കളി ജയിക്കാൻ കണ്ണാടി പ്രയോഗം, വിംബിൾഡണിൽ അമ്പരിപ്പിക്കുന്ന കളികളുമായി ഒമ്പതാം ദിവസം

shabeerahamed

20220706 090744
Download the Fanport app now!
Appstore Badge
Google Play Badge 1

തന്റെ അവസാന വിംബിൾഡൺ കളിക്കുന്ന സാനിയ മിർസ, മാറ്റ് പാവിച് കൂട്ടുകെട്ടിൽ മിക്സഡ് ഡബിൾസിൽ സെമിയിൽ കടന്ന വാർത്തയാണ് ഇന്ത്യക്കാർക്ക് ഇന്നലെ സന്തോഷം നൽകിയത്.

വനിതകളുടെ സിംഗിൾസിൽ ഓൾ ജർമൻ ക്വാർട്ടർ കാണികളുടെ ശ്രദ്ധ നേടി. രണ്ട് പെണ്കുട്ടികളുടെ അമ്മയായ ടറ്റ്ജാന മരിയ ഒരു സെറ്റിനെതിരെ രണ്ട് സെറ്റുകൾക്ക് സ്വന്തം നാട്ടുകാരിയായ ജ്യുൽ നെയ്മിയരെ തോൽപ്പിച്ചു. തന്റെ ആദ്യ ഗ്രാൻഡ്സ്ലാം സെമിയിൽ കടന്ന മരിയ കാണികളുടെ പൂർണ്ണ പിന്തുണയോടെയാണ് കളിച്ചത്. അവരുടെ പ്രയത്നവും നിശ്ചയദാർഢ്യവും ഏതൊരു മനുഷ്യനും പ്രചോദനമാണ്.
20220706 090823
ഇന്നലെ നടന്ന ആണുങ്ങളുടെ രണ്ടാമത്തെ ക്വാർട്ടർ, തുല്യരുടെ കളിയായി. ഒപ്പത്തിനൊപ്പം, സെറ്റുകൾ മാറി മാറി നേടി ബെൽജിയൻ താരം ഡേവിഡ് ഗോഫിനും, ബ്രിട്ടീഷ് പ്രതീക്ഷ കാമറൂൺ നോറിയും കളി ഉജ്ജ്വലമാക്കി. ഭാഗ്യം മാറി മറിഞ്ഞു എന്ന് പറഞ്ഞാൽ കളിക്കാരെ കുറച്ചു കാണിക്കുന്നതാകും. രണ്ട് പേരുടെയും കഠിന പ്രയത്നവും, ജയിക്കാനുള്ള ആവേശവും മാത്രമാണ് കോർട്ടിൽ കണ്ടത്. അഞ്ചാം സെറ്റിൽ കളി ജയിച്ചു കൊണ്ടു ഓപ്പൺ കാലഘട്ടത്തിൽ വിംബിൾഡൺ സെമിയിൽ കടക്കുന്ന നാലാമത്തെ ബ്രിട്ടീഷ് കളിക്കാരനായി കാമറൂൺ നോറി.

രണ്ടാമത്തെ വനിത സിംഗിൾസിൽ ട്യുണീഷ്യയുടെ ഓൻസ് ജാബർ, ചെക്ക് റിപ്പബ്ലിക്കിന്റെ മേരി ബുസ്കോവയെ നേരിട്ടു. ആദ്യ സെറ്റ് നേടി ശക്തമായ പോരാട്ടം കാഴ്ച്ച വച്ച ബുസ്‌കോവക്ക് പിന്നീടുള്ള സെറ്റുകളിൽ പിടിച്ചു നിൽക്കാൻ സാധിച്ചില്ല. ഒരു ഗ്രാൻഡ്സ്ലാം സെമിയിൽ കടക്കുന്ന ആദ്യ ആഫ്രിക്കൻ അറബ് വംശജയായി ഓൻസ്. സെമിയിൽ ഓൻസ് തന്റെ അടുത്ത സ്നേഹിതയായ ടറ്റ്ജാന മരിയയെയാണ് നേരിടുന്നത്. തങ്ങൾ തമ്മിൽ കളിക്കുമ്പോൾ നീ ആരെയാകും പിന്തുണയ്‌ക്കുക എന്ന് ഓൻസ് മരിയയുടെ മകൾ ചാർലോറ്റിനോട് ചോദിച്ചിട്ടുണ്ട്!

ആണുങ്ങളുടെ ആദ്യ ക്വാർട്ടർ സിംഗിൾസിൽ ഒരു കളി ജയിക്കാൻ എങ്ങനെ കണ്ണാടിയുടെ സഹായം തേടാം എന്ന് കണ്ടു. സിന്നർ തന്റെ പ്രൊഫഷണൽ കരിയറിലെ നാലാമത്തെ ക്വാർട്ടർ കളിച്ചത് ജോക്കോവിച്ചിന് എതിരെയാണ്. ആദ്യ സെറ്റിൽ 5-4 ലീഡ് ചെയ്ത ജോക്കോവിച്ചിനെ അവസാന ഗെയിമുകളിൽ ബ്രേക്ക് ചെയ്ത് സിന്നർ ആദ്യ സെറ്റ് നേടിയപ്പോൾ കാണികൾ അധികം കാര്യമായി എടുത്തില്ല. പക്ഷെ രണ്ടാം സെറ്റും സിന്നർ നേടിയപ്പോൾ ജോക്കോവിച്ചിന്റെ തോൽവി എല്ലാവരും ഉറപ്പിച്ചു. നോവാക്കിന്റെ ശരീര ഭാഷയും അതാണ് സൂചിപ്പിച്ചത്. ഒരു തളർന്ന കളിക്കാരനെയാണ് നോവാക്കിൽ കണ്ടത്. മൂന്നാമത്തെ സെറ്റിന് മുൻപ് ജോക്കോ ഒരു ടോയ്ലറ്റ് ബ്രേക്ക് എടുത്തു തിരിച്ചു വന്നത് മറ്റൊരു മനുഷ്യനായിട്ടാണ്. ടോയ്‌ലറ്റിലെ കണ്ണാടിയിൽ നോക്കി ജോക്കോ ഒരു പെപ് ടോക്ക് നടത്തിയത്രേ. പിന്നീട് കണ്ടത് യഥാർത്ഥ ജോക്കോവിച്ചിനെയാണ്. അടുത്ത മൂന്ന് സെറ്റും സിന്നർക്ക് ഒരു ചാൻസും കൊടുക്കാതെ ജോക്കോവിച്ച് കോർട്ട് കയ്യടക്കി സെമിയിലേക്ക് കടന്നു. ഓസ്‌ട്രേലിയൻ ഓപ്പണും, ഫ്രഞ്ച് ഓപ്പണും നഷ്ടപ്പെട്ട ജോക്കോവിച്ചിന് വിംബിൾഡൺ മാത്രമാണ് ഇക്കൊല്ലം സാധ്യതയുള്ള ഒരു ഗ്രാൻഡ്സ്ലാം. വാക്സിൻ എടുക്കാത്തത് കൊണ്ട് യുഎസ് ഓപ്പൺ കളിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. അത് കൊണ്ട് തന്നെ ഇന്നത്തെ ജയം വലിയൊരു ആശ്വാസമായി.