തന്റെ വിട വാങ്ങൽ ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡലും ആയി വിട പറഞ്ഞു അമേരിക്കയുടെ ഇതിഹാസ താരം ആലിസൻ ഫീലിക്‌സ്. 4×400 മീറ്റർ റിലെയിൽ ആണ് ഫീലിക്‌സ് ഉൾപ്പെട്ട ടീം വെങ്കല മെഡൽ നേടിയത്. സ്വന്തം മണ്ണിൽ ഫീലിക്‌സ് സ്വർണവും ആയി വിടപറയുന്നത് കാണാൻ ആയിരങ്ങൾ ആണ് സ്റ്റേഡിയത്തിൽ എത്തിയത്. ആദ്യ ലാപ്പിൽ അമേരിക്ക തന്നെ ആയിരുന്നു ഒന്നാമത് എത്തിയത്. രണ്ടാം ലാപ്പിൽ ഓടിയ ഫീലിക്‌സ് മികവ് നിലനിർത്തിയെങ്കിലും രണ്ടാമത് ആയാണ് ബാറ്റൺ കൈമാറിയത്.
ഫീലിക്‌സ് ഓടുന്ന സമയത്ത് ഒക്കെ കാണികൾ താരത്തിന് ആയി ആർത്തു വിളിക്കുക ആയിരുന്നു. മൂന്നാം ലാപ്പിലും അമേരിക്ക ഒന്നാമത് ആയെങ്കിലും അവസാന ലാപ്പിലെ അവസാന നിമിഷങ്ങളിൽ ഡൊമനികൻ റിപ്പബ്ലിക്, ഹോളണ്ട് എന്നീ ടീമുകൾ അമേരിക്കൻ ടീമിനെ മറികടക്കുക ആയിരുന്നു. 3.09.82 മിനിറ്റു എന്ന സമയം ഡൊമനികൻ റിപ്പബ്ലിക് കുറിച്ചപ്പോൾ ഡച്ച് ടീം 3.09.90 മിനിറ്റിൽ ആണ് റേസ് പൂർത്തിയാക്കിയത്. അതേസമയം 3.10.16 മിനിറ്റിനുള്ളിൽ ആണ് അമേരിക്കൻ ടീം റേസ് പൂർത്തിയാക്കിയത്. സ്വർണം നേടി കരിയറിന് വിട പറയാൻ ആയില്ല എങ്കിലും 20 വർഷം നീണ്ട ഐതിഹാസ കരിയറിൽ 36 കാരിയായ ഫീലിക്‌സ് നേടിയ നേട്ടങ്ങൾ അവിശ്വസനീയം തന്നെയാണ്. 11 ഒളിമ്പിക് മെഡലുകളും 19 ലോക ചാമ്പ്യൻഷിപ് മെഡലുകളും ആയി ഫീലിക്‌സ് വിടപറയുന്നത് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടിയ വനിത അത്ലറ്റ് ആയാണ്.