ഡ്യൂറണ്ട് കപ്പിൽ ഗോകുലം കേരള എഫ് സിയുടെ എതിരാളികൾ ആവുന്ന മോഹൻ ബഗാനായിരിക്കും. ഇന്ന് രാത്രി നടന്ന രണ്ടാം സെമി ഫൈനലിൽ റിയൽ കാശ്മീരിനെ തോൽപ്പിച്ചാണ് മോഹൻ ബഗാൻ ഫൈനലിലേക്ക് കടന്നത്. ഏക്സ്ട്രാ ടൈം വരെ നീണ്ടു നിന്ന പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളികൾക്കായിരുന്നു മോഹൻ ബഗാന്റെ വിജയം. എക്സ്ട്രാ ടൈമിൽ ഇരട്ട ഗോളുകൾ നേടിക്കൊണ്ട് മലയാളി താരം സുഹൈർ ആണ് ബഗാന്റെ ഹീറോ ആയത്.
കളിയുടെ 42ആം മിനുട്ടിൽ ചമാരോയിലൂടെ മോഹൻ ബഗാൻ ലീഡ് എടുത്തതായിരുന്നു. ആ ലീഡ് കളിയുടെ അവസാന നിമിഷം വരെ ബഗാൻ നിലനിർത്തി. പക്ഷേ ഫൈനൽ വിസിലിനു തൊട്ടു മുമ്പ് ക്രിസോയുടെ ഹെഡറിലൂടെ റിയൽ കാശ്മീർ സമനില പിടിച്ചു. കളി അതോടെ എക്സ്ട്രാ ടൈമിലേക്ക് നീണ്ടു എക്സ്ട്രാ ടൈമിൽ മുൻ ഗോകുലം കേരള എഫ് സി താരമായ വി പി സുഹൈർ സ്റ്റാറാവുകയായിരുന്നു.
92ആം മിനുട്ടിലും 120ആം മിനുട്ടിലുമായിരുന്നു ബഗാന്റെ വിജയം ഉറപ്പിച്ച സുഹൈറിന്റെ ഗോളുകൾ. കഴിഞ്ഞ മാസമാണ് ഗോകുലം വിട്ട് സുഹൈർ ബഗാനിൽ എത്തിയത്. ഫൈനലിൽ ഗോകുലം കേരള എഫ് സിയെ ആകും ഇനി സുഹൈറും ബഗാനും നേരിടേണ്ടി വരിക. നേരത്തെ ഈസ്റ്റ് ബംഗാളിനെ സെമിയിൽ തോൽപ്പിച്ചായിരുന്നു ഗോകുലത്തിന്റെ ഫൈനൽ പ്രവേശനം.