അലക്‌സാണ്ടർ മിട്രോവിച്ചിന്റെ ഇഞ്ച്വറി സമയത്തെ ഗോൾ തകർത്തത് പോർച്ചുഗീസ് ഹൃദയങ്ങളെ ആണ്. 90 മിനിറ്റിൽ മിട്രോവിച്ചിന്റെ ഹെഡർ ഗോൾ സമ്മാനിച്ചത് 2022 ലെ ഖത്തർ ലോകകപ്പിനു സെർബിയക്ക് ഉള്ള ടിക്കറ്റും. തന്റെ പെനാൽട്ടി നഷ്ടം രാജ്യത്തിനു യൂറോ യോഗ്യത നഷ്ടമാക്കിയപ്പോൾ അതിനു രാജ്യത്തിനു ലോകകപ്പ് യോഗ്യത നേടി നൽകിയാണ് ഇത്തവണ മിട്രോവിച്ചിന്റെ പ്രായശ്ചിത്തം. എട്ടാം ലോകകപ്പ് യോഗ്യത മത്സരത്തിൽ നിന്നു മിട്രോവിച്ചിന്റെ എട്ടാം ഗോൾ ആയിരുന്നു ഈ ചരിത്ര ഗോൾ. ഗ്രൂപ്പ് എയിൽ പോർച്ചുഗലിനെ അവരുടെ മൈതാനത്ത് നേരിടുമ്പോൾ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് ആയിരുന്നു സെർബിയ. മികച്ച ഫോമിൽ ആയിരുന്ന സെർബിയ മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ തന്നെ പിറകിൽ പോയി. ബെർണാഡോ സിൽവയുടെ പാസിൽ നിന്നു റെനാറ്റോ സാഞ്ചസ് പോർച്ചുഗലിന് ഗോൾ സമ്മാനിക്കുക ആയിരുന്നു. ഗോൾ വഴങ്ങിയ ശേഷം സെർബിയ ഉണർന്നു.
പന്ത് അടക്കത്തിൽ അടക്കം സെർബിയ ആണ് കൂടുതൽ മുന്നിട്ട് നിന്നത്. കഴിഞ്ഞ മൂന്നു കളികളിൽ ഗോൾ വഴങ്ങാത്ത പോർച്ചുഗീസ് വലയിലേക്ക് 33 മത്തെ മിനിറ്റിൽ സാസ ലുകിച്ചിന്റെ പാസിൽ നിന്നു പന്ത് തുസാൻ ടാഡിച്ച് സെർബിയക്ക് മത്സരത്തിൽ സമനില ഗോൾ സമ്മാനിച്ചു. ലോകകപ്പ് യോഗ്യതക്ക് സമനില മാത്രം മതിയായിരുന്ന പോർച്ചുഗൽ അത് നേടും എന്നു തോന്നിയ സ്ഥലത്ത് നിന്നാണ് നാടകീയ രംഗങ്ങൾക്ക് മത്സരത്തിന്റെ അവസാന നിമിഷങ്ങൾ സാക്ഷിയായത്. ഇഞ്ച്വറി സമയത്ത് 90 മത്തെ മിനിറ്റിൽ ടാഡിച്ചിന്റെ മനോഹരമായ ക്രോസിൽ നിന്നു മികച്ച ഹെഡറിലൂടെ ഫുൾഹാമിന്റെ മിട്രോവിച്ച് നേടിയ ഗോൾ സെർബിയക്ക് സമ്മാനിച്ചത് സ്വർഗ്ഗം തന്നെയായിരുന്നു. ഇതോടെ സെർബിയ നേരിട്ട് ലോകകപ്പിന് എത്തുമ്പോൾ പോർച്ചുഗല്ലിന് പ്ലെ ഓഫ് കളിക്കേണ്ടി വരും. നിലവിൽ യോഗ്യത മത്സരങ്ങളിൽ ഒരൊറ്റ മത്സരം തോറ്റ റൊണാൾഡോക്കും സംഘത്തിനും പ്രതീക്ഷകൾ ഇനിയും ഏറെയാണ്. പ്ലെ ഓഫിൽ പോർച്ചുഗൽ ആരെ നേരിടും എന്നു ഇത് വരെ വ്യക്തമല്ല.