ജപ്പാനിൽ ഇന്ന് നടന്നത് ഫുട്ബോൾ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു പെനാൾട്ടി ഷൂട്ടൗട്ട്. ജപ്പാനിലെ സൂപ്പർ കപ്പ് ഫൈനലിൽ ഇനിയേസ്റ്റയുടെ ടീമായ വിസെൽ കോബെയും യൊകൊഹൊമയും ആയിരുന്നു ഏറ്റുമുട്ടിയത്. ആവേശകരമായ മത്സരത്തിൽ രണ്ട് തവണ പിറകിൽ പോയിട്ടും തിരിച്ചടിച്ച് മത്സരം നിശ്ചിത സമയത്ത് 3-3 എന്നാക്കാൻ ലീഗ് ചാമ്പ്യന്മാരായ യൊകൊഹൊമയ്ക്ക് ആയി. നിശ്ചിത സമയത്തിന് മുമ്പ് തന്നെ സംഭവ ബഹുലമായിരുന്ന മത്സരം പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയപ്പോൾ പകരം വെക്കാനില്ലാത്ത നാടകീയതയിലേക്ക് എത്തി.
ആദ്യ രണ്ട് പെനാൾട്ടികളും ഇരു ടീമുകളും വലയിൽ എത്തിച്ചു. ഇനിയേസ്റ്റയും പെനാൾട്ടി തുടക്കത്തിൽ തന്നെ ലക്ഷ്യത്തിൽ എത്തിച്ചിരുന്നു. പിന്നീടാണ് പെനാൾട്ടി നഷ്ടമാകാൻ തുടങ്ങിയത്. രണ്ട് ടീമുകളും കൂടെ തുടർച്ചയായി 9 പെനാൾട്ടികൾ നഷ്ടപ്പെടുത്തി. അവസാനം പത്താമത്തെ പെനാൾട്ടി വിസെൽ കോബെ ലക്ഷ്യത്തിൽ എത്തിച്ചു. പെനാൾട്ടി ഷൂട്ടൗട്ട് 3-2ന് വിജയിച്ച് ഇനിയേസ്റ്റയുടെ ടീം കിരീടം ഉയർത്തി.