്യ ഗോളായിരുന്നു ഇത്.

രണ്ടാം പകുതിയിലാണ് വോൾവ്സിന്റെ സമനില ഗോൾ പിറന്നത്. കളി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നിയന്ത്രണത്തിൽ ഇരിക്കുമ്പോൾ നടത്തിയ ഒരു കൗണ്ടർ അറ്റാക്കിന് ഒടുവിൽ മൗട്ടീനോ ആണ് വോൾവ്സിനെ ഒപ്പം എത്തിച്ചത്. ആ ഗോളിന് ശേഷം മുഴുവൻ സമയവും മാഞ്ചസ്റ്റർ യുണൈറ്റഡ് വോൾവ്സ് പ്രതിരോധത്തെ ആക്രമിച്ചു എങ്കിലും ഫലം ഉണ്ടായില്ല. മാർഷ്യലും മാറ്റയും ഒക്കെ സബായി ഇറങ്ങിയിട്ടും സമനില പൂട്ട് പൊട്ടിയില്ല.

വോൾവ്സിന്റെ ചരിത്രത്തിലെ മികച്ച തുടക്കങ്ങളിൽ ഒന്നാണ് ഈ ലീഗിൽ വോൾവ്സിന് ലഭിക്കുന്നത്. 6 മത്സരങ്ങൾ കളിച്ചപ്പോഴും ഒരു പരാജയം മാത്രമെ വോൾവ്സിന് ഉള്ളൂ. മുമ്പ് മാഞ്ചസ്റ്റർ സിറ്റിയെയും വോൾവ്സ് സമനിലയിൽ പിടിച്ചിരുന്നു.