വാട്സണ്‍ ഇനി ബിഗ് ബാഷില്‍ കളിയ്ക്കില്ല

Sports Correspondent

തന്റെ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിയ്ക്കുന്നതിനായി ബിഗ് ബാഷിന്റെ അടുത്ത സീസണില്‍ കളിയ്ക്കേണ്ടതില്ലെന്ന് തീരുമാനിച്ച് ഷെയിന്‍ വാട്സണ്‍. 37 വയസ്സുകാരന്‍ വാട്സണ്‍ 2016ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം സിഡ്നി തണ്ടറിനു വേണ്ടി കളിച്ച് വരികയായിരുന്നുവെങ്കിലും ഇനി താരം ക്ലബിനു വേണ്ടി അഞ്ചാം തവണ കളത്തിലിറങ്ങില്ലെന്ന് വ്യക്തമാക്കി. നിലവില്‍ ടീമിന്റെ നായകന്‍ കൂടിയായിരുന്നു ഷെയിന്‍ വാട്സണ്‍.

ബിഗ് ബാഷില്‍ 1058 റണ്‍സും 20 വിക്കറ്റുമാണ് താരം 42 മത്സരങ്ങളില്‍ നിന്ന് സ്വന്തമാക്കിയത്. അതേ സമയം ലോകത്തെ മറ്റു ടി20 ടൂര്‍ണ്ണമെന്റുകളില്‍ ഷെയിന്‍ വാട്സണ്‍ സജീവമായി തന്നെ പങ്കെടുക്കുമെന്നാണ് അറിയുന്നത്. ഓസ്ട്രേലിയയിലെ വേനല്‍ക്കാല അവധി സമയത്ത് നടക്കുന്ന ബിഗ് ബാഷ് ടൂര്‍ണ്ണമെന്റിന്റെ സമയത്ത് കുടുംബത്തോടൊപ്പം ചെലവഴിയ്ക്കുവാനുള്ള അവസരം നഷ്ടമാകുന്നുവെന്നതാണ് വാട്സണ്‍ എടുത്ത തീരുമാനത്തിനു പിന്നിലുള്ള കാരണം.