ലാലിഗയിലെ വമ്പന്മാരുടെ കഷ്ടകാലം തുടരുന്നു. ഇന്നലെ റയൽ മാഡ്രിഡ് ജയമില്ലാത്ത നാല് ലാലിഗ മത്സരങ്ങൾ പൂർത്തിയാക്കിയതിന് പിന്നാലെ ഇന്ന് ബാഴ്സലോണയും ജയിക്കാനാകാതെ കളം വിട്ടു. ഇന്ന് വലൻസിയക്കെതിരെ ആണ് ബാഴ്സലോണ 1-1 എന്ന സമനില വഴങ്ങിയത്. ഇതോടെ ബാഴ്സലോണയും ലാലിഗയിൽ ജയമില്ലാതെ നാല് മത്സരങ്ങൾ പിന്നിട്ടു. അവസാന നാലു മത്സരങ്ങളിൽ നിന്നായി ആകെ മൂന്ന് പോയന്റാണ് ബാഴ്സലോണ ലീഗിൽ സ്വന്തമാക്കിയത്.
ഇന്ന് മത്സരത്തിന്റെ രണ്ടാം മിനുട്ടിൽ തന്നെ ബാഴ്സലോണ പിറകിലായിരുന്നു. ഗാരേ ആണ് വലൻസിയക്ക് രണ്ടാം മിനുട്ടിൽ ലീഡ് നേടിക്കൊടുത്തത്. സൂപ്പർ താരം ലയണൽ മെസ്സിയുടെ ഒരു ഗംഭീര ഗോൾ ഉള്ളത് കൊണ്ട് മാത്രമാണ് ബാഴ്സലോണക്ക് ഇന്ന് സമനില എങ്കിലും ലഭിച്ചത്. സമനിലയോടെ ലീഗിലെ ഒന്നാം സ്ഥാനം ബാഴ്സക്ക് നഷ്ടമായി.
സെവിയ്യയാണ് ലീഗിൽ ഇപ്പോൾ ഒന്നാമത് ഉള്ളത്. ഇന്ന് നടന്ന മത്സരത്തിൽ സെൽറ്റ വിഗോയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് സെവിയ്യ ഒന്നാമത് എത്തിയത്. സെവിയ്യക്ക് 16 പോയന്റാണ് ഉള്ളത്. 15 പോയന്റുമായി ബാഴ്സലോണ രണ്ടാമതും 15 പോയന്റ് തന്നെ ഉള്ള അത്ലറ്റിക്കോ മാഡ്രിഡ് മൂന്നാം സ്ഥാനത്തും ഉണ്ട്ം റയൽ മാഡ്രിഡ് നാലാമതാണ് ഉള്ളത്.