ഏഷ്യൻ ഗെയിംസിലെ സ്വർണത്തിലൂടെ പുതിയൊരു ഇതിഹാസം രചിക്കുകയായിരുന്നു വിനേഷ് പോഗട്ട്. ഏഷ്യയിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിൽ ഗുസ്തിയിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി മാറി വിനേഷ് പോഗട്ട്. 50 കിലോ വിഭാഗത്തിൽ ജപ്പാന്റെ യൂക്കി ഇറിയെ പരാജയപ്പെടുത്തിയാണ് ഈ സുവർണ നേട്ടം വിനേഷ് പോഗട്ട് സ്വന്തമാക്കിയത്. തുടർച്ചയായ രണ്ടു ഏഷ്യൻ ഗെയിംസുകളിൽ മെഡൽ സ്വന്തമാക്കുന്ന ഏക വനിതാ താരമെന്ന റെക്കോർഡും വിനേഷ് പോഗട്ട് സ്വന്തം പേരിലാക്കി.
ഗ്ലാസ്ഗോയിലും ഗോൾഡ് കോസ്റ്റിലെ കോമ്മൺവെൽത്ത് ഗെയിംസിലും സ്വർണം നേടിയ വിനേഷ് പോഗട്ട് തന്നെയായിരുന്നു 50 കിലോ വിഭാഗത്തിൽ സ്വർണം നേടുമെന്ന് വിലയിരുത്തപ്പെട്ടത്. പോഗട്ടിനു എതിരാളിയായി ലോകം വിലയിരുത്തിയ ജാപ്പനീസ് താരത്തെ തന്നെയാണ് 4-2 എന്ന സ്കോറിനു ഫൈനലിൽ വിനേഷ് പോഗട്ട് പരാജയപ്പെട്ടുത്തിയത്. ദങ്കൽ സിനിമയിലൂടെ ഇന്ത്യയിലെ ആരാധകർക്ക് സുപരിചിതനായ പോഗട്ട് ഫാമിലിയിൽ നിന്നാണ് വിനേഷ് പോഗട്ടിന്റെ വരവ്.
പകരം വീട്ടാനായുള്ള രണ്ടു വർഷത്തിലേറെയായിട്ടുള്ള കാത്തിരുപ്പിന് അവസാനം കുറിച്ചാണ് വിനേഷ് പോഗട്ട് ഏഷ്യൻ ഗെയിംസിൽ ജയിച്ച് തുടങ്ങിയത്. റിയോ ഒളിംപിക്സിൽ ചൈനീസ് താരം യനാണ് സണുമായിട്ടുള്ള മത്സരത്തിൽ പരിക്കേറ്റ് കലങ്ങിയ കണ്ണുകളുമായാണ് വിനേഷ് പോഗട്ട് ഒളിംപിക്സിൽ നിന്നും പിൻവാങ്ങിയത്. ഏഷ്യൻ ഗെയിംസിൽ 8-2 എന്ന സ്കോറിന് സണ്ണിനെ പരാജയപ്പെടുത്തി വിനേഷ് പോഗട്ട് തുടങ്ങി. സ്വപ്ന തുല്യമാണ് ഹരിയാനയിൽ നിന്നുമുള്ള 23 കാരിയായ യുവതാരത്തിന്റെ നേട്ടം.