റൊണാൾഡോയെ തടയാൻ ഡി ലൈറ്റ്- വാൻ ഡെയ്ക് സഖ്യത്തിനാകും- കൂമാൻ

Sports Correspondent

നേഷൻസ് ലീഗ് ഫൈനലിൽ റൊണാൾഡോയെ തടയാൻ ഡച് സെന്റർ ബാക്ക് സഖ്യമായ ഡി ലൈറ്റിനും വാൻ ഡെയ്ക് എന്നിർക്കാകും എന്ന് ഹോളണ്ട് പരിശീലകൻ റൊണാൾഡ്‌ കൂമാൻ. പോർട്ടോയിലെ സ്വന്തം കാണികൾക്ക് മുൻപിൽ റൊണാൾഡോ നയിക്കുന്ന ആക്രമണ നിരയെ തടയാനായാൽ മാത്രമേ ഹോളണ്ടിന് പ്രഥമ നേഷൻസ് ലീഗ് കിരീടം ഉയർത്താനാകൂ.

ഇംഗ്ലണ്ടിന് എതിരായ സെമി ഫൈനലിൽ ഏതാനും പിഴവുകൾ നടത്തിയെങ്കിലും ഡി ലൈറ്റ് ഫൈനലിൽ റൊണാൾഡോയെ തടയും എന്ന പ്രത്യാശയാണ് കൂമാൻ പ്രകടിപ്പിച്ചത്. മുൻപ് സൗഹൃദ മത്സരത്തിൽ താരം റൊണാൾഡോയെ വളരെ നന്നായി നേരിട്ട അനുഭവവും കൂമാൻ എടുത്ത് കാട്ടി. അതേ സമയം ബാലൻ ഡി ഓർ വരെ ലഭിക്കാൻ സാധ്യതയുണ്ട് എന്ന് ഫുട്‌ബോൾ പണ്ഡിതർ വിശേഷിപ്പിക്കുന്ന വിർജിൽ വാൻ ഡെയ്ക് റൊണാഡോയെ തടയാൻ എന്താകും കരുതി വച്ചിരിക്കുക എന്നതും ഇന്നത്തെ ഫൈനലിന് ആകാംക്ഷ വർധിപ്പിക്കുന്ന ഘടകമാണ്.

സെമി ഫൈനലിൽ ഹാട്രിക്ക് നേടി കിടിലം ഫോമിലുള്ള റൊണാൾഡോയെ തടയുക എന്നത് ഡച് സഖ്യത്തിന് അത്ര എളുപ്പമാക്കില്ല എന്നുറപ്പാണ്. എങ്കിലും ചാമ്പ്യൻസ് ലീഗിൽ യുവന്റസ്- അയാക്‌സ് പോരാട്ടത്തിൽ റൊണാൾഡോയെ പിടിച്ചുകെട്ടാൻ കഴിഞ്ഞ ആത്മവിശ്വാസത്തിലാകും ഡി ലൈറ്റ് ഇറങ്ങുക.