കോഹ്‍ലിയ്ക്ക് ഭീഷണിയായി കെയിന്‍ വില്യംസണ്‍, പുജാര ആദ്യ അഞ്ചില്‍

Sports Correspondent

ടെസ്റ്റ് റാങ്കിംഗില്‍ കുതിച്ചുയര്‍ന്ന് ന്യൂസിലാണ്ട് നായകന്‍ കെയിന്‍ വില്യംസണ്‍. പാക്കിസ്ഥാനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ മിന്നും ഫോമാണ് വില്യംസണെ ആദ്യമായി 900 റേറ്റിംഗ് പോയിന്റ് മറികടക്കുന്ന ന്യൂസിലാണ്ട് താരമാക്കി മാറ്റിയത്. ഐസിസി ചരിത്രത്തില്‍ 32 താരങ്ങളാണ് 900 റേറ്റിംഗ് പോയിന്റ് മറികടന്നിട്ടുള്ളത്. 913 റേറ്റിംഗ് പോയിന്റുമായി കെയിന്‍ വില്യംസണ്‍ റാങ്കിംഗില്‍ രണ്ടാം സ്ഥാനത്താണ്. കെയിന്‍ വില്യംസണിന്റെ ഏറ്റവും മികച്ച റേറ്റിംഗ് പോയിന്റാണ് ഇത്.

വിരാട് കോഹ്‍ലിയ്ക്ക് 15 പോയിന്റ് നഷ്ടമായി 920 റേറ്റിംഗ് പോയിന്റിലേക്ക് താഴോട്ട് വന്നുവെങ്കിലും ഒന്നാം സ്ഥാനത്ത് നില്‍ക്കുകയാണ്. മാസങ്ങളോളം ടെസ്റ്റ് കളിയ്ക്കുന്നില്ലെങ്കിലും സ്റ്റീവന്‍ സ്മിത്താണ് മൂന്നാം സ്ഥാനത്ത്. ഇന്ത്യയുടെ ചേതേശ്വര്‍ പുജാര അഡിലെയ്ഡിലെ മികവില്‍ നാലാം സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടാണ് അഞ്ചാമനായി നിലകൊള്ളുന്നത്.