ഇന്നലെ കളിച്ചവരെക്കാൾ, കളിക്കാത്ത ഒരാളുടെ വാർത്തയാണ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയത്. ഇന്ന് സെമി ഫൈനലിൽ കിരിയോസിനെ നേരിടാനിരിക്കെ, മത്സരത്തിൽ നിന്നും പിൻവാങ്ങുന്നതായി നദാൽ പ്രഖ്യാപിച്ചു. 45 മിനിറ്റ് പരിശീലനത്തിനൊടുവിൽ നദാൽ തന്റെ തീരുമാനം അറിയിച്ചു. വയറിലെ പേശികളിൽ 7എംഎം നീളത്തിൽ ഒരു മുറിവ് ഉണ്ടെന്ന് കഴിഞ്ഞ ദിവസം ഡോക്ടർമാർ നദാലിനെ അറിയിച്ചിരുന്നു. അതിന്റെ വേദനയും സഹിച്ചാണ് ക്വാർട്ടറിൽ കളിച്ചത്. ഇനിയും അതുമായി മുന്നോട്ട് പോയാൽ പരിക്ക് ഗുരുതരമാകും എന്ന് തിരിച്ചറിഞ്ഞാണ് വിംബിൾഡണിൽ നിന്നും വിട്ടു നിൽക്കാൻ തീരുമാനിച്ചത്. ലോകമെമ്പാടുമുള്ള ടെന്നീസ് ആരാധകർ സങ്കടത്തോടെയാണ് ഈ ചാമ്പ്യന്റെ തീരുമാനം കേട്ടത്. പരിക്ക് ഭേദമായി നദാൽ വീണ്ടും ടെന്നീസിലേക്ക് തിരിച്ചു വരും എന്ന് തന്നെയാണ് ടെന്നീസ് ലോകം വിശ്വസിക്കുന്നത്.
കളിക്കളത്തിലെ മറ്റ് ചില പ്രകടനങ്ങൾ കാണികളുടെ മനസ്സും കണ്ണും നിറച്ച ദിനമായിരുന്നു ഇന്നലെ. വനിതകളുടെ സെമിയിൽ സുഹൃത്തുക്കളുടെ, ഉത്തമ സ്പോർസ്മാൻ സ്പിരിറ്റിന്റെ, നല്ല ടെന്നീസിന്റെ പ്രകടനം കാണാൻ കാണികൾക്ക് ഭാഗ്യമുണ്ടായി. താത്യാന മരിയയും, ഓൻസ് ജാബറും തമ്മിലുള്ള സെമി വിംബിൾഡൺ ചരിത്രത്തിൽ തന്നെ അവിസ്മരണീയമായ ഒന്നായി മാറി. ആദ്യ സെറ്റ് നേടി മുന്നിട്ട് നിന്ന ജാബറിനെ രണ്ടാം സെറ്റിൽ മരിയ തോല്പിച്ചെങ്കിലും, മൂന്നാം സെറ്റിൽ ശക്തമായ കളി കാഴ്ചവച്ചു ഓൻസ് ജാബർ ഒരു ഗ്രാൻഡ്സ്ലാം ഫൈനലിൽ എത്തുന്ന ആദ്യ ആഫ്രിക്കൻ അറബ് വംശജയായി. രണ്ട് പേരും തങ്ങളുടെ കഴിവ് പൂർണ്ണമായും പുറത്തെടുത്തു കളിച്ചോ എന്ന സംശയം കാണികൾക്കുണ്ടായി. കളി കഴിഞ്ഞു അമ്പയർക്കു കൈ കൊടുത്തു തന്റെ ചെയറിലേക്ക് നീങ്ങിയ മരിയയെ ഓൻസ് കൈപിടിച്ചു കോർട്ടിലേക്ക് കൊണ്ടു പോയത് നിറഞ്ഞ കൈയ്യടിയോടെയാണ് കാണികൾ സ്വീകരിച്ചത്. രണ്ട് കുട്ടികളുടെ അമ്മയായ ശേഷം മരിയ തിരിച്ചു വന്ന് ഗ്രാൻഡ്സ്ലാം കളിച്ചത് ഒരു നിസ്സാര കാര്യമല്ല. അത് പോലെ, ആഫ്രിക്കയിൽ നിന്ന് കളിച്ചു വളർന്ന് ആദ്യമായി ഒരു ഗ്രാൻഡ്സ്ലാം ഫൈനലിൽ എത്തിയ ഓൻസിന്റെ ജീവിതം ഒരുപാട് കുട്ടികൾക്ക് പ്രചോദനമാകും. തനിക്കെതിരെ കളിച്ചു തോറ്റ എതിരാളിയെ കൈപിടിച്ചു കോർട്ടിലേക്ക് കൊണ്ടു വന്ന ഓൻസിന്റെ ആ മനസ്സ് നിങ്ങൾ കാണാതെ പോകരുത്. വിംബിൾഡണിൽ ഇത് ആദ്യമായാണ്, അത് കൊണ്ട് തന്നെ ഫൈനൽ ജയിച്ചാലും ഇല്ലെങ്കിലും ചരിത്രത്തിലും ആരാധകരുടെ ഹൃദയങ്ങളിലും ഓൻസ് ഇടംപിടിച്ചു കഴിഞ്ഞു.
രണ്ടാമത്തെ സെമിയിൽ 17ആം സീഡും മുൻ ചാമ്പ്യനുമായ സിമോണ ഹാലപ്പിനെ, 16ആം സീഡ് റിബകീന നേരിട്ടുള്ള രണ്ട് സെറ്റുകൾക്ക് തോൽപ്പിച്ചു. അതി ശക്തമായ ഷോട്ടുകൾ നിറഞ്ഞ കളിയിൽ യുവ കസാക്ക് താരം ആദ്യം മുതലേ മേൽക്കൈ നേടി. ആദ്യമായി ഒരു ഗ്രാൻഡ്സ്ലാം ഫൈനലിൽ കയറുന്ന റിബകീന 2018 വരെ റഷ്യയ്ക്ക് വേണ്ടിയാണ് കളിച്ചിരുന്നത്. അതിന് ശേഷം കസാക്കിസ്ഥാൻ ടെന്നീസ് പ്രോത്സാഹിപ്പിക്കാനായി കൊണ്ടു വന്ന അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗപ്പെടുത്താനായി അങ്ങോട്ട് മാറുകയായിരുന്നു. താമസം പലപ്പോഴും റഷ്യയിൽ തന്നെയാണെങ്കിലും, പാസ്സ്പോർട് കസാക്കിന്റെയാണ്. ഈ ഒരു സാങ്കേതികത്വത്തിൽ പിടിച്ചാണ് ഇത്തവണ വിംബിൾഡൺ കളിക്കാൻ സാധിച്ചത്.
മിക്സ്ഡ് ഡബിൾസിൽ അമേരിക്കൻ ബ്രിട്ടീഷ് ടീമായ, ക്രോസിക്ക്- സ്കുപ്സ്കി കിരീടമുയർത്തി. ഫൈനലിൽ അവർ ഓസ്‌ട്രേലിയൻ ടീമായ സ്റ്റോസുർ-എബ്‌ഡനെ നേരിട്ടുള്ള രണ്ട് സെറ്റുകൾക്ക് തോല്പിച്ചു.
ഇന്ന് നടക്കാനുള്ള മെൻസ് രണ്ടാം സെമിയിൽ ജോക്കോവിച്ച്, ഗാലറിയുടെ പൂർണ്ണ പിന്തുണയോടെ കളിക്കുന്ന ബ്രിട്ടീഷ് താരം കാമറൂൺ നോറിയെ നേരിടും. ഈ കളി കാണാൻ ഏറ്റവും താൽപ്പര്യം ഒരു ഓസ്ട്രേലിയക്കാരനായിരിക്കും എന്നു എടുത്തു പറയേണ്ടല്ലോ!