യുവേഫ ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് ഡി പോരാട്ടത്തിൽ റയൽ മാഡ്രിഡ് ഷക്തറിനെ പരാജയപ്പെടുത്തി. മാഡ്രിഡിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡിന്റെ വിജയം. വിനീഷ്യസും ബെൻസീമയും ചേർന്നുള്ള അറ്റാക്കിങ് കൂട്ടുകെട്ടാണ് റയലിന് ഇന്ന് വിജയം നൽകിയത്. ആദ്യ പകുതിയിൽ 14ആം മിനുട്ടിൽ ആയിരുന്നു ആദ്യ ഗോൾ. ശക്തർ ഡിഫൻസിന്റെ കയ്യിൽ നിന്ന് പെനാൾട്ടി ബോക്സിൽ നിന്ന് പന്ത് തട്ടിയെടുത്ത വിനീഷ്യസ് ബെൻസീമയ്ക്ക് ഒരു സിറ്റർ ഒരുക്കുക ആയിരുന്നു. ബെൻസീമ ലക്ഷ്യം തെറ്റാതെ വലയിൽ പന്ത് എത്തിച്ചു.
ഈ ഗോളിന് 39ആം മിനുട്ടിൽ മറുപടി നൽകി കൊണ്ട് ശക്തർ അവരുടെ അറ്റാക്കിംഗ് നീക്കങ്ങൾക്ക് ഒരു ഫലം കാണിച്ചു കൊടുത്തു. അലൻ പാട്രിക്ക് ചെസ്റ്റ് കൊണ്ട് നൽകിയ പന്ത് ഒരു അക്രൊബാറ്റിക്ക് ഷോട്ടിലൂടെ ഫെർണാണ്ടോ ആണ് വലയിൽ എത്തിച്ചത്. ഇതോടെ കളി 1-1 എന്ന രീതിയിൽ ആദ്യ പകുതിക്ക് പിരിഞ്ഞു.
രണ്ടാം പകുതിയിൽ വീണ്ടും വിനീഷ്യസ് ബെൻസീമ സഖ്യം ഒന്നിച്ചു. 61ആം മിനുട്ടിൽ ആദ്യ കസമെറോയോട് ചേർന്ന് വൺ ടച്ച് മൂവ് നടത്തിയ വിനഷ്യസ് പന്ത് ബെൻസീമക്ക് നൽകി അദ്ദേഹം അത് വലയിലേക്കും എത്തിച്ചു. ബെൻസീമയുടെ ചാമ്പ്യൻസ് ലീഗിലെ 75ആം ഗോളായിരുന്നു ഇത്.
ഈ വിജയത്തോടെ 9 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുകയാണ് റയൽ മാഡ്രിഡ്. നാലു മത്സരങ്ങളിൽ ഒരു ജയം പോലും ഇല്ലാത്ത ഷക്തർ ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ്.