വെയ്ൻ റൂണി ഫുട്ബോളിൽ നിന്ന് വിരമിച്ചു എന്ന പ്രഖ്യാപനം ഇന്നലെ വന്നപ്പോൾ ഫുട്ബോൾ ലോകത്തു നിന്നു വലിയ പ്രതികരണങ്ങൾ വന്നു എങ്കിലും റൂണി ഇതിലേറെ നല്ല വിടവാങ്ങൽ അർഹിച്ചിരുന്നു എന്ന് ഫുട്ബോൾ ആരാധകൻ എന്ന നിലയിൽ തോന്നുകയാണ്. ഇംഗ്ലണ്ട് താരങ്ങൾ എന്നും ഓവർ റേറ്റ് ചെയ്യെപ്പെടുന്നു എന്ന പഴി പണ്ടു മുതലേ ഫുട്ബോൾ ലോകത്ത് ഉണ്ടായിരുന്നു. എന്നാൽ റൂണിയുടെ കാര്യത്തിൽ നേരെ തിരിച്ചാണ് കാര്യം. വെയ്ൻ റൂണി അണ്ടർ റേറ്റഡ് ആണ് എന്നതാണ് സത്യം.
ഇംഗ്ലണ്ട് ഫുട്ബോളിന് നൽകിയ എക്കാലത്തെയും മികച്ച താരങ്ങളെ എടുത്താൽ അതിന്റെ മുൻ നിരയിൽ നിൽക്കേണ്ട ഒരാളാണ് റൂണി. മെസ്സിയും റൊണാൾഡോയും ഫുട്ബോൾ ലോകം ഭരിച്ച കാലത്ത് ആയതുകൊണ്ട് മാത്രം ആകാം റൂണിക്ക് അർഹിച്ച ബഹുമാനം ഫുട്ബോൾ ലോകത്ത് ലഭിക്കാതെ പോയത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും ഇംഗ്ലണ്ടിന്റെയും എക്കാലത്തെയും മികച്ച ഗോൾ സ്കോറർ എന്നതിന് അപ്പുറം ആണ് റൂണി എന്ന ഫുട്ബോൾ താരത്തിന്റെ വ്യാപ്തി.
തൊട്ടാവാടികളയി നിറഞ്ഞ മോഡേൺ ഫുട്ബോളിൽ ഒന്നിനെയും ഭയക്കാതെ കളത്തിൽ ഇറങ്ങിയ ഒരു താരം. ഹൃദയം കൊണ്ട് ഫുട്ബോൾ കളിക്കുക എന്താണെന്ന് വെച്ചാൽ അത് റൂണി കളിക്കുന്നതാണ് എന്ന് പറയാം. 100 ശതമാനം ആത്മാർത്ഥത ഇല്ലാത്ത ഒരു റൂണിയെ ഒരു നിമിഷം പോലും കളത്തിൽ കാണാൻ ആകുമായിരുന്നില്ല.
മാഞ്ചസ്റ്റർ യുണൈറ്റഡും സിറ്റിയും ഒരേ പോയിന്റുമായി ഒപ്പത്തിനൊപ്പം കിരീട പോരാട്ടത്തിൽ നിന്ന സീസണിൽ വെസ്റ്റ് ബ്രോമിനെതിരായ ഒരു മത്സരത്തിൽ ആങ്കിൾ ഇഞ്ച്വറിയേറ്റ റൂണിയെ ഓർക്കുന്നുണ്ടാകും. പരിക്കേറ്റ് രണ്ടു കാലിൽ നിൽക്കാൻ കഴിയാതിരുന്ന റൂണിയെ കളത്തിന് പുറത്തേക്ക് കൊണ്ടു പോകാൻ മെഡിക്കൽ ടീം ആവശ്യപ്പെട്ടിട്ടും ആ ഒടിഞ്ഞ കാലുമായി റൂണി വീണ്ടും കളത്തിലേക്ക് വന്നു. അവസാന അഞ്ചു മിനുട്ട് ആ വിജയം ഉറപ്പിക്കാൻ വേണ്ടി ഗ്രൗണ്ടിൽ ഒറ്റക്കാലിൽ മുടന്തി കൊണ്ട് റൂണി കളിച്ചത്, ടീം ആണ് റൂണിക്ക് എന്തിനേക്കാളും മുകളിൽ എന്ന് വ്യക്തമാക്കുന്നതായിരുന്നു.
തുടയിൽ വലിയ മുറിവുമായി കളിച്ച റൂണിയേയും മുഖത്ത് ചോരയുമായി കളിക്കുന്ന റൂണിയുമൊക്കെ ഫുട്ബോൾ ആരാധകർക്ക് സാധാരണ കാഴ്ചയായത് റൂണിയുടെ വീര്യത്തെ കാണിക്കുന്നു. മാധ്യമങ്ങൾ ഒക്കെ റൂണിയുടെ സ്വകാര്യ നിമിഷത്തിൽ നടന്ന ഒരു നോക്കൗട്ട് വീഡിയോ വെച്ച് ആഘോഷം നടത്തിയതിന് പകരമായി കളത്തിൽ ഗോളടിച്ച് നോക്കൗട്ട് സെലിബ്രേഷൻ നടത്തിയ റൂണിയും, 19ആം ലീഗ് കിരീടം നേടിയപ്പോൾ നെഞ്ചത്തെ രോമം കൊണ്ട് 19 എന്ന് എഴുതി ലിവർപൂൾ ആരാധകരുടെ രോഷം ഇളക്കിവിട്ട റൂണിയും എന്ന് തുടങ്ങി ഫുട്ബോൾ ആരാധകർക്ക് റൂണി നൽകിയ രസകരമായ നിമിഷങ്ങൾക്ക് കണക്കില്ല.
