വിംബിൾഡൺ മിക്സഡ് ഡബിൾസിൽ ഇന്ത്യൻ സഖ്യമായ സാനിയ മിർസ-രോഹൻ ബോപ്പണ്ണ സഖ്യം മൂന്നാം റൗണ്ടിൽ. ബ്രിട്ടീഷ് സഖ്യമായ അയിദൻ മക്ഹ്യു, എമിലി സ്മിത്ത് സഖ്യത്തെയാണ് സാനിയ – ബോപ്പണ്ണ സഖ്യം രണ്ടാം റൗണ്ടിൽ തോൽപ്പിച്ചത്. വനിതാ ഡബിൾസ് മത്സരത്തിനു ശേഷം ഇന്നത്തെ തന്റെ രണ്ടാം മത്സരത്തിനു ഇറങ്ങിയ സാനിയ പക്ഷെ ആ ക്ഷീണം മത്സരത്തിൽ കാണിച്ചില്ല. മത്സരത്തിൽ സമ്പൂർണ്ണ ആധിപത്യം പുലർത്തിയ ഇന്ത്യൻ സഖ്യം ബ്രിട്ടീഷ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് തകർത്തത്. ഓരോ സെറ്റിലും ഇരട്ട ബ്രൈക്കുകൾ കണ്ടത്തിയ ഇന്ത്യൻ സഖ്യം 6-3, 6-1 എന്ന സ്കോറിന് ജയം കണ്ടു മൂന്നാം റൗണ്ട് ഉറപ്പിക്കുക ആയിരുന്നു.
അതേസമയം സാനിയ നേരത്തെ ഇറങ്ങിയ വനിത ഡബിൾസിൽ നിരാശ ആയിരുന്നു സാനിയക്ക് നേരിടേണ്ടി വന്നത്. റഷ്യൻ സഖ്യമായ എലെന, വെറോണിക്ക സഖ്യത്തിനോട് നേരിട്ടുള്ള സെറ്റുകൾക്ക് ആണ് രണ്ടാം റൗണ്ടിൽ ഇന്ത്യൻ അമേരിക്കൻ സഖ്യമായ സാനിയ മിർസ – ബെതനി സാന്റ്സ് സഖ്യം പരാജയപ്പെട്ടത്. ഒരു തവണ മാത്രം എതിരാളികൾക്ക് മേൽ ബ്രൈക്ക് കണ്ടത്താൻ സാധിച്ച സാനിയ സഖ്യം 4 തവണ ബ്രൈക്ക് വഴങ്ങി. 6-4, 6-3 എന്ന നേരിട്ടുള്ള സ്കോറിന് ആയിരുന്നു സാനിയ സഖ്യത്തിന്റെ പരാജയം. വനിതാ ഡബിൾസിൽ സാനിയയും പുരുഷ ഡബിൾസിൽ ബോപ്പണ്ണയും നേരിട്ട നിരാശ മിക്സഡ് ഡബിൾസിൽ തിരുത്താൻ ആവും ഇരു താരങ്ങളുടെയും ഇനിയുള്ള ശ്രമം.