2019ന് ശേഷം ഒരു അന്താരാഷ്ട്ര ശതകം നേടുവാന്‍ കോഹ്‍ലിയ്ക്ക് സാധിക്കാതെ പോയപ്പോള്‍ ആരാധകരിൽ ബഹുഭൂരിഭാഗവും വിമര്‍ശകരായി മാറുന്ന കാഴ്ചയാണ് ക്രിക്കറ്റ് ലോകത്ത് കണ്ടത്. എന്നാൽ ഏഷ്യ കപ്പിലെ നിരാശയ്ക്കിടയിലും ഇന്ത്യയ്ക്ക് കോഹ്‍ലിയുടെ കാര്യത്തിൽ സന്തോഷം ആയി മാറുന്ന കാഴ്ചയാണ് ഇന്ന് ദുബായിയിൽ കണ്ടത്.
61 പന്തിൽ 122 റൺസ് നേടിയ കോഹ്‍ലി ലോകകപ്പിന് മുമ്പ് ഫോമിലേക്ക് മടങ്ങിയെത്തിയത് വലിയ നേട്ടമായി വേണം ഇന്ത്യ കാണുവാന്‍. ഇന്ത്യയ്ക്ക് ലോകകപ്പിൽ കോഹ്‍ലിയെ ഓപ്പണിംഗിൽ പരീക്ഷിക്കുവാനുമുള്ള പ്രഛോദനമായി താരത്തിന്റെ ഈ 71ാം അന്താരാഷ്ട്ര ശതകം സഹായിക്കുമെന്നാണ് കരുതുന്നത്.
രോഹിത് ശര്‍മ്മയുടെ അഭാവത്തിൽ രാഹുലിനൊപ്പം ഓപ്പണിംഗിലേക്ക് കോഹ്‍ലി എത്തിയപ്പോള്‍ താരം 12 ബൗണ്ടറിയും 6 സിക്സുകളുമാണ് ഇന്ന് തന്റെ മിന്നും ഇന്നിംഗ്സിൽ നേടിയത്.
കോഹ്‍ലിയുടെ മികവിൽ ഈ ഏഷ്യ കപ്പിലെ തന്നെ ആദ്യ 200ലധികമുള്ള സ്കോറാണ് ഇന്ത്യ നേടിയത്. പാക്കിസ്ഥാനെതിരെ ഗ്രൂപ്പ് ഘട്ടത്തിൽ 35 റൺസും ഹോങ്കോംഗിനെതിരെ പുറത്താകാതെ 59 റൺസും പാക്കിസ്ഥാനെതിരെ സൂപ്പര്‍ 4ൽ 60 റൺസും നേടിയ കോഹ്ലി ശ്രീലങ്കയ്ക്കെതിരെ പൂജ്യത്തിന് പുറത്താകുകയായിരുന്നു. എന്നാൽ അഫ്ഗാനിസ്ഥാനെതിരെ ശക്തമായ പ്രകടനം കോഹ്‍ലി പുറത്തെടക്കുകയായിരുന്നു.