വനിതാ യൂറോ കപ്പിൽ ഗ്രൂപ്പ് സിയിൽ നിന്ന് സ്വീഡനും നെതർലാന്റ്സും ക്വാർട്ടർ ഫൈനലിൽ. ഇന്ന് നടന്ന ഗ്രൂപ്പിലെ അവസാന മത്സരത്തിൽ പോർച്ചുഗലിനെ തകർത്തെറിഞ്ഞ സ്വീഡൻ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ക്വാർട്ടറിലേക്ക് കടക്കുന്നത്. പോർച്ചുഗലിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് സ്വീഡൻ പരാജയപ്പെടുത്തിയത്. സ്വീഡനായി ആംഗെൽദാൽ ഇരട്ട ഗോളുകൾ നേടി. 21, 44 മിനുട്ടുകളിൽ ആയിരുന്നു ആംഗെൽദലിന്റെ ഗോൾ. കോസ്റ്റ, അസ്ലാനി, ബ്ലാക്സ്റ്റീനിയസ് എന്നിവരാണ് മറ്റു ഗോൾ സ്കോറേഴ്സ്.
നെതർലന്റ്സ് സ്വിറ്റ്സർലാന്റിനെ 4-1ന് തോൽപ്പിച്ചു എങ്കിലും അത്ര എളുപ്പമായിരുന്നില്ല അവരുടെ വിജയം. 84ആം മിനുട്ട് വരെ സ്കോർ 1-1 എന്നായിരുന്നു. അവിടെ നിന്നാണ് 4-1ന്റെ ജയത്തിലേക്ക് നെതർലന്റ്സ് എത്തിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒരു സെൽഫ് ഗോളിലൂടെയാണ് നെതർലന്റ്സ് ലീഡ് എടുത്തത്. 53ആം മിനുട്ടിൽ സ്വിറ്റ്സർലാന്റ് റിയുടെലറിലൂടെ സമനില കണ്ടെത്തി. പിന്നീട് 84ആം മിനുട്ടിൽ ലിയുക്ചർ ഹോളണ്ടിന് ലീഡ് നൽകി. പെലോവയും ലിയുക്ചറും അവസാന നിമിഷങ്ങളിൽ വീണ്ടും വല കണ്ടെത്തിയതോടെ ഹോളണ്ടിന് വലിയ ജയം തന്നെ സ്വന്തമായി.