തന്റെ ഏറ്റവും പ്രിയപ്പെട്ട ക്യാപ്റ്റന്മാരാണ് റിക്കി പോണ്ടിംഗും ഷെയിന്‍ വോണുമാണെന്ന് ഓസ്ട്രേലിയന്‍ മുന്‍ ഓള്‍റൗണ്ടര്‍ ഷെയിന്‍ വാട്സണ്‍. ഓസ്ട്രേലിയയ്ക്കായി പതിനൊന്നായിരത്തിലധികം റണ്‍സും 291 വിക്കറ്റും നേടിയിട്ടുള്ള മുന്‍ നിര ഓള്‍റൗണ്ടറാണ് ഷെയിന്‍ വാട്സണ്‍. 307 അന്താരാഷ്ട്ര മത്സരങ്ങള്‍ താരം കളിക്കുകയും ചെയ്തു.
ഇന്ത്യയ്ക്കെതിരെ 2016 ടി20 ലോകകപ്പില്‍ മൊഹാലിയില്‍ നടന്ന മത്സരത്തിന് ശേഷമാണ് വാട്സണ്‍ തന്റെ വിരമിക്കല്‍ തീരുമാനം അറിയിച്ചത്. റിക്കി പോണ്ടിംഗും ഷെയിന്‍ വോണുമാണ് തന്റെ പ്രിയ താരങ്ങള്‍. ഇരുവരും ബുദ്ധിപരമായി ഏറെ മുന്നിലായിരുന്നു കൂടാതെ ലോകോത്തര താരങ്ങളുമായിരുന്നുവെന്ന് ഓസ്ട്രേലിയന്‍ മാധ്യമത്തോട് സംസാരിക്കവേ താരം പറഞ്ഞു.
വളരെ ഏറെ വിശ്വാസവും പിന്തുണയും തന്ന ഒരു ക്യാപ്റ്റനായിരുന്നു പോണ്ടിംഗ് എന്ന് വാട്സണ്‍ വ്യക്തമാക്കി. താന്‍ സ്വയം വിശ്വസിച്ചതിലും അധികം റിക്കി പോണ്ടിംഗ് തന്നെ വിശ്വസിച്ചിരുന്നുവെന്ന് താരം വ്യക്തമാക്കി. അതേ സമയം ഷെയിന്‍ വോണ്‍ അവിസ്മരണീയമായ ക്യാപ്റ്റന്‍സിയാണ് രാജസ്ഥാന്‍ റോയല്‍സില്‍ കാഴ്ചവെച്ചതെന്ന് വാട്സണ്‍ പറഞ്ഞു.
രാജസ്ഥാനില്‍ നാല് സീസണ്‍ ഞാന്‍ വോണിന് കീഴെ കളിച്ചു. അവിടെ ആദ്യ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ വീഴ്ത്തി കിരീടം നേടുവാനും ഞങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. ഫീല്‍ഡിലും ഓഫ് ഫീല്‍ഡിലും മാനേജ്മെന്റിന് അനുയോജ്യനായ ക്യാപ്റ്റനായിരുന്നു വോണ്‍. ആളുകളെ പ്രോത്സാഹിപ്പിച്ച് അവരിലെ കഴിവുകള്‍ പുറത്തെടുക്കുന്നതില്‍ ഏറെ മുന്നില്‍ നിന്നിരുന്നു വോണെന്നും വാട്സണ്‍ പറഞ്ഞു.