നെയ്മറിന് പകരം ആരാകും, പ്രമുഖരെ പിന്തള്ളി വിനിഷ്യസിന് സാധ്യത

Sports Correspondent

കോപ്പ അമേരിക്കക്ക് മുൻപായി പരിക്കേറ്റ നെയ്മറിന് പകരക്കാരനായി ആരാകും ബ്രസീൽ ടീമിലേക്ക് എത്തുക എന്നതിനെ കുറിച്ച് ചർച്ചകൾ സജീവമായി. സീനിയർ താരങ്ങളായ ഡഗ്ളസ് കോസ്റ്റ, വില്ലിയൻ, ലൂക്കാസ് മോറ എന്നിവരെ പിന്തള്ളി റയൽ മാഡ്രിഡ് താരം വിനിഷ്യസ് ജൂനിയർ ടീമിലേക്ക് എത്തിയേക്കും എന്നാണ് ബ്രസീലിൽ നിന്നുള്ള റിപ്പോർട്ടുകൾ.

ആരാകും എന്നതിനെ കുറിച്ച് ടിറ്റെ ഇതുവരെ സൂചനകൾ ഒന്നും നൽകിയിട്ടില്ല. റയൽ മാഡ്രിഡിൽ കഴിഞ്ഞ സീസണിൽ ബേധപെട്ട പ്രകടനമാണ് 18 വയസുകാരനായ വിനിഷ്യസ് നടത്തിയത്. 2018/2019 സീസണിൽ 31 തവണ റയൽ മാഡ്രിഡിനായി കളിച്ച വിനിഷ്യസ് 3 ഗോളുകളും 12 അസിസ്റ്റുകളും നേടി. എങ്കിലും സ്പർസിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ വരെ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ലൂക്കാസ് മോറയെ തഴഞ്ഞത് നേരത്തെ തന്നെ വിവാദമായ സാഹചര്യത്തിൽ ടിറ്റെയുടെ തീരുമാനം ബ്രസീലിൽ നിർണായക പ്രതികരണങ്ങൾ ഉണ്ടാക്കും എന്നുറപ്പാണ്.