ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങൾ നേടിയ റെക്കോർഡ് ഇനി വിരാട് കോഹ്‌ലിക്ക് സ്വന്തം. വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റ് വിജയിച്ചതോടെയാണ് കോഹ്‌ലി ധോണിയുടെ ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങൾ നേടിയ ഇന്ത്യൻ ക്യാപ്റ്റൻ എന്ന റെക്കോർഡ് സ്വന്തമാക്കിയത്. വെസ്റ്റിൻഡീസിനെതിരായ ഇന്ത്യയുടെ ജയം കോഹ്‌ലിയുടെ കീഴിൽ ഇന്ത്യ നേടുന്ന 28 മത്തെ ടെസ്റ്റ് വിജയമായിരുന്നു. 27 ടെസ്റ്റ് മത്സരങ്ങൾ ഇന്ത്യൻ ക്യാപ്റ്റനായി ജയിച്ച ധോണിയുടെ റെക്കോർഡാണ് വിരാട് കോഹ്‌ലി മറികടന്നത്.
58.33 വിജയ ശതമാനത്തോടെയാണ് കോഹ്‌ലി ധോണിയെ മറികടന്നത്. ഇന്ത്യൻ ക്യാപ്റ്റന്മാരിൽ ഏറ്റവും കൂടുതൽ വിജയ ശതമാനം ഉള്ള ക്യാപ്റ്റനും വിരാട് കോഹ്‌ലി തന്നെയാണ്. 48 ടെസ്റ്റ് മത്സരങ്ങളിൽ നിന്നാണ് കോഹ്‌ലി 28 ജയങ്ങൾ സ്വന്തമാക്കിയത്. 10 ടെസ്റ്റ് മത്സരങ്ങൾ കോഹ്‌ലിക്ക് കീഴിൽ തോൽക്കുകയും 10 മത്സരങ്ങൾ സമനിലയിൽ അവസാനിക്കുകയും ചെയ്തു. മഹേന്ദ്ര സിങ് ധോനിയാവട്ടെ 60 മത്സരങ്ങളിൽ നിന്നാണ് 27 ജയങ്ങൾ സ്വന്തമാക്കിയത്. 18 മത്സരങ്ങൾ തോൽക്കുകയും 15 മത്സരങ്ങൾ സമനിലയിൽ കലാശിക്കുകയും ചെയ്തു.
വിദേശത്ത് ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങൾ നേടിയ ക്യാപ്റ്റൻ എന്ന റെക്കോർഡും വിരാട് കോഹ്‌ലിക്കാണ്. വിദേശത്തു 27 മത്സരങ്ങളിൽ നിന്ന് 13 മത്സരങ്ങൾ കോഹ്‌ലി ജയിച്ചിട്ടുണ്ട്. 28 മത്സരങ്ങളിൽ നിന്ന് 11 മത്സരങ്ങൾ ജയിച്ച സൗരവ് ഗാംഗുലിയാണ് ഈ പട്ടികയിൽ രണ്ടാമൻ. 2014ൽ ധോണി ടെസ്റ്റിൽ നിന്ന് വിരമിച്ചതിന് ശേഷമാണ് കോഹ്‌ലി ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി നിയമിക്കപെട്ടത്.