യൂറോപ്പിലെ ലോകകപ്പ് യോഗ്യത മത്സരത്തിൽ ലോക ജേതാക്കൾ ആയ ഫ്രാൻസിനെ സമനിലയിൽ തളച്ചു ബോസ്നിയ ഹെർസഗോവിന. 1-1 നു ആണ് ബോസ്നിയ ഫ്രാൻസിന് എതിരെ സമനില പിടിച്ചത്. മത്സരത്തിന്റെ ഗതിക്ക് വിരുദ്ധമായി നിരവധി അവസരങ്ങൾ തുറന്ന ഫ്രാൻസിന് എതിരെ ഏഡൻ ജെക്കോ ആണ് ബോസ്നിയക്ക് ആദ്യ ഗോൾ സമ്മാനിക്കുന്നത്. ഫ്രാൻസ് പ്രതിരോധത്തിലെ വീഴ്ച മുതലെടുത്ത ജെക്കോ 37 മിനിറ്റിൽ അതുഗ്രൻ ഇടൻ കാലൻ അടിയിലൂടെ ബോസ്നിയക്ക് ലീഡ് സമ്മാനിച്ചു. രാജ്യത്തിനു ആയി താരത്തിന്റെ 60 ഗോൾ ആയിരുന്നു ഇത്. എന്നാൽ വെറും മൂന്നു മിനിറ്റിനുള്ളിൽ ബോസ്നിയയുടെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത അന്റോണിയോ ഗ്രീസ്മാൻ ഫ്രാൻസിന് സമനില ഗോൾ സമ്മാനിച്ചു.
രണ്ടാം പകുതിയിൽ 52 മിനിറ്റിൽ ഫ്രാൻസിന് വലിയ തിരിച്ചടിയായി സെവിയ്യ താരം ജൂൾസ് കൗണ്ടെ ചുവപ്പ് കാർഡ് കണ്ടു പുറത്തായി. കൊലാസിനാച്ചിനു എതിരായ ഫൗളിന് റഫറി വാർ മുഖേനയാണ് ആണ് താരത്തിന് ചുവപ്പ് കാർഡ് നൽകിയത്. 10 പേരായി ചുരുങ്ങിയ ഫ്രാൻസ് പിന്നീട് വലിയ അപകടം ഇല്ലാതെ മത്സരം പൂർത്തിയാക്കുക ആയിരുന്നു. ലോകകപ്പ് യോഗ്യതയിൽ മറ്റ് മത്സരങ്ങളിൽ റഷ്യ ക്രൊയേഷ്യ മത്സരം ഗോൾ രഹിതമായി അവസാനിച്ചപ്പോൾ സ്ലൊവേനിയ സ്ലൊവാക്യ മത്സരം 1-1 നു സമനിലയിൽ അവസാനിച്ചു. അതേസമയം തുർക്കി മോണ്ടനഗ്രയോട് 2-2 നു സമനില വഴങ്ങി. 2 ഗോളിന് മുന്നിൽ നിന്ന ശേഷമാണ് തുർക്കി സമനില വഴങ്ങിയത്.