സർ അലക്സ് ഫെർഗൂസനെ ചോദ്യം ചെയ്യാൻ ആരും ഭയന്നിരുന്ന കാലത്ത് ടീമിന് മികച്ച സ്ക്വാഡ് ഇല്ല എന്നും ടീം മെച്ചപ്പെടുത്തിയില്ല എങ്കിൽ ഇവിടെ തുടരില്ല എന്ന് പറഞ്ഞ് പരസ്യ പ്രസ്താവന നടത്തിയതും റൂണി മാത്രമായിരുന്നു. അന്ന് റൂണിയെ എല്ലാവരും എതിർത്തു എങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ക്വാഡിന് ശക്തി ഒട്ടും ഇല്ലായിരുന്നു എന്നും എല്ലാം സർ അലക്സ് മാജിക്ക് മാത്രമായിരുന്നു എന്നും ഫെർഗൂസൻ ക്ലബ് വിട്ടതിനു പിന്നാലെ എല്ലാവർക്കും മനസ്സിലായി.
പന്ത് കിട്ടാൻ കാത്ത് പെനാൾട്ടി ബോക്സിൽ നിക്കുന്ന സ്ട്രൈക്കർ ആയിരുന്നില്ല റൂണി ഒരിക്കലും. ടീമിനു വേണ്ടി ഡിഫൻഡ് ചെയ്യാനും ഏതു പൊസിഷനിൽ ഇറങ്ങാനും റൂണി തയ്യാറായിരുന്നു. റൂണി സ്വാർത്ഥനായ ഒരു കളിക്കാരൻ ആയിരുന്നു എങ്കിൽ ഇതിലേറെ ഗോളുകളുൻ റെക്കോർഡുകൾ റൂണി സ്വന്തമാക്കിയേനെ. പഴയ റൊണാൾഡോ റൂണി കൂട്ടുകെട്ടിലെ റൂണിയെ ആർക്കാണ് മറക്കാൻ ആവുക. റൊണാൾഡോ അന്ന് കയ്യടികൾ നേടി എങ്കിലും അന്നൊക്കെ ആരാധകരുടെ പ്രിയ താരം റൂണി ആയിരുന്നു. അത്രയ്ക്കായിരുന്നു ആ യുവതാരത്തിന്റെ കളത്തിലെ വർക്ക് റേറ്റ്.
റൂണി ചെറു പ്രായത്തിൽ തന്നെ ഫുട്ബോൾ ലോകത്തിന്റെ അമരത്ത് എത്തിയിരുന്നു. വളരെ അധികം ഫുട്ബോൾ ചെറിയ പ്രായത്തിൽ കളിക്കേണ്ടി വന്നതാകാം മൈക്കിൾ ഓവന് ഒക്കെ സംഭവിച്ചത് പോലെ മുപ്പതിന്റെ തുടക്കത്തിൽ തന്നെ പ്രൈം കഴിയുന്നത് റൂണിയിലും കാണാൻ ആയി. എവർട്ടണിലെ രണ്ടാം വരവിലും ഡി സി യുണൈറ്റഡിലും ഒക്കെ പഴയ റൂണിയുടെ ടച്ച് കാണാൻ ആയെങ്കിലും റൂണി ഇതിലുമേറെ കാലം ഫുട്ബോളിന്റെ അമരത്ത് തന്നെ ഉണ്ടായിരുന്നു എങ്കിൽ എന്ന് ഫുട്ബോൾ ലോകത്തോടൊപ്പം ആഗ്രഹിച്ചു പോകുന്നു. റൂണിയുടെ ഒപ്പം തന്നെ ഉണ്ടായിരുന്ന റൊണാൾഡോയും മെസ്സിയും ഒക്കെ ഇപ്പോഴും ഫുട്ബോൾ തലപ്പത്ത് നിൽക്കുമ്പോഴും റൂണി വിരമിച്ചു പരിശീലക രംഗത്തേക്ക് മാറുന്നു എന്നത് പഴയ റൂണിയെ കണ്ടവർക്ക് ഉൾക്കൊള്ളാൻ ബുദ്ധിമുട്ട് തന്നെയാകും. റൂണിയെ പോലെ ഹൃദയം കൊണ്ടു ഫുട്ബോൾ കളിക്കുന്നവരെ ആണ് ഫുട്ബോളിന് വേണ്ടത്. റൂണി എന്ന പരിശീലകന് അത്തരം കളിക്കാരെ വാർത്തെടുക്കാൻ കഴിയുമെന്ന പ്രതീക്ഷ മാത്രമാണ് ഇനി കയ്യിൽ ഉള്ളത്.