ബ്രസീൽ ടീമിൽ പരിഗണിക്കാത്തതിന്റെ വിഷമം ഇന്ന് ലാലിഗയിൽ ഇരട്ട ഗോളുകളുമായി തീർത്തിരിക്കുകയാണ് റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയർ. ഇന്ന് എൽചെയെ എവേ മത്സരത്തിൽ നേരിട്ട റയൽ മാഡ്രിഡ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയിച്ചപ്പോൾ രണ്ടു ഗോളുകളും നേടിയത് വിനീഷ്യസ് ആയിരുന്നു. 22ആം മിനുട്ടിൽ ആയിരുന്നു വിനീഷ്യസിന്റെ ആദ്യ ഗോൾ. ഡിയസിന്റെ പാസ് സ്വീകരിച്ച് ഇടം കാലു കൊണ്ട് ഒരു ഗ്രൗണ്ടർ ഷോട്ടിലൂടെ വിനീഷ്യസ് ഗോൾ കീപ്പറെ കീഴ്പ്പെടുത്തി.
രണ്ടാം പകുതിയിൽ 63ആം മിനുട്ടിൽ ഗുടി ചുവപ്പ് വാങ്ങിയത് എൽചെയെ തളർത്തി. 73ആം മിനുട്ടിൽ വിനീഷ്യസ് തന്റെ രണ്ടാം ഗോൾ നേടി റയലിന്റെ ലീഡ് ഇരട്ടിയാക്കി. ഇത്തവണ മോഡ്രിചിന്റെ പാസ് സ്വീകരിച്ച് മുന്നേറിയ വിനീഷ്യസ് ലോകനിലവാരമുള്ള ഒരു ചിപ്പിലൂടെ ഗോൾ കീപ്പറെ മറികടന്ന് വലയിൽ എത്തിച്ചു. ഇത് ഈ സീസണിൽ മൂന്നാം തവണയാണ് വിനീഷ്യസ് ഒരു കളിയിൽ ഇരട്ട ഗോളുകൾ അടിക്കുന്നത്.
അവസാന മിനുട്ടുകളിൽ കസമേറോയുടെ ഒരു അബദ്ധം കാരണം റയൽ ഒരു ഗോൾ വഴങ്ങി. മില്ലയാണ് എൽചെക്ക് ആയി ഗോൾ നേടിയത്. എങ്കിലും റയലിന് മൂന്ന് പോയിന്റ് ഉറപ്പിക്കാൻ ആയി. ഈ വിജയം റയലിനെ 24 പോയിന്റുമായി ഒന്നാം സ്ഥാനത്ത് നിർത്തുകയാണ്. എൽചെ 15ആം സ്ഥാനത്താണ് ഉള്ളത്.













