റഷ്യൻ കളിക്കാരെ ബാൻ ചെയ്ത വിംബിൾഡൺ ടൂർണമെന്റിന്റെ വനിത സിംഗിൾസിൽ റഷ്യക്കാരി റിബകീന ചാമ്പ്യനായി! എലേന റിബകീന ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് ട്യുണീഷ്യൻ താരം ഓൻസ് ജാബറെ തോൽപ്പിച്ചു വീനസ് റോസ്‌വാട്ടർ ഡിഷ് ഉയർത്തി. 2018ൽ കസാക്ക് സർക്കാരിന്റെ ടെന്നീസ് പ്രോഗ്രാമിൽ ആകൃഷ്ടയായി കസാക്കിലേക്ക് മാറിയ റിബകീന ഇപ്പഴും റഷ്യയിലാണ് താമസം.
ആദ്യ സെറ്റിൽ തകർത്തു കളിച്ച ഓൻസിന് അമിത ആത്മവിശ്വാസം വിനയായി. രണ്ടാമത്തെ സെറ്റ് വിട്ടുകളഞ്ഞ ഓൻസിന് പിന്നീട് കളിയിലേക്ക് തിരിച്ചു വരാൻ സാധിച്ചില്ല. റിബകീനയുടെ ആദ്യ ഗ്രാൻഡ്സ്ലാം വിജയമാണിത്. പവർ പ്ലെയറായ റിബകീന, ഇനിയുള്ള കാലങ്ങളിൽ ഗ്രാൻഡ്സ്ലാം ടൂർണമെന്റുകളിൽ ഒരു സ്ഥിരം പേരാകും എന്ന കാര്യത്തിൽ സംശയം വേണ്ട. ഓൻസ് സങ്കടപ്പെടേണ്ട കാര്യമില്ല, അറബ്-ആഫ്രിക്കൻ നാടുകളിൽ നിന്ന് ഇനിയുള്ള കാലഘട്ടത്തിൽ ഉയർന്നു വരുന്ന ഒട്ടനവധി കളിക്കാർക്ക് അവർ ഒരു പ്രചോദനമാകും.
കഴിഞ്ഞ രണ്ടാഴ്ച്ചയായി നടക്കുന്ന ഈ ടെന്നീസ് മാമാങ്കത്തിന് ഇന്ന് തിരശ്ശീല വീഴും. അതിന് മുമ്പ് വൈകിട്ട് വെടിക്കെട്ടുണ്ടാകും. അതിനാണ് ടെന്നീസ് ആരാധകർ കാത്തിരിക്കുന്നത്. ലണ്ടൻ പുൽക്കോർട്ടുകളിൽ മാസ്മരിക വിസ്മയങ്ങൾ തീർക്കാൻ തയ്യാറായി നിൽക്കുകയാണ് രണ്ട് കളിയാശാന്മാർ. കോർട്ടിൽ വർണ്ണം വിതറും എന്ന കാര്യത്തിൽ ശങ്കയില്ല, തീപ്പൊരി എത്രമാത്രം ഉണ്ടാകുമെന്ന് മാത്രം നോക്കിയാൽ മതി.