വിംബിൾഡൺ കിരീടത്തിനു ആയുള്ള 1980 തിനു ശേഷമുള്ള 41 വർഷത്തെ ഓസ്‌ട്രേലിയൻ കാത്തിരിപ്പിന് വിരാമം കുറിച്ചു ലോക ഒന്നാം നമ്പർ ആഷ് ബാർട്ടി. എട്ടാം സീഡ് ആയ കരോലിന പ്ലിസ്‌കോവയെ മൂന്നു സെറ്റ് പോരാട്ടത്തിൽ വീഴ്‌ത്തിയാണ് 2019 ഫ്രഞ്ച് ഓപ്പണിനു ശേഷം ബാർട്ടി തന്റെ രണ്ടാം ഗ്രാന്റ് സ്‌ലാം കിരീടം ഇന്ന് ഉയർത്തിയത്. സെന്റർ കോർട്ടിൽ മുഴുവൻ കാണികളെ അനുവദിച്ചു നടത്തിയ ഫൈനലിൽ മികച്ച പോരാട്ടം തന്നെയാണ് കണ്ടത്. ഇടക്ക് എടുത്ത ഇടവേളക്ക് ശേഷം കിരീടം ഉയർത്താൻ ആയി ഇറങ്ങിയ ബാർട്ടി പണ്ട് ജൂനിയർ കിരീടം ഉയർത്തിയ ശേഷം തന്റെ എക്കാലത്തെയും വലിയ സ്വപ്നം യാഥാർത്ഥ്യം ആക്കി. ബാർട്ടി ആധിപത്യം നേടുന്ന ആദ്യ സെറ്റ് ആണ് മത്സരത്തിൽ കാണാൻ ആയത്. എട്ടാം സീഡ് ചെക് താരത്തിന്റെ വെല്ലുവിളി അതിജീവിച്ച ഓസ്‌ട്രേലിയൻ താരം സെറ്റ് 6-3 നു നേടി മത്സരത്തിൽ മുൻതൂക്കം നേടി.
നാടകീയമായ മികച്ച പോരാട്ടം ആണ് രണ്ടാം സെറ്റിൽ കണ്ടത്. സെറ്റിൽ ആദ്യം തന്നെ ബ്രൈക്ക് നേടിയ ബാർട്ടി സെറ്റിൽ മുന്നിലെത്തി. എന്നാൽ തിരിച്ചു ബ്രൈക്ക് കണ്ടത്തിയ പ്ലിസ്കോവ തിരിച്ചടിച്ചു. എന്നാൽ ഒരിക്കൽ കൂടി ബ്രൈക്ക് നേടിയ ബാർട്ടി 6-5 നു സെറ്റിനായി സെർവ് ചെയ്യാൻ തുടങ്ങി. 40-0 ൽ നിന്നാണ് പ്ലിസ്കോവ ഈ ഗെയിമിൽ ബ്രൈക്ക് വഴങ്ങിയത്. എന്നാൽ കടുത്ത സമ്മർദ്ദത്തിൽ പോലും ബ്രൈക്ക് തിരിച്ചു പിടിച്ചു തിരിച്ചടിച്ച ചെക് താരം സെറ്റ് ടൈബ്രേക്കറിലേക്ക് നീട്ടി. ടൈബ്രേക്കറിൽ ബാർട്ടിക്ക് എതിരെ നല്ല പോരാട്ട വീര്യം കാഴ്ച വച്ച പ്ലിസ്കോവ സെറ്റ് കയ്യിലാക്കി മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി.
മൂന്നാം സെറ്റിലും തുടക്കത്തിൽ ബ്രൈക്ക് കണ്ടത്തി രണ്ടാം സെറ്റിലെ നിരാശ മറികടക്കുന്ന ആഷ് ബാർട്ടിയെ ആണ് കാണാൻ സാധിച്ചത്. പലപ്പോഴും നീളൻ റാലികൾ കണ്ട മത്സരത്തിൽ പ്ലിസ്കോവ മികച്ച പോരാട്ടം ആണ് ബാർട്ടിക്ക് നൽകിയത്. ഇടക്ക് ബ്രൈക്ക് പോയിന്റും താരം സൃഷ്‌ടിച്ചു. എന്നാൽ അത് രക്ഷിച്ച ബാർട്ടി സർവീസ് നിലനിർത്തി സെറ്റ് 6-3 നു നേടി വിംബിൾഡൺ കിരീടം എന്ന സ്വപ്നം യാഥാർത്ഥ്യം ആക്കി. വഴങ്ങിയ 5 ബ്രൈക്ക് പോയിന്റുകളിൽ നാലും വഴങ്ങിയ ബാർട്ടി 8 തവണ ബ്രൈക്ക് പോയിന്റുകൾ സൃഷ്ടിക്കുകയും 6 തവണ ബ്രൈക്ക് കണ്ടത്തുകയും ചെയ്തു. തന്റെ മുൻഗാമിയും പ്രചോദനവും ആയ ഓസ്‌ട്രേലിയൻ തദ്ദേശവംശജ കൂടിയായ ഇവനോ ഗൂലഗോങ് ആദ്യ വിംബിൾഡൺ കിരീടം നേടിയതിന്റെ 50 വാർഷികത്തിൽ കിരീടം നേടാൻ ആയതിൽ മറ്റൊരു ഓസ്‌ട്രേലിയൻ തദ്ദേശവംശജയായ ബാർട്ടിക്ക് ഇരട്ടിമധുരം ആയി. ഗൂലഗോങിനെ ആദരിക്കാനുള്ള വസ്ത്രം ധരിച്ചായിരുന്നു ഇന്ന് ബാർട്ടി കളിക്കാൻ ഇറങ്ങിയത്. ഇടക്ക് ക്രിക്കറ്റിലും ഗോൾഫിലും പോലും തിളങ്ങിയ ബാർട്ടി ഓസ്‌ട്രേലിയൻ കായികരംഗത്ത് പുതിയ ഉയരങ്ങൾ കീഴടക്കുക ആണ്.