ലാറ്റിൻ അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരത്തിൽ ബൊളീവിയയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്തു ബ്രസീൽ. ജയത്തോടെ യോഗ്യത റൗണ്ടിൽ 17 മത്സരങ്ങളിൽ 45 പോയിന്റുകൾ എന്ന റെക്കോർഡ് കുറിച്ച കാനറികൾ ഒന്നാമത് ആയാണ് ഖത്തർ ലോകകപ്പിന് എത്തുക. ബൊളീവിയക്ക് ഒരവസരവും നൽകാൻ ഇല്ലാത്ത പ്രകടനം ആണ് നെയ്മറിന്റെ അഭാവത്തിലും ബ്രസീൽ പുറത്ത് എടുത്തത്. റിച്ചാർലിസൻ ഇരട്ട ഗോളുകൾ നേടിയ മത്സരത്തിൽ ബ്രൂണോ ഗുയിമാരസ്, ലൂകാസ് പക്വറ്റ എന്നിവർ ആണ് മറ്റു ഗോളുകൾ ബ്രസീലിനു ആയി നേടിയത്.
മനോഹരമായിരുന്നു ആദ്യ ഗോൾ, ബ്രൂണോയുടെ പാസിൽ നിന്നു ആദ്യ പകുതിയിൽ 24 മത്തെ മിനിറ്റിൽ പക്വറ്റ ബ്രസീലിന്റെ ആദ്യ ഗോൾ കണ്ടത്തി. ആദ്യ പകുതിയുടെ അവസാന നിമിഷം വീണു കിട്ടിയ അവസരം മുതലാക്കിയ റിച്ചാർലിസൻ ബ്രസീൽ മുൻതൂക്കം ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ 66 മത്തെ മിനിറ്റിൽ പക്വറ്റയുടെ ക്രോസിൽ നിന്നു അതിമനോഹരമായ വോളിയിലൂടെ ബ്രൂണോ ബ്രസീലിന്റെ വലിയ ജയം ഉറപ്പിച്ചു. ബ്രസീലിനു ആയി ന്യൂകാസ്റ്റിൽ താരത്തിന്റെ ആദ്യ ഗോൾ ആയിരുന്നു ഇത്. ഇഞ്ച്വറി സമയത്ത് 91 മത്തെ മിനിറ്റിൽ ബ്രൂണോയുടെ ഷോട്ടിൽ നിന്നു വന്ന റീ ബൗണ്ട് ലക്ഷ്യം കണ്ട റിച്ചാർലിസൻ ബ്രസീലിന്റെ വലിയ ജയം പൂർത്തിയാക്കുക ആയിരുന്നു. ഖത്തറിലേക്ക് തങ്ങൾ ഒരുങ്ങി തന്നെയാണ് എന്ന സൂചനയാണ് ബ്രസീൽ ഈ പ്രകടനങ്ങൾ കൊണ്ടു നൽകുന്നത്